Skip to main content

നോട്ടുനിരോധനത്തിന്റെ ബാധയെ ചെപ്പിലടച്ചൂവെന്ന് മോദി സർക്കാർ ആശ്വസിച്ച് ഇരിക്കുകയായിരുന്നു സുപ്രിംകോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചതോടെ പെട്ടെന്നൊന്നും ആ ബാധ ഒഴിയില്ലെന്ന് വ്യക്തമായി

ആറ് വർഷം കഴിഞ്ഞ് നോട്ടുനിരോധനത്തിന്റെ പോസ്റ്റുമോർട്ടം നടത്തുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് തീരുമാനിച്ചിരിക്കുകയാണ്. ഇത്ര പഴകിയ ഒരു ശവം തോണ്ടിയെടുത്ത് പരിശോധിച്ചിട്ട് ഒരു കാര്യവുമില്ലായെന്നാണ് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചത്. ഇത്രയും നാൾ കഴിഞ്ഞുള്ള ഈ പരിശോധന വെറും അക്കാദമിക് അഭ്യാസവും, സമയം വൃഥാ ചെലവാക്കലും മാത്രമായിരിക്കും എന്നായിരുന്നു അവരുടെ വാദം.

സത്യം പറഞ്ഞാൽ നോട്ടുനിരോധനത്തിന് ഒരു ന്യായവും സർക്കാരിനു പറയാനില്ല. ഇതൊരു ഹിമാലയൻ വിഡ്ഢിത്തമായിരുന്നു. സാമ്പത്തിക വിദഗ്ദരോടൊന്നും ചർച്ച ചെയ്യാതെ ആർഎസ്എസിന്റെ ഏതോ മണ്ടൻ ബുദ്ധികേന്ദ്രത്തിന്റെ ഉപദേശം നടപ്പാക്കുകയായിരുന്നു മോദി ചെയ്തത്. 2016 നവംബർ 8-ന് രാത്രി 8 മണിക്കാണ് ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്. കള്ളപ്പണ വേട്ടയായിരുന്നു ലക്ഷ്യം. നവംബർ 7-നാണ് റിസർവ്വ് ബാങ്കിന് ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ കത്ത് നൽകുന്നത്. റിസർവ്വ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ സ്വതന്ത്ര അംഗങ്ങളിൽ പലരുടെയും അസാന്നിദ്ധ്യത്തിലാണ് അംഗീകാരം നൽകിയത്. ക്യാബിനറ്റ് പോലും പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ് യോഗം ചേർന്ന് അംഗീകരിച്ചത്. എത്രയോ സുപ്രധാനമായ തീരുമാനമെടുത്ത ഈ നടപടിക്രമങ്ങളാകെ സുപ്രിംകോടതി പരിശോധിക്കാൻ പോവുകയാണ്. ഇതു സംബന്ധിച്ച് അഫിഡവിറ്റുകൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും റിസർവ്വ് ബാങ്കിനോടും ആവശ്യപ്പെട്ടു.

1946-ലും 1978-ലും 10000, 5000 രൂപയുടെ നോട്ടുകൾ നിരോധിച്ച അനുഭവം ഉള്ളതുകൊണ്ട് കോൺഗ്രസിൽ നിന്നും തുടക്കത്തിൽ വലിയ എതിർപ്പൊന്നും ഉണ്ടായില്ല. നടപടിയെ എതിർത്താൽ കള്ളപ്പണക്കാർക്ക് ഒപ്പമാണെന്ന് ആക്ഷേപിക്കപ്പെടുമോയെന്ന ശങ്കയിൽ വിദഗ്ദർപോലും മൗനം ദീക്ഷിച്ചു.

പ്രഖ്യാപനംവന്ന അതേ രാത്രി 9 മണിക്ക് എന്റെ മന്ത്രി ഓഫീസിൽ പത്രസമ്മേളനം നടത്തി ഈ മണ്ടത്തരത്തെ നിശിതമായി വിമർശിച്ചു. ഇത് ഇന്ത്യൻ സമ്പദ്ഘടനയെ തകർക്കും എന്നായിരുന്നു എന്റെ നിലപാട്. പിറ്റേന്ന് നിയമസഭയിൽ ധനമന്ത്രി ഇത്തരത്തിൽ ആളുകളെ ഭയപ്പെടുത്തരുതെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപദേശിച്ചത്. ഔപചാരികമായ ഒരു പ്രസ്താവന നടത്തുന്നത് നന്നാകുമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടതിനെ തുടർന്ന് വിശദമായ ഒരു പ്രസ്താവന സഭയുടെ മേശപ്പുറത്ത് വച്ചു. ആ രേഖയിൽ പറഞ്ഞതെല്ലാം തന്നെ ഏറെക്കുറേ യാഥാർത്ഥ്യമായി മാറി. തുടർന്നുള്ള ദിവസങ്ങളിൽ വിമർശനങ്ങൾ പരക്കെ ഉയർന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പൊറുതിമുട്ടിയ ജനങ്ങളും പ്രതിഷേധിച്ചു തുടങ്ങി. നിൽക്കക്കള്ളിയില്ലാതെ പ്രധാനമന്ത്രി എത്രവട്ടം ഗോൾ പോസ്റ്റുകൾ മാറ്റി വെല്ലുവിളി നടത്തേണ്ടിവന്നൂവെന്ന് ഒന്ന് ഓർത്തുനോക്കൂ.

ഒട്ടനവധി പേർ കോടതിയെ സമീപിച്ചു. സുപ്രിംകോടതിയാവട്ടെ ആ ഘട്ടത്തിൽ ഇടപെടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. പക്ഷേ, പല ഹൈക്കോടതികളിലും കേസ് ഫയലിൽ സ്വീകരിച്ചതോടെ സുപ്രിംകോടതി പരസ്പരവിരുദ്ധ വിധികൾ ഒഴിവാക്കുന്നതിനു കേസ് മുഴുവൻ ഏറ്റെടുത്തു. 2016 ഡിസംബർ 16-ന് മൂന്നംഗ ബഞ്ച് ഈ കേസുകൾ ഭരണഘടനാ ബഞ്ചിലേക്ക് റഫർ ചെയ്തു. ഉത്തരം കാണേണ്ട ഒൻപത് ചോദ്യങ്ങളും ഈ റഫറൻസിൽ ഉണ്ടായിരുന്നു.

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇന്ത്യാ സർക്കാരിന് ഇത്തരമൊരു എക്സിക്യുട്ടീവ് ഓർഡറിലൂടെ നോട്ടുനിരോധിക്കാനുള്ള അധികാരം ഉണ്ടോയെന്നതായിരുന്നു. മുൻപ് രണ്ട് പ്രാവശ്യവും പാർലമെന്റിൽ നിയമം പാസ്സാക്കിയാണ് വലിയ നോട്ടുകൾ പിൻവലിച്ചത്. അവയാവട്ടെ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളുടെ വളരെ ചെറിയ ശതമാനമേ വരുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചപ്പോൾ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 86 ശതമാനം പിൻവലിക്കപ്പെട്ടു. സാങ്കേതികമായി ഇതു ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശം ഉണ്ടെങ്കിൽപ്പോലും ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണോ എന്നതും പരിശോധനാ വിഷയങ്ങളിൽപ്പെടും. സിപിഐ എം കോടതിയിൽ ഭരണഘടനയുടെ 32-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയൽ ചെയ്തിരുന്നു. ഇതും ഒൻപത് പരിശോധനാ വിഷയങ്ങളിൽ ഉൾപ്പെടും.

പി. ചിദംബരവും ദിവാനും വളരെ ഫലപ്രദമായ പ്രതിരോധമാണ് ഉയർത്തിയതെന്ന് ലൈവ് ലോയിലെ റിപ്പോർട്ടിൽ നിന്നു വ്യക്തമാണ്. ഇതു കേവലം അക്കാദമിക് എക്സർസൈസ് അല്ല. ഭാവിയിൽ ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ഇത്ര വൈകിയ വേളയിൽലാണെങ്കിൽക്കൂടിയും സുപ്രിംകോടതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് പി. ചിദംബരം വാദിച്ചു. ഇത് കോടതിയെ സ്വാധീനിച്ചുവെന്നുവേണം പറയാൻ. നയപരമായ തീരുമാനങ്ങൾക്കുള്ള സർക്കാരിന്റെ അവകാശത്തിനുള്ള ലക്ഷ്മണരേഖയെക്കുറിച്ച് അറിയാമെങ്കിലും വിശദമായ പരിശോധന അർഹിക്കുന്ന ഒന്നാണ് ഈ കേസ് എന്നായിരുന്നു സുപ്രിംകോടതിയുടെ നിലപാട്. നവംബർ 9-ന് കേസ് വച്ചിരിക്കുകയാണ്. എന്തു ന്യായീകരണമാണ് നോട്ടുനിരോധനത്തിന് കേന്ദ്ര സർക്കാരിനും ആർബിഐക്കും പറയാനുള്ളതെന്ന് അന്ന് അറിയാം.

നോട്ടുനിരോധനത്തിന്റെ ബാധയെ ചെപ്പിലടച്ചൂവെന്ന് മോദി സർക്കാർ ആശ്വസിച്ച് ഇരിക്കുകയായിരുന്നു. സുപ്രിംകോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചതോടെ പെട്ടെന്നൊന്നും ആ ബാധ ഒഴിയില്ലെന്ന് വ്യക്തമായി.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.