Skip to main content

ജനുവരി 30, ഗാന്ധിവധത്തിന്റെ മുക്കാൽ നൂറ്റാണ്ട്

ദശാബ്‌ദങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യ ബ്രിട്ടീഷ്‌ കൊളോണിയൽ നുകത്തിൽനിന്ന്‌ സ്വതന്ത്രമായത്‌ 1947 ആഗസ്‌ത്‌ പതിനഞ്ചിനാണ്‌. ആറുമാസത്തിനകം രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയെ ഹിന്ദുത്വവാദികൾ വധിച്ചു. ആർഎസ്‌എസിലൂടെ ഹിന്ദുമഹാസഭയിൽ എത്തിയ ഹിന്ദുരാഷ്ട്രവാദി നാഥുറാം വിനായക്‌ ഗോഡ്‌സെ ആയിരുന്നു കൊലയാളി. മുസ്ലിങ്ങൾക്കുവേണ്ടി ഗാന്ധിജി നടത്തിയ നിരാഹാരസമരമാണ്‌ അദ്ദേഹത്തെ വധിക്കാൻ പ്രേരണയായത്‌ എന്നാണ്‌ ഗോഡ്‌സെ പറഞ്ഞിട്ടുള്ളത്‌.

പാകിസ്ഥാന്‌ ഇന്ത്യ കുടിശ്ശികയായി നൽകാനുള്ള 55 കോടി രൂപ ഉടൻ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ 1948 ജനുവരി പതിമൂന്നിനാണ്‌ ഗാന്ധിജി നിരാഹാരസമരം ആരംഭിക്കുന്നത്‌. ലക്ഷ്യംകണ്ട ഗാന്ധിജി ജനുവരി 18ന്‌ നിരാഹാരസമരം അവസാനിപ്പിക്കുകയും ചെയ്‌തു. തുടർന്ന്‌ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ അദ്ദേഹം വധിക്കപ്പെട്ടു. 1948 ജനുവരി 30ന്‌ ഡൽഹിയിലെ ബിർളാ ഹൗസിൽ പ്രാർഥനയ്‌ക്കായി അൽപ്പം വൈകിയെത്തിയ ഗാന്ധിജിയെ കുശലാന്വേഷണത്തോടെ വണങ്ങിയ ഗോഡ്‌സെ, ആ മെലിഞ്ഞുണങ്ങിയ എഴുപത്തൊമ്പതുകാരന്റെ നെഞ്ചിലേക്ക്‌ മൂന്ന്‌ ബുള്ളറ്റ്‌ പായിച്ചു. വൈകിട്ട്‌ 5.12ന്‌ ആയിരുന്നു ആക്രമണം. അഞ്ച്‌ വധശ്രമത്തിൽനിന്ന്‌ രക്ഷപ്പെട്ട ഗാന്ധിജിക്ക്‌ ആറാമത്തെ ആസൂത്രിതമായ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാനായില്ല.

ജവാഹർലാൽ നെഹ്‌റുവിന്റെ വാക്കുകളിൽ ‘ഇന്ത്യക്കാരന്റെ ജീവിതത്തിൽനിന്നും പ്രകാശം പോയിമറഞ്ഞു. എല്ലായിടത്തും ഇരുട്ടുപരന്നു.’ നെഹ്‌റു പറഞ്ഞത്‌ അക്ഷരാർഥത്തിൽ ശരിയാണെന്ന്‌ ഇന്നത്തെ ഇന്ത്യ ബോധ്യപ്പെടുത്തുന്നു. മതാന്ധതയുടെ, വിദ്വേഷത്തിന്റെ, അസഹിഷ്‌ണുതയുടെ ഇന്നത്തെ ഇന്ത്യ പ്രതിഫലിപ്പിക്കുന്നത്‌ നെഹ്‌റുവിന്റെ നിരീക്ഷണം ശരിവയ്‌ക്കുന്നതാണ്‌.

‘എന്റെ ജീവിതമാണ്‌ എന്റെ സന്ദേശ’മെന്ന്‌ പറഞ്ഞ ഗാന്ധിജിയെ നിശ്ശബ്ദമാക്കിയത്‌ ആർഎസ്‌എസ്‌ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയമാണ്‌ എന്നതിൽ തർക്കമില്ല. ‘സ്വേച്ഛാധിപത്യ വീക്ഷണമുള്ള വർഗീയസംഘടനയാണ്‌’ ആർഎസ്‌എസ്‌ എന്ന്‌ വിലയിരുത്തിയത്‌ ഗാന്ധിജി തന്നെയാണ്‌. അതിനാൽ ഗാന്ധിജിയുടെ വധം കേവലം ഒരു വ്യക്തിയുടെ വധമായി ചുരുക്കിക്കാണാനാകുന്നതല്ല. ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റു മതസ്ഥരും സൗഹാർദത്തോടെ ജീവിക്കണമെന്ന ഗാന്ധിജിയുടെ സന്ദേശത്തെയാണ്‌ അദ്ദേഹത്തിന്റെ കൊലയാളികൾ ലക്ഷ്യമിട്ടത്‌. അതിനുപിന്നിൽ വ്യക്തമായ പ്രത്യയശാസ്‌ത്ര പരിസരമുണ്ടെന്ന്‌ അർഥം. മതനിരപേക്ഷതയുടെ, ബഹുസ്വരതയുടെ, ഏറ്റവും താഴെത്തട്ടിലുള്ളവരെപ്പോലും ഉൾക്കൊള്ളുന്നതിന്റെ രാഷ്ട്രീയമാണ്‌ ഗാന്ധിജി പ്രതിനിധാനംചെയ്‌തിരുന്നത്‌. ആ മഹാത്മാവിന്റെ വധത്തിലൂടെ ഇരുട്ടിന്റെ ശക്തികൾ ഇവിടെ വിളയിക്കാൻ നോക്കുന്നത്‌ നേർവിപരീതങ്ങളാണ്‌. സ്വാതന്ത്ര്യസമരത്തിൽ അബദ്ധത്തിൽപ്പോലും പങ്കെടുക്കാത്തവരാണ്‌ ആർഎസ്‌എസുകാർ എന്നുകൂടി ഓർക്കണം.

സ്വാതന്ത്ര്യസമരത്തിലൂടെ ഇന്ത്യ എന്ന ആശയം അഥവാ ഇന്ത്യ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിച്ച നേതാവായിരുന്നു ഗാന്ധിജി. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഇന്ത്യയെ കീഴ്‌പ്പെടുത്തിയത്‌ നാം ഭിന്നിച്ചുനിന്നതിനാൽ ആണെന്നും അതിനാൽ അവരെ തോൽപ്പിക്കാൻ രാജ്യത്തിലെ ജനങ്ങളെ ഒരു ചരടിൽ കോർക്കണമെന്നും ഗാന്ധിജി മനസ്സിലാക്കിയിരുന്നു. നിസ്സഹകരണ സമരവും ഖിലാഫത്തും സിവിൽ നിയമലംഘന പ്രസ്ഥാനവും വഴിയാണ്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒരു ജനകീയ പ്രസ്ഥാനമായി ഗാന്ധിജി മാറ്റിയത്‌. ‘പാവങ്ങളെ സംരക്ഷിക്കുകയാണ്‌ എന്റെ മതം.

രാമനാമോച്ചാരണം അതിനു തടസ്സമായി വരുന്ന കാലംവന്നാൽ ഞാൻ രാമനാമം ഉപേക്ഷിക്കുകയേയുള്ളൂ’ എന്നുപറഞ്ഞ ഗാന്ധിജിയെ വധിച്ചതിലൂടെ ഈ ദേശീയ ഭാവനയാണ്‌ കൊലയാളികൾ തകർത്ത്‌ എറിയാൻ ശ്രമിച്ചത്‌. അയോധ്യയിലെ ബാബ്റി മസ്‌ജിദ്‌ തകർത്തതും ഗുജറാത്തിൽ വംശഹത്യ നടത്തിയതും കന്ദമലിലും മുസഫർ നഗറിലും വർഗീയ ലഹളയ്‌ക്ക്‌ നേതൃത്വം നൽകിയതും ഹിന്ദുത്വ രാഷ്ട്രവാദത്തിന്‌ ആക്കംകൂട്ടാനായിരുന്നു. പശു സംരക്ഷണവും ലവ്‌ ജിഹാദും ലാൻഡ്‌ ജിഹാദും ആൾക്കൂട്ടക്കൊലകളും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമവുമെല്ലാംതന്നെ ഒരേ ലക്ഷ്യംവച്ചുള്ളതാണ്‌. ഗാന്ധിജി വിഭാവനംചെയ്‌ത മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക്‌ പകരം ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യംവച്ച്‌.

ആർഎസ്‌എസ്‌ രൂപീകരണത്തിന്റെ 100-ാം വാർഷികം ആഘോഷിക്കാനിരിക്കുന്ന 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താനാണ്‌ ആർഎസ്‌എസും സംഘപരിവാറും ലക്ഷ്യമിടുന്നത്‌. അതിനാൽ ജനുവരി 30 ഒരു രക്തസാക്ഷിത്വത്തിന്റെ ആചരണം മാത്രമല്ല, വർഗീയ സ്വേച്ഛാധിപത്യശക്തികളെ പരാജയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യംകൂടിയാണ്‌ നമ്മെ ഓർമപ്പെടുത്തുന്നത്‌. ആ ലക്ഷ്യം നേടാൻ സ്വാതന്ത്ര്യസമരകാലത്ത്‌ എന്നതുപോലെ ജാതി, മത, വർഗ വ്യത്യാസമില്ലാതെ നമുക്ക്‌ കൈകോർക്കാം.

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.