Skip to main content

ഉച്ചഭക്ഷണ പാചക തൊഴിലാളികളോട് മുഖം തിരിച്ച് കേന്ദ്രം


 

സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം. കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള ഓണറേറിയത്തിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കുമോ എന്നതായിരുന്നു സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യം. കേരളസർക്കാർ ഏതാനും വർഷങ്ങൾക്കിടയിൽ പലതവണ വർദ്ധനവ് വരുത്തിയിട്ടും കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഓണറേറിയം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് സ. ജോൺ ബ്രിട്ടാസ് എംപി ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.

എന്നാൽ ഇത് സംബന്ധിച്ച് നിലവിലുള്ള പദ്ധതി മാർഗ്ഗരേഖ പ്രകാരം പ്രതിമാസം 1,000 രൂപ എന്ന നിരക്കിൽ വർഷത്തിൽ 10 മാസം ഓണറേറിയം നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്ന ചട്ടം ആവർത്തിച്ചതല്ലാതെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പോലും കേന്ദ്രം തയ്യാറായില്ല. ഇതിൽ നിന്നും ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയത്തിലെ കേന്ദ്രവിഹിതം വർദ്ധിപ്പിക്കുന്നതിന് അനുകൂല നിലപാടല്ല എന്ന് മനസ്സിലാക്കാവുന്നതാണ്.

കേന്ദ്ര പദ്ധതി വ്യവസ്ഥകൾ പ്രകാരം 1,000 രൂപയാണ് തൊഴിലാളികൾക്കുള്ള പ്രതിമാസ ഓണറേറിയമായി നിശ്ചയിച്ചിരുന്നത്. ഇതിൽ 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം ഒരു മാസം 23 അദ്ധ്യയന ദിവസങ്ങൾ ഉണ്ടെങ്കിൽ കേന്ദ്രത്തിന്റെ വകയായി പ്രതിദിനം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 26 രൂപ മാത്രമാണ്.

ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചു തവണ സംസ്ഥാന വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തി. 2016ൽ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിദിന ഓണറേറിയം 350 രൂപയായിരുന്നത് അഞ്ചു തവണത്തെ വേതന പരിഷ്കരണത്തിലൂടെ 2022 മുതൽ 600 രൂപ ആക്കി ഉയർത്തിയിട്ടുണ്ട്. ഇതുകൂടാതെ സ്കൂളുകളിൽ150 കുട്ടികൾക്ക് മുകളിലുണ്ടെങ്കിൽ ഒരു ദിവസം ഒരു കുട്ടിക്ക് ഇരുപത്തിയഞ്ച് പൈസ എന്ന നിലയിൽ പ്രതിദിനം പരമാവധി 75 രൂപ വരെ അധികമായും സംസ്ഥാനം നൽകുന്നുണ്ട്. ഈ രീതിയിൽ കണക്കാക്കുകയാണെങ്കിൽ ഒരു മാസം 23 അദ്ധ്യയന ദിവസങ്ങളുണ്ടെങ്കിൽ 13,800 മുതൽ 15,525 രൂപ വരെയാണ് ഇപ്പോൾ പ്രതിമാസ ഓണറേറിയമായി സംസ്ഥാനത്ത് ലഭിക്കുക.

ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രവിഹിതം പ്രതിമാസം വെറും 600 രൂപയാണ് എന്നതിന്റെ ദയനീയാവസ്ഥ വെളിപ്പെടുന്നത്. ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത 600 രൂപ എന്ന പ്രതിമാസ കേന്ദ്ര വിഹിതം അടിയന്തരമായി വർദ്ധിപ്പിക്കണം എന്ന ആവശ്യം ഉയരുമ്പോഴും നിഷേധാത്മകമായ നിലപാടാണ് കേന്ദ്രം തുടരുന്നത്

 

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.