Skip to main content

നവകേരളമെന്ന ലക്ഷ്യത്തിലേക്ക് നമുക്കൊന്നിച്ച് മുന്നേറാനുള്ള കരുത്താണ് നവകേരള സദസ്സിലൂടെ സർക്കാർ കൈവരിച്ചത്

നവകേരളം സൃഷ്ടിക്കായുള്ള വികസന കാഴ്ചപ്പാടുകളും ചിന്തകളുമാണ് നവകേരള സദസ്സിലൂടെ സംസ്ഥാന മന്ത്രിസഭ ജനങ്ങളുമായി പങ്കുവച്ചത്. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, കേന്ദ്രസർക്കാർ കേരളത്തോട് എടുക്കുന്ന സമീപനങ്ങൾ, അവർ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം, വികസന വിരോധം, കേരള മോഡൽ വികസനത്തിന്റെ ഭാവിസാധ്യതകൾ, ഇതെല്ലാമാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളോട് വ്യക്തമാക്കിയത്.

ഈ സാഹചര്യത്തിലും നാടിന്റെ വികസനത്തിനായി ഒന്നിച്ചു നിൽക്കാത്ത യുഡിഎഫിന്റെ നിലപാടുകളും സദസ്സിൽ തുറന്നുകാട്ടി. എല്ലാ പരിമിതികൾക്കിടയിലും എൽഡിഎഫ് സർക്കാർ ഏഴര വർഷമായി നടപ്പാക്കുന്ന നൂതന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഇതിനൊപ്പം വിശദമാക്കി.

പാർലമെന്ററി ജനാധിപത്യ പ്രയോഗത്തിൽ ചരിത്രസംഭവമാണ് നവകേരള സദസ്സ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ, എല്ലാ മന്ത്രിമാരുമൊന്നിച്ച് അവരെ കാണാനും കേൾക്കാനും വരുന്നു. അതുകൊണ്ടുതന്നെ പുത്തനൊരു അനുഭവമായിരുന്നു. 2023 നവംബർ 18 മുതൽ 36 ദിവസത്തെ തുടർച്ചയായ പര്യടനമാണ് തീരുമാനിച്ചതെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ഡിസംബർ ഒമ്പതിന് നിശ്ചയിച്ച എറണാകുളം ജില്ലയിലെ തൃക്കാക്കര, കുന്നത്തുനാട്, തൃപ്പൂണിത്തുറ, പിറവം മണ്ഡല സദസ്സുകൾ ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് പൂർത്തിയാക്കിയത്.

എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു സദസ്സും യാത്രയും. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു വാഹനത്തിൽ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നു. നവകേരള നിർമിതി സംബന്ധിച്ച് അവരുമായി സംസാരിക്കുന്നു. കാൽ നൂറ്റാണ്ട് മുൻകൂട്ടി കണ്ടുള്ള കേരള മോഡൽ വികസനത്തിന് നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നു. അവരുടെ നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്നു. നാടിന്റെ വികസനത്തിന് രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് മുന്നോട്ട് പോകാമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. ഓരോ സദസ്സിലെയും ജനപങ്കാളിത്തം പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും എടുത്തു പറയേണ്ടതാണ്. ഇതിനിടെ പലയിടത്തുമുണ്ടായ പ്രതിഷേധങ്ങളും സദസ്സിനെ കൂടുതൽ ശ്രദ്ധേയമാക്കി. തിരുവനന്തപുരം ജില്ലയിൽ സദസ്സ് എത്തിയതോടെ കലാപമുണ്ടാക്കി സദസ്സിനെ നിർവീര്യമാക്കാനും കോൺഗ്രസും ബിജെപിയും മത്സരിച്ച് ശ്രമിച്ചു.

ക്യാബിനറ്റ് യോഗമില്ലാത്ത ദിവസങ്ങളിൽ പ്രഭാതയോഗത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനികളും സാഹിത്യ നായകരും കലാ-കായിക താരങ്ങളും വിവിധ മത, സാമുദായിക നേതാക്കളും കർഷകരും തൊഴിലാളികളും തദ്ദേശീയ ജനതയുടെ പ്രതിനിധികളുമെത്തി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. എതിർപ്പ് ഉയർത്തിയ പ്രതിപക്ഷത്തുനിന്നുപോലും സദസ്സിന്റെ പ്രാധാന്യം മനസ്സിലാക്കി പല നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. കക്ഷി രാഷ്ട്രീയ, ജാതിമത ചിന്തകൾക്കതീതമായി കേരളത്തിലെ ജനങ്ങളെ നവകേരള സൃഷ്ടിക്കായി ഒന്നിച്ചണിനിരത്തുകയായിരുന്നു സദസ്സിന്റെ ലക്ഷ്യം. അത് ഉൾക്കൊണ്ടുതന്നെ എല്ലാവർക്കും പുത്തൻ അനുഭവമായ സദസ്സ് കേരള ജനത ഹൃദയത്തിലേറ്റെടുത്തു.

ഓരോ സദസ്സിലും തടിച്ചുകൂടിയവർക്കു പുറമെ പാതയോരങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ കാത്തുനിന്നിരുന്നു. 140 നിയോജക മണ്ഡലത്തിലും സദസ്സ് പൂർത്തിയായപ്പോൾ ഏതാണ്ട് 35 ലക്ഷത്തോളം ജനങ്ങളുമായി നേരിട്ട് സംവദിക്കാനായി. സമൂഹ - വാർത്താമാധ്യമങ്ങളിലും മറ്റുമായി ഒന്നര കോടിയിലധികം ജനങ്ങളിലേക്കും നവകേരള സന്ദേശമെത്തിച്ചു. മൂന്നരക്കോടി മലയാളികളിൽ 50 ശതമാനത്തെയും പലവിധത്തിൽ അഭിസംബോധന ചെയ്യാനായി എന്നത് നവകേരള സദസ്സ് കൈവരിച്ച പ്രധാന നേട്ടങ്ങളിലൊന്നാണ്.

6,33,286 പരാതിയാണ് സദസ്സിൽ ആകെ ലഭിച്ചത്. ജില്ലാതലങ്ങളിൽ തീർപ്പാക്കാവുന്നതിലെല്ലാം ഇതിനകം നടപടി സ്വീകരിച്ചു. മറ്റു പരാതികൾ പരിശോധിച്ച് സമയബന്ധിതമായി തീർപ്പാക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഓരോ ജില്ലയ്ക്കുമായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. സദസ്സിലുയർന്ന ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം സർക്കാരിനെ കൂടുതൽ കർമനിരതരാക്കുകയാണ്. നവകേരളമെന്ന ലക്ഷ്യത്തിലേക്ക് നമുക്കൊന്നിച്ച് മുന്നേറാനുള്ള കരുത്താണ് നവകേരള സദസ്സിലൂടെ സർക്കാർ കൈവരിച്ചത്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.