Skip to main content

ഇഡിയുടെ രാഷ്ട്രീയക്കളി നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കും

കിഫ്ബി മസാലാ ബോണ്ട് കേസിൽ ഈഡിയ്ക്കു മുന്നിൽ ഹാജരാകാൻ അവസാന അവസരം നൽകിയിരുന്നത് ഇന്നലെയാണ്. എന്തായാലും കേരള ഹൈക്കോടതി അതു മാറ്റി വെച്ചിട്ടുണ്ട്. അങ്ങനെ ഇത്തവണത്തെ അന്ത്യശാസനം പോയി.

റിസർവ് ബാങ്ക് അനുമതിയോടെ വാങ്ങിയതാണ് മസാലബോണ്ട്. അതിന്റെ പണം എന്തിനു ചെലവിട്ടു എന്നത് വാങ്ങിയ സമയം മുതൽ ഈ വായ്പ പൂർണ്ണമായും തിരിച്ചടച്ച ഇക്കഴിഞ്ഞ മാർച്ച് മാസം വരെ മാസം തോറും ഓഡിറ്റ് ചെയ്ത കണക്കുകൾ റിസർവ് ബാങ്കിന് കൊടുത്തിട്ടുണ്ട്, ഇതിന്റെ വിനിയോഗത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നു അവർ പറഞ്ഞോ? ഇല്ല എന്നു മാത്രമല്ല, അവർ അനുമതി തന്നു എന്നും കണക്കു കിട്ടുന്നുണ്ട് എന്നും കോടതിയിൽ സത്യവാങ്മൂലം കൊടുത്തു. കിഫ്ബി മാത്രമല്ല മസാല ബോണ്ട് വഴി പണം സമാഹരിച്ചത്. കേന്ദ്ര സർക്കാർ ഏജൻസികൾ അടക്കം മറ്റു പലരും മസാലാബോണ്ട് ഇറക്കിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ കോടതതി തന്നെ ചോദിച്ചു, മസാലാബോണ്ട് ഇറക്കിയ മറ്റ് ഏജൻസികൾക്കെതിരെ അന്വേഷണം എന്തെങ്കിലും ഇഡി നടത്തുന്നുണ്ടോ എന്ന്. ഇതേ വരെ കമാന്നു മിണ്ടിയിട്ടില്ല.

ആദ്യ ഘട്ടത്തിൽ തന്ന സമൻസുകൾ ഞാൻ ചോദ്യം ചെയ്തു. തർക്കങ്ങൾക്കൊടുവിൽ ഇഡി എല്ലാം പിൻവലിച്ചു. അപ്പോൾ ഏതാണ്ട് പന്ത്രണ്ടോളം കാര്യങ്ങളാണ് ഇഡി ചോദിച്ചിരുന്നത്. ഒട്ടുമുക്കാലും പൊതു രേഖകൾ. പലതും എന്റെ കുട്ടികളുടെയടക്കം വിവരങ്ങൾ. മന്ത്രിയായിരിക്കെ ആ പദവിയിൽ പല കമ്പനികളുടെയും ഡയറക്ടർ ആകും. ഉദാഹരണത്തിന് കൊച്ചിൻ എയർ പോർട്ട്. ഇവയുടെയെല്ലാം കണക്ക്പുസ്തകങ്ങൾ, പത്തു കൊല്ലത്തെ എന്റെ യാത്രയുടെയും ബാങ്ക് കണക്കുകളുടെയും രേഖകൾ, ഇങ്ങനെ പത്തു പതിമൂന്നു കൂട്ടം. മസാലാ ബോണ്ട് ഇറക്കിയത് 2019ലാണ്. എന്തിനാണ് പിന്നെ പത്തു കൊല്ലത്തെ കണക്കുകൾ? ഇൻകം ടാക്സ് വകുപ്പിൽ ഫയൽ ചെയ്ത പൊതു രേഖയായി ആർക്കും എടുക്കാവുന്ന ഈ കടലാസുകളും കൊണ്ട് ഞാൻ ചെല്ലണം എന്നു പറയുന്നതെന്തിനാണ്? ഈ തർക്കങ്ങളുടെ ഒടുവിൽ മറുപടിയില്ലാതെ ഇഡി സമൺസ് പിൻവലിച്ചു.

അടുത്ത ഘട്ടം സമൻസുകൾ വന്നു തുടങ്ങിയപ്പോൾ ആവശ്യങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. ഒന്ന് എന്റെ തിരിച്ചറിയൽ കാർഡാണ്. മസാലാ ബോണ്ട് ഇറക്കാൻ തീരുമാനിച്ചത്തിൽ എന്റെ പങ്ക് എന്താണ്? ആ പണം ചെലവിട്ടത്തിൽ എന്റെ പങ്കെത്ര? മറ്റു രണ്ടു കാര്യങ്ങൾ ഇവയായിരുന്നു. മസാലാ ബോണ്ട് ഇറക്കുന്നത് എന്തോ മഹാപരാധമാണ് എന്ന ആഖ്യാനം ഉണ്ടാക്കാനായിരിക്കണം ബോണ്ട് ഇറക്കിയത്തിൽ എന്റെ പങ്കെന്ത് എന്ന ചോദ്യം ഉന്നയിച്ചത്. ആർബിഐ അനുമതിയുടെ പശ്ചാത്തലത്തിൽ ഇതു നിലനിൽക്കില്ല എന്നതു കൊണ്ടായിരിക്കും ഒടുവിൽ തന്ന സമൻസിൽ അതും പോയി. ഒറ്റക്കാര്യമേ ഇപ്പോൾ ചോദിക്കുന്നുള്ളൂ. മസാലാ ബോണ്ട് പണം ചെലവിട്ടതെങ്ങനെ? ഇതിനെയും ഞാൻ കോടതിയിൽ ചോദ്യം ചെയ്തു. ഇഡിയുടെ അന്വേഷണ അധികാരം തന്നെയാണ് ഞാൻ ചോദ്യം ചെയ്തിട്ടുള്ളത്. അതു കോടതിയിൽ നിലനിൽക്കുമ്പോൾ തുടരെ സമൻസ് അയയ്ക്കുന്നത് ദുരൂപതിഷ്ട്ടിതമാണ്. അതു തടയണം. ഇതാണ് കേസ്. കോടതി വിശദീകരണം ചോദിച്ചു. രണ്ടു വട്ടം അവർ മാറ്റി വെച്ചിട്ട് ഒടുവിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു. കിഫ്ബി ഉദ്യോഗസ്ഥർ കൊടുത്ത സ്റ്റേറ്റ്മെന്റിൽ തെറ്റായ വഴിയിൽ മസാലബോണ്ട് പണം വിനിയോഗിച്ചു എന്ന സൂചനകളുണ്ട്. അതു തോമസ് ഐസക്കിന്റെ അറിവോടെയാണ്. അതുകൊണ്ട് തോമസ് ഐസക്കിൽ നിന്നും മൊഴി എടുക്കണം. ഇതാണ് അവസാനം ചെയ്ത കാര്യം.

കിഫ്ബിയുടെ വായ്പാ സ്രോതസ് പലതാണ്. ഓരോ പദ്ധതിയും ഏതു വായ്പാ പണത്തിൽ നിന്നും ഫിനാൻസ് ചെയ്യണം എന്നു തീരുമാനിക്കുന്നത് ഭരണസമിതികളല്ല. കിഫ്ബി പ്രൊഫഷണലായി മാത്രം തീരുമാനിക്കുന്നതാണ്. അതിൽ ഐസക്കിൻ്റെയോ ഭരണസമിതികളുടേയോ അനുമതി ആവശ്യവുമില്ല, അത്തരം ഇടപെടൽ ഉണ്ടായിട്ടുമില്ല. കിഫ്ബി ഉദ്യോഗസ്ഥർ അങ്ങനെ പറഞ്ഞു എന്നത് അവാസ്തവമാണ്. കിഫ്ബി പുലർത്തുന്ന പ്രൊഫഷണൽ മൂല്യങ്ങളെയും വിശ്വാസ്യതയേയും ബാധിക്കുന്നതാണ് ഇഡിയുടെ അവാസ്തവ പ്രസ്താവന. അതിനാലാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയിൽ ഇക്കാര്യം ബോധിപ്പിക്കുന്നത്. കിഫ്ബി ഇത്തരത്തിൽ കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

കിഫ്ബിയോ ഉദ്യോഗസ്ഥരോ പറയാത്ത മൊഴിയുടെ പേരിൽ അനാവശ്യമായി , ഈ തെരെഞ്ഞെടുപ്പു കാലത്തു നാടകം കളിക്കുകയാണ് ഇഡി ചെയ്യുന്നത്.

വിശദമായ വാദം കേൾക്കണം എന്ന നമ്മുടെ ആവശ്യം കോടതി അംഗീകരിച്ചു. വെള്ളിയാഴ്ച കേൾക്കും. അതുവരെ തൽസ്ഥിതി തുടരണമെന്നും കോടതി. അതായത് ലാസ്റ്റ് ചാൻസ് കോടതി എടുത്തു മാറ്റി .

രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടിയുള്ള ഈ അഭ്യാസങ്ങൾക്ക് ചുമ്മാ വഴങ്ങില്ല. എന്തിനു വിളിപ്പിക്കുന്നു എന്നത് സത്യസന്ധമായി പറയട്ടെ. അപ്പോൾ പോകും. ഇമ്മാതിരി നുണകൾ വെച്ചുള്ള കളി നിയമ വഴിയിലൂടെ പ്രതിരോധിക്കും.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.