Skip to main content

മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത്

മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ.

ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകൻ എന്ന നിലയിൽ കൂടിയാണ് നമ്മൾ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരൻ എന്ന നിലയിൽ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ് ഷാജി എൻ കരുൺ. ഇത്തരത്തിൽ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവ്വ പ്രതിഭകളേ ഉണ്ടാവൂ. അങ്ങനെയൊരു കലാകാരൻ മലയാള ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു എന്നത് എല്ലാ മലയാളികൾക്കും അഭിമാനബോധമുണ്ടാക്കുന്ന കാര്യമാണ്.

മലയാളത്തിലെ നവതരംഗ സിനിമയുടെ പ്രയോക്താവും പതാകാവാഹകനുമായിരുന്നു ഷാജി എൻ കരുൺ. അടിയന്തരാവസ്ഥകാലത്ത് പോലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേഭകമായ കഥയാണ് അദ്ദേഹം സംവിധാനം ചെയ്ത പിറവി എന്ന ചലച്ചിത്രഭാഷ്യം. അതിന് പിന്നാലെ വന്ന സ്വം, വാനപ്രസ്ഥം എന്നീ ചലചിത്രങ്ങളും അന്തർദേശീയ പ്രശസ്തിയും അംഗീകാരങ്ങളും നേടി. കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോക സിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയെ സർഗപരവും സൗന്ദ്യരാത്മകവും കലാപരവും ആയി ഉപയോഗിക്കുന്ന മാധ്യമമായി നിലനിർത്തുമ്പോൾ തന്നെ രാഷ്ട്രീയ വ്യതിരിക്തത കൊണ്ട് അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു

നിരവധി അന്തർദേശീയ-ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ഷാജി എൻ കരുണിൻ്റെ ചലച്ചിത്ര ജീവിതത്തിൽ ഏറ്റവും ഒടുവിലായി ജെ. സി ഡാനിയൽ അവാർഡ് സർക്കാരിന് വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതും ഇപ്പോൾ ഓർക്കുകയാണ്.

ചലച്ചിത്ര സംവിധാന രംഗത്ത് മാത്രമല്ല, മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുളള ഇടപെടലുകളിലും ഷാജി എൻ കരുൺ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണത്തിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിൻ്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ എഫ് എഫ് കെ ഇന്ന് കാണുന്ന തരത്തിലേക്ക് വളർത്തി എടുക്കുന്നതിൽ ഷാജി എൻ കരുണിൻ്റെ സംഭാവന നിസ്തുലമാണ് .

പുരോഗമന രാഷ്ട്രീയത്തിൻ്റെ ശക്തനായ വക്താവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. പുരോഗമന രാഷ്ട്രീയത്തിനെതിരെ എപ്പോഴൊക്കെ വെല്ലുവിളികൾ ഉയരുന്നുവോ അതിനെ പ്രതിരോധിക്കാൻ ആദ്യം ഉയരുന്ന ശബ്ദങ്ങളിലൊന്ന് ഷാജി എൻ കരുണിൻ്റെതായിരുന്നു

സിനിമയുടെ കലാപരമായ ഉന്നതിക്കും സിനിമാ മേഖലയുടെപുരോഗതിക്കും വേണ്ടി അവിശ്രമം പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ വേർപാട് സിനിമാ മേഖലക്ക് മാത്രമല്ല കേരളത്തിനാകെത്തന്നെ വലിയ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ വേർപാടിൽ കടുത്ത ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.