കൈക്കൂലിക്കേസിൽ ഇഡി അസി. ഡയറക്ടർക്കെതിരെ വിജിലൻസ് കേസെടുത്തതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെക്കുറിച്ച് ഇടതുപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ നേതൃത്വം നൽകിയ ഇഡി അസി. ഡയറക്ടർ ശേഖർകുമാർ അഴിമതിക്കാരനാണെന്ന് കണ്ടെത്തി വിജിലൻസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. പാർടി അംഗങ്ങൾ സ്വരൂപിച്ച പണം നിക്ഷേപിച്ച അക്കൗണ്ടാണ് ചട്ടവിരുദ്ധമായി രാഷ്‌ട്രീയ വിരോധംവച്ച് ഇഡി മരവിപ്പിച്ചത്. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുകയാണ്. പത്ത് വർഷത്തെ ബിജെപി ഭരണം ദുർബല ജനവിഭാഗത്തിന്റെ ജിവിത പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊന്നും ചെയ്‌തില്ല.
സമ്പന്ന വർഗത്തെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ തുടർച്ചയായി സ്വീകരിക്കുന്നത്. എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കവുമായി നടന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പണി തന്നെ പോയി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പണിയും പോകാവുന്ന സ്ഥിതിയാണ്. കെപിസിസി പ്രസിഡന്റിനെ ഏതെങ്കിലും സമ്മേളനത്തിലല്ല തെരഞ്ഞെടുത്തത്. വാട്‌സ്‌അപ്പ്, എസ്‌എംഎസ് സന്ദേശത്തിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
