രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു. ആ സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണം ജന്മിത്തത്തിന്റെ സാമ്പത്തിക അടിത്തറയെ തകർത്തു. ജന്മിവർഗംതന്നെ ഇല്ലാതാകുന്ന സാഹചര്യം സൃഷ്ടിച്ചു. അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കേരളത്തിന്റെ പൊതുവായ വികസനത്തിനും നേതൃത്വം കൊടുത്താണ് ഇടതുപക്ഷ സർക്കാരുകൾ മുന്നോട്ടുപോയത്.
കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധ്യമായി. പല മേഖലയിലും ലോകത്തുതന്നെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ സംസ്ഥാനത്തിനായി. മിനിമം കൂലിയുടെ കാര്യത്തിലും ജനാധിപത്യപരമായ ജീവിതക്രമം സൃഷ്ടിക്കുന്നതിനും ഇന്ത്യക്കുതന്നെ മാതൃകയായി മാറി. മതസൗഹാർദത്തിന്റെ വിളനിലമായും കേരളം പ്രശോഭിച്ചു. കേന്ദ്ര സർക്കാർ ആഗോളവൽക്കരണനയം ശക്തമായി നടപ്പാക്കുമ്പോൾ കേരളത്തിൽ വന്നുചേരുന്ന അപകടങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. 2011 മുതൽ 2016 വരെ കേരളം ഭരിച്ച യുഡിഎഫ് സർക്കാർ സമസ്ത മേഖലയെയും തകർത്തു.
അഴിമതിയുടെയും മതവിദ്വേഷത്തിന്റെയും അന്തരീക്ഷത്തിലേക്ക് കേരളം എത്തിപ്പെടുകയായിരുന്നു. ഈ ഘട്ടത്തിലാണ് ബദൽ നിർദേശങ്ങളുമായി ഒരു പ്രകടനപത്രിക എൽഡിഎഫ് ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്. അത് ജനങ്ങള്‍ സ്വീകരിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നു. ‘വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ–അഴിമതിരഹിത–വികസിത കേരളം’ എന്നതായിരുന്നു അതിലെ മുദ്രാവാക്യം. കൃഷി, വ്യവസായം, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകി. ഈ കാഴ്ചപ്പാട് പ്രായോഗികമാക്കുകയും ദുരന്തങ്ങളിൽ ജനങ്ങളെ സഹായിക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചതോടെ തുടർഭരണം എൽഡിഎഫിന് ലഭിച്ചു. നേട്ടങ്ങൾ നിലനിർത്താനും പോരായ്മകൾ പരിഹരിക്കാനും ഉതകുന്ന പദ്ധതികളാണ് രണ്ടാം പിണറായി സർക്കാർ നടപ്പാക്കുന്നത്. വൈജ്ഞാനികസമൂഹ സൃഷ്ടിയെന്ന കാഴ്ചപ്പാട് അതിന്റെ ഭാഗമാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ എല്ലാ വിജ്ഞാനങ്ങളെയും നമ്മുടെ പരമ്പരാഗതമായ അറിവുകളെയുമെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ട് ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും വർധിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം.
ഇങ്ങനെ മുന്നേറുന്ന സാഹചര്യത്തിൽ, ഒന്നാം പിണറായി സർക്കാരിന്റെ വികസനത്തിന് അടിസ്ഥാനമിട്ട കിഫ്ബിയെയും പെൻഷൻ ഫണ്ടിനെയും തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ഇതിനെ പിന്തുണയ്ക്കുന്ന സംഘമായി യുഡിഎഫ് മാറി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ മൗനംപാലിച്ച യുഡിഎഫ് സംസ്ഥാന സർക്കാരിനെതിരെ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടു. വലതുപക്ഷ മാധ്യമങ്ങളാകട്ടെ ബിജെപി–യുഡിഎഫ് കൂട്ടുകെട്ടിന്റെ ഈ നയങ്ങൾക്ക് ശക്തമായ പിന്തുണയും നൽകി. ഇതിനെയെല്ലാം അതിജീവിച്ചും അധിക വിഭവസമാഹരണം നടത്തിയും എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയി.
ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ നടപ്പാക്കി എൽഡിഎഫ് സർക്കാർ രാജ്യത്തിനുതന്നെ മാതൃകയായി. അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണ്. നാടിന്റെ പൊതുവായ വളർച്ചയ്ക്ക് ഇടപെടുന്ന സർക്കാരായി കേരളം മാറി. ജനങ്ങളെ വർഗീയമായി വിഭജിച്ച് നേട്ടം കൊയ്യാനുള്ള മതരാഷ്ട്രവാദികളുടെ താൽപ്പര്യങ്ങളെ പ്രതിരോധിക്കുന്ന നിലപാടുകളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.
സംസ്ഥാനത്താകെ സ്മാർട്ട് റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, മാലിന്യമില്ലാത്ത തോടുകൾ എന്നിവ ഭരണമികവിന്റെ സാക്ഷ്യപത്രമാണ്. പട്ടയം ലഭിച്ച കർഷകരും ക്ഷേമ പെൻഷനുകൾ ലഭിക്കുന്ന ജനങ്ങളുമെല്ലാം ഈ സദ്ഭരണത്തിന്റെ നേട്ടങ്ങൾ തൊട്ടറിഞ്ഞവരാണ്.
പശ്ചാത്തല സൗകര്യ വികസനമെന്നത് നാടിന്റെ കുതിപ്പിന് അനിവാര്യമാണെന്ന കൃത്യമായ ധാരണയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് വിഴിഞ്ഞം തുറമുഖത്തിലുൾപ്പെടെ നാം കാണുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ പൊതുവായ വികസനം നടപ്പാക്കാനുള്ള പ്രവർത്തനത്തിലാണ് എൽഡിഎഫ് സർക്കാർ മുഴുകിയിരിക്കുന്നത്. മൂന്നാം തവണ അധികാരത്തിലെത്താൻ പോകുന്ന സർക്കാരാണിതെന്ന് കേരളം മുഴുവൻ ചിന്തിക്കുന്ന സ്ഥിതിയിലേക്ക് മാറി. ഈ വാർഷികാഘോഷം എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായി നടത്തിവരികയാണ്.
സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന നിലയുണ്ടായി. എല്ലാ ജില്ലകളിലും വമ്പിച്ച ബഹുജന റാലി സംഘടിപ്പിച്ചു. വൻ ജനമുന്നേറ്റമാണ് ഈ പരിപാടികളിലെല്ലാം ദൃശ്യമായത്. ഈ പരിപാടികൾക്ക് സർവ പിന്തുണയും നൽകി പ്രവർത്തിക്കുകയെന്നതാണ് പാർടി ആഹ്വാനം ചെയ്തത്. എൽഡിഎഫ് സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നതിന്റെ സാക്ഷ്യപത്രമായിരുന്നു വാർഷിക പരിപാടികളിലെ ജനങ്ങളുടെപങ്കാളിത്തം. ഇനി വരുന്ന ദിവസങ്ങളിലും വാർഷിക പരിപാടികളിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യർഥിക്കുന്നു.
