Skip to main content

രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയുമെല്ലാം ഐക്യം കൂടുതൽ കരുത്തുറ്റതാക്കാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 34 വർഷം തികയുകയാണ്‌. സാമൂഹ്യമായി അവഗണിക്കപ്പെട്ടിരുന്ന പട്ടികജാതിവിഭാഗത്തിൽ ജനിച്ച അദ്ദേഹം ദാരിദ്ര്യവും ഇല്ലായ്‌മയും അവഗണനയും നിറഞ്ഞ ജീവിത ചുറ്റുപാടുകളോട്‌ പടവെട്ടിയാണ്‌ ജനനായകനായി മാറിയത്‌. സ്വന്തം ജീവിതസാഹചര്യങ്ങളോടും സമൂഹത്തിലെ അനീതികളോടും സന്ധിയില്ലാസമരം ചെയ്‌താണ്‌ വിപ്ലവകാരിയായി വളർന്നത്‌. ജന്മി‐ ഭൂപ്രഭു വർഗത്തിന്റെയും ഭരണാധികാരികളുടെയും അടിച്ചമർത്തലുകളെയും മർദനങ്ങളെയും സഹനശക്തിയോടെ നേരിട്ടു. പൊലീസ്‌ വേട്ടയിൽ മൃതപ്രായനായി മോർച്ചറിയിലേക്ക്‌ നീക്കിയ അത്യപൂർവ അനുഭവവും ആ സമരജീവിതത്തിലുണ്ടായി.

പി കെ കുഞ്ഞച്ചൻ തിരുവല്ല താലൂക്കിലെ എഴുമറ്റൂരിൽ 1925-ൽ ജനിച്ചു. 1947-ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. 1973-ൽ കോഴിക്കോട്ട്‌ നടന്ന കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1982 വരെ ആ സ്ഥാനത്ത്‌ തുടർന്നു. പിന്നീട്‌ സംഘടനയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി മരണംവരെ പ്രവർത്തിച്ചു. ആദ്യകാലത്ത്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്നു. തിരുവിതാംകൂർ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളുടെ നേതാവായി. ഐതിഹാസിക ട്രാൻസ്‌പോർട്ട്‌ പണിമുടക്ക്‌ വേളയിൽ പൊലീസിന്റെ ഭീകരമർദനത്തിന്‌ ഇരയായി. വിമോചനസമരകാലത്ത്‌ കുട്ടനാട്ടിലെ ജന്മിമാർ ഇഎംഎസ്‌ സർക്കാരിനെ പാഠം പഠിപ്പിക്കാൻ കൃഷിചെയ്യാതെ നിസ്സഹകരണവുമായി ഇറങ്ങി. അന്ന്‌ കർഷകത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ കുഞ്ഞച്ചൻ വഹിച്ച നേതൃപരമായ പങ്ക്‌ സ്‌മരിക്കപ്പെടുന്നതാണ്‌. ഇതേത്തുടർന്ന്‌ 1960ൽ നടന്ന വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കുട്ടനാടൻ മേഖലയിൽ ജന്മി ഗുണ്ടകളുടെ കിരാതവാഴ്‌ചയ്‌ക്ക്‌ അറുതിവരുത്താൻ കർഷകത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടം സംഘടിപ്പിക്കുന്നതിൽ നല്ലൊരു പങ്ക്‌ വഹിച്ചു.

കേരളത്തിൽ കർഷക തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതിൽ കുഞ്ഞച്ചന്റെ പങ്ക്‌ വലുതാണ്‌. കർഷകത്തൊഴിലാളികൾ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കാനും അവ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും അതീവശ്രദ്ധ പുലർത്തി. പട്ടികജാതി‐ വർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടു. രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന അദ്ദേഹം പാർലമെന്ററി പ്രവർത്തനങ്ങളിലും മാതൃകാപരമായി ഇടപെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്ത്‌ കർഷകത്തൊഴിലാളികൾക്കുനേരെ ആക്രമണമുണ്ടായാലും അവിടങ്ങളിൽ എത്താനും അവ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിഷ്‌കർഷ പുലർത്തി. ബിഹാറിൽ കർഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം പാർലമെന്റിൽ വികാരതീവ്രതയോടെ കുഞ്ഞച്ചൻ അവതരിപ്പിച്ചപ്പോൾ അത്‌ സഭയെ ഞെട്ടിക്കുകയും ഇടപെടലിനായി സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്‌തു. രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയുമെല്ലാം ഐക്യം കൂടുതൽ കരുത്തുറ്റതാക്കാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും.
 

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.