Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികമാണ് ഇന്ന്. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാർടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേർന്നതായിരുന്നു. സംഘടനാ കാർക്കശ്യം പുലർത്തുമ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു മുഖമുദ്ര.
തലശ്ശേരി കലാപസമയത്ത് വിദ്യാർത്ഥി നേതാവായിരുന്ന ബാലകൃഷ്ണൻ പാർടി സഖാക്കൾക്കൊപ്പം സമാധാനം പുനഃസ്‌ഥാപിക്കാൻ രംഗത്തിറങ്ങി. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ വേട്ടയാടലിനാണ് ഇരയായത്. ഭരണകൂട ഭീകരതയെ ചെറുത്തുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതൃത്വമായി കോടിയേരി മാറി.
സംഘടനാ രംഗത്ത് അചഞ്ചലനായ പോരാളിയും പ്രക്ഷോഭകാരിയുമായിരുന്നു കോടിയേരി. പാർടി ആക്രമിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ച അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ പാർടി ജില്ലാ സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതു മുതൽ പാർടി സംസ്ഥാന കേന്ദ്രത്തിൽ നിന്നും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അദ്ദേഹം കേരളത്തിലെ പാർടിയെ ഇന്നുകാണുന്ന വിധത്തിൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി. സ്വന്തം അനാരോഗ്യത്തെപ്പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം സംഘടനാകാര്യങ്ങളിൽ മുഴുകിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് തുടർഭരണം സാധ്യമാക്കുംവിധം പാർടി സംവിധാനത്തെ സജ്ജമാക്കിയെടുക്കാൻ കോടിയേരിയുടെ നേതൃത്വവും ഇടപെടലും നിസ്തുലമായിരുന്നു.
മന്ത്രി, പ്രതിപക്ഷ ഉപനേതാവ് എന്നീ നിലകളിലെല്ലാം കക്ഷി ഭേദമില്ലാതെ സുസമ്മതനായ നേതാവായിരുന്നു. മികച്ച പാർലമെന്റേറിയനായി നിയമസഭയിൽ മാതൃകാപരമായി ഇടപെട്ടു. പാർടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ആശയ ദൃഢതയോടെ നടപ്പിലാക്കിയ സഖാവ് അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണി പോരാളിയായി നിലകൊണ്ടു.
വർഗ്ഗീയ രാഷ്ട്രീയത്തെയും നവലിബറൽ സാമ്പത്തിക നയങ്ങളെയും ജനസമക്ഷം തുറന്നുകാട്ടുന്നതിലും മതനിരപേക്ഷ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിലും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സംഭാവനകൾ ചെറുതല്ല. നിയമസഭയ്ക്കകത്തും പുറത്തും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. വർഗീയതയും നവലിബറൽ നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ദുരിതമയമാക്കുന്ന ഇക്കാലത്ത് കോടിയേരിയുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമുക്ക് കരുത്തായി മാറട്ടെ.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.