Skip to main content

രാജ്യം നടുങ്ങിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരോട് ക്രൂരത തുടർന്ന് കേന്ദ്രസർക്കാർ

രാജ്യം നടുങ്ങിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരോട് ക്രൂരത തുടർന്ന് കേന്ദ്രസർക്കാർ. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ കേന്ദ്രസർക്കാർ എഴുതിത്തള്ളില്ല. വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ന്യായീകരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. വായ്പ എഴുതിത്തള്ളുന്നതിൽ നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

വായ്പ ഇളവ് നൽകുന്നതിനുള്ള ദുരന്തനിവാരണ നിയമത്തിലെ അനുബന്ധവകുപ്പ് 2025 മാർച്ചിൽ ഭേദഗതി ചെയ്‌തെന്നും അതിനാൽ എഴുതിത്തള്ളൽ സാധ്യമല്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. തീരുമാനം എടുക്കണ്ടത് ബാങ്കുകളാണ്. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.

വായ്പ എഴുതിത്തള്ളാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നൽകുന്ന ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ വിവേചനാധികാരം ഉപയോ​ഗിച്ച് ദുരന്തബാധിതരെ സഹായിച്ചുകൂടേ എന്നും, വായ്പ എഴുതിത്തള്ളുന്നതിൽ മാനുഷിക പരിഗണന കാട്ടണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് നേരത്തെ അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രസർക്കാർ മുഖവിലയ്ക്കെടുത്തില്ല.

ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളിയ കേരള ബാങ്കിനെ മാതൃകയാക്കണമെന്ന് കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. 207 പേരുടെ 3.85 കോടി രൂപയുടെ വായ്‌പയാണ്‌ കേരള ബാങ്ക്‌ എഴുതിത്തള്ളിയത്‌.

മുന്നൂറോളം മരിച്ച ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസത്തിന്‌ തുച്ഛമായ തുക മാത്രം അനുവദിച്ച് കഴിഞ്ഞ ദിവസം കേരളത്തോടുള്ള അവ​ഗണന കടുപ്പിച്ചിരുന്നു കേന്ദ്രസർക്കാർ. 2162.05 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടപ്പോൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 14 മാസത്തിനുശേഷം അനുവദിച്ചത്‌ 260.56 കോടി രൂപമാത്രമാണ്. ബിജെപി ഭരിക്കുന്ന അസമിന്‌ വിവിധ ഇനങ്ങളിലായി 2160 കോടി രൂപയാണ്‌ അനുവദിച്ചത്‌. ദുരന്ത ആഘാത ലഘൂകരണ, പുനരുദ്ധാരണ, പുനർനിർമാണ പദ്ധതികൾക്കായി അസം, കേരളം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്‌, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ്‌ അനുവദിച്ചത്‌.

2024 ജൂലൈ 29 അർധരാത്രിയാണ്‌ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതായത്‌.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.