Skip to main content

ബിജെപിക്ക് ഭരണം നേടാൻ ബിജെപി തന്നെ ജയിക്കേണ്ടതില്ല കോൺഗ്രസ് ജയിച്ചാലും മതി എന്ന കൃത്യമായ പദ്ധതിയാണ് കേരളത്തിലും നടപ്പിലാകുന്നത്

രാജ്യത്ത് കോൺഗ്രസ്‌ വിട്ട് ബിജെപിയിലേക്ക് വരിവരിയായി പോയ നേതാക്കന്മാരുടെ പേരുകൾ എഴുതി തീർക്കണമെങ്കിൽ നിരവധി പേപ്പറുകൾ വേണ്ടി വരും. ഇന്നത്തെ ബിജെപി നേതാക്കന്മാരിൽ ഭൂരിപക്ഷവും പഴയ കോൺഗ്രസ് നേതാക്കന്മാരാണ്. മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പിസിസി പ്രസിഡന്റുമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങി ആയിരക്കണക്കിന് പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ ചുരുങ്ങിയ കാലം കൊണ്ട് ബിജെപിയുടെ ഭാഗമായി മാറി.
കോൺഗ്രസിനെ പൂർണ്ണമായോ ഭാഗികമായോ വിലയ്ക്കെടുത്താണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വളർന്നിട്ടുള്ളത്. കേരളത്തിലും ബിജെപി സ്വീകരിച്ചിട്ടുള്ള തന്ത്രമതാണ്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ, മുൻ പി എസ് സി ചെയർമാൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, നിരവധി ദേശീയ- സംസ്ഥാന സംസ്ഥാന നേതാക്കന്മാർ തുടങ്ങിയവരെ ഇതിനകം തന്നെ ബിജെപി കൂറുമാറ്റിക്കഴിഞ്ഞു.
അരുണാചൽ പ്രദേശിലും ഗോവയിലും മറ്റും ചെയ്തതുപോലെ കോൺഗ്രസിനെ അപ്പാടെ വിലകൊടുത്തു വാങ്ങുക എന്ന തന്ത്രമാണ് ഇപ്പോൾ ബിജെപി കേരളത്തിൽ പരീക്ഷിക്കാൻ തുടങ്ങുന്നത്. കോൺഗ്രസായി വിജയിച്ചു വരുന്നവരെ പൂർണ്ണമായി വിലയ്ക്കെടുത്ത് ബിജെപിയാക്കി മാറ്റുക. തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത് അതാണ്. ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കന്മാരുടെ കാർമികത്വത്തിലാണ് ഒരു പഞ്ചായത്തിലെ മുഴുവൻ കോൺഗ്രസ് ജനപ്രതിനിധികളും ഒറ്റരാത്രികൊണ്ട് ബിജെപി ആയത്.
ബിജെപിക്ക് ഭരണം നേടാൻ ബിജെപി തന്നെ ജയിക്കേണ്ടതില്ല കോൺഗ്രസ് ജയിച്ചാലും മതി എന്ന കൃത്യമായ പദ്ധതിയാണ് നടപ്പിലാകുന്നത്. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നു എന്നാണ് അറിയുന്നത്. ഈ രാഷ്ട്രീയ അധാർമികതയെ കേരളം കരുതിയിരിക്കണം.

 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.