Skip to main content

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്. എന്നാൽ രാഷ്ട്രീയ പക്ഷപാതപരമായ നിലപാടിന്റെ വേദിയാക്കി കേന്ദ്രസർക്കാരിന്റെ പരിപാടിയാക്കി ഇതിനെ മാറ്റി. കേരളത്തിൽ ദേശീയ പാത വികസനം അസാധ്യമാണെന്നും ഭൂമി ഏറ്റെടുക്കാനാവില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് ദേശീയപാത അതോറിറ്റി എൻഎച്ച് 66 വികസനം ഉപേക്ഷിച്ചത്. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കേരളത്തിന് അനിവാര്യമായ ഒന്നാണ് ദേശീയപാത വികസനം എന്ന് വ്യക്തമാക്കി ചർച്ചകൾ നടത്തിയതിനു ശേഷമാണ് വികസനം ആരംഭിച്ചത്. എല്ലാ രീതിയിലും ഇടപെടൽ നടത്തിയതും, പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിച്ചതും പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌.

ആ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയെ തന്നെ ഒഴിവാക്കിയാണ്‌ ഈ ഉദ്ഘാടന പരിപാടി ഇന്ന്‌ നടത്തുന്നത്‌. ഉദ്ഘാടനം നടത്തുന്ന ദേശീയ പാതയുടെ ഒരു റീച്ച്‌ കടന്നുപോകുന്ന ജില്ലയിലെ മന്ത്രി കൂടിയാണ്‌ അദ്ദേഹം. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്‌ ഏകോപനം നടത്തുന്നത്‌ പൊതുമരാമത്ത്‌ വകുപ്പാണ്‌. ഭൂമി ഏറ്റെടുക്കലിന് കരാറൊപ്പിട്ടത് പൊതുമരാമത്ത് മന്ത്രിയുമായാണ്. കേരള സർക്കാരിന് ധനപരമായ പങ്കാളിത്തമുള്ള പദ്ധതിയാണ് ദേശീയപാത 66 വികസനം. മറ്റൊരു സംസ്ഥാനത്തെ ദേശീയപാതയ്ക്കും അതത് സംസ്ഥാനങ്ങളുമായി സാമ്പത്തിക പങ്കാളിത്തമില്ല.

5 സംസ്ഥാനങ്ങളിലൂടെയാണ് NH -66 കടന്നുവരുന്നത്. മഹാരാഷ്ട്രയിലെ പൻവേലിൽ ആരംഭിച്ച് ​ഗോവ, കർണാടക, കേരളം സംസ്ഥാനങ്ങളിലൂടെ കടന്ന് തമിഴ്നാട് കന്യാകുമാരിയിൽ അവസാനിക്കുന്ന ഈ അഞ്ച് സംസ്ഥാനങ്ങളിൽ കൂടി കടന്നുവരുന്ന ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ മറ്റൊരു സംസ്ഥാനവും പണം ചിലവാക്കിയിട്ടില്ല. വികസനത്തിന് അനിവാര്യമായ കാര്യം എന്ന നിലയിലാണ് പദ്ധതിയെ കേരള സർക്കാർ കണ്ടത്.

പാത വികസനത്തിന് 5580 കോടി നൽകിയത് കേരള സർക്കാരാണ്. കിഫ്ബി വഴിയാണ് പണം നൽകിയത്. ഇതിനെ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം വെട്ടിക്കുറച്ചു. 11160 കോടിയാണ് കേരളത്തിനുണ്ടായ ബാധ്യത. കേരളം ചിലവാക്കിയ പണത്തിന് തിരിച്ചടവില്ല. കേന്ദ്രം ചിലവാക്കിയ പണം മുഴുവൻ പലിശ സഹിതം ടോളായി തിരിച്ചുപിടിക്കുകയും ചെയ്യുന്നു. നാടിന്റെ വികസനത്തിന്‌ വേണ്ടിയാണ്‌ കേരളം ഈ തുക ചെലവഴിച്ചത്‌. ഇത്രയും പ്രാധാനൃത്തോടെ ഈ പദ്ധതിയെ സമീപിച്ച സംസ്ഥാന സർക്കാരിനെ മാറ്റിനിർത്തിയാണ്‌ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നത്‌.

ദേശീയപാത ഭൂമി ഏറ്റെടുക്കലിനെതിരെ വലിയ സമരമാണ് യുഡിഎഫും ബിജെപിയും നടത്തിയത്. യുഡിഎഫും ബിജെപിയുമെല്ലാം കൈകോർത്താണ്‌ കേരളത്തിൽ സമരം സംഘടിപ്പിച്ചത്‌. അതിനെയെല്ലാം മറികടന്നാണ്‌ ദേശീയപാതാ വികസന സാധ്യമാക്കിയത്‌. കണ്ണൂരിൽ ബിജെപിയും കോൺ​ഗ്രസും ഒന്നിച്ചാണ് സമരം നടത്തിയത്.

കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരനും പി കെ കൃഷ്ണദാസും പി സി ജോർജും സുരേഷ്‌ ഗോപിയുമെല്ലാം ചേർന്ന്‌ ബൈപാസിൽ സമരം നയിച്ചു. നന്ദീഗ്രാമിലെ മണ്ണ്‌ കൊണ്ടുവന്ന്‌ കീഴാറ്റൂരിൽ ഇട്ട്‌ ബിജെപി ഹൈവേ വിരുദ്ധ സമരം നടത്തി. NH -66 വികസനം സാധ്യമാക്കില്ല എന്നായിരുന്നു ഇവർ അന്ന്‌ പറഞ്ഞത്‌. അന്ന്‌ സമരത്തിന്‌ നേതൃത്വം നൽകിയവർ വരെ ഇന്നത്തെ ഹൈവേ ഉദ്ഘാടന വേദിയിലുണ്ട്. വകുപ്പ് മന്ത്രിയെ അറിയിക്കാത്ത പരിപാടിയിൽ പങ്കെടുക്കുന്നത് ബിജെപി അധ്യക്ഷനാണ്.

ഒന്നാം റീച്ചിൽ കേരളത്തിന്റെ അടയാളപ്പെടുത്തൽ കൂടിയുണ്ട്. ഊരാളുങ്കൽ ലേബർ കോൺ​ട്രാക്ട് സൊസൈറ്റിയാണ് ഈ റീച്ച് നിർമിച്ചത്. ഇന്ന് ഉദ്ഘാടനം നടത്തുന്ന രണ്ട് റീച്ചിലും ജനങ്ങളോടൊപ്പം ചേർന്ന് ജനപ്രതിനിധികൾ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും പൂർണമായി അവ​​ഗണിച്ചത് രാഷ്ട്രീയ പകപോക്കലാണ്. എന്തും ചെയ്യാനുള്ള അവകാശം ഞങ്ങൾക്കുണ്ട് എന്ന ഫാസിസ്റ്റ് പ്രവണതയാണ് കാണുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.