Skip to main content

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു. കേവല വാഗ്ദാനങ്ങളല്ല, മറിച്ച് നാടിൻ്റെ സമഗ്രമായ വികസന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തമായ കർമ്മ പദ്ധതികളാണ് എൽഡിഎഫിൻ്റെ പ്രകടന പത്രികകൾ. 'ചെയ്യാൻ കഴിയുന്നതേ ഞങ്ങൾ പറയൂ, പറയുന്നത് ഞങ്ങൾ ചെയ്തിരിക്കും' - എന്നത് മുൻകാല പ്രകടനപത്രികകളുടെ സാക്ഷ്യമാണ്. കഴിഞ്ഞ തവണ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും പൂർത്തീകരിച്ചതിൻ്റെ തിളക്കമാർന്ന റെക്കോർഡുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും ജനങ്ങളുടെ മുന്നിലേക്ക് വരുന്നത്.
അടുത്ത അഞ്ചുവർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണമായും ഒരു വിജ്ഞാന സമൂഹമായി മാറ്റുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. ഈ വികസന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായുള്ള 60 ഇന പരിപാടികളാണ് ഈ പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്ന കേവല ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കും എന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്. വയോജനങ്ങളെയും കിടപ്പുരോഗികളെയും ചേർത്തുപിടിച്ചുകൊണ്ട് അവർക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയും, എല്ലാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3000 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്യും.
യുവതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ 'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്' എന്ന ലക്ഷ്യത്തിലേക്ക് നാം ചുവടുവെക്കുകയാണ്; പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ഇതിലൂടെ ഉറപ്പാക്കും. നാടിന്റെ പുരോഗതിയിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണ്; അതിനാൽ വീടിനു പുറത്ത് ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി, തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്കും തൊഴിൽ ഉറപ്പുവരുത്തും. ഒപ്പം, വ്യവസായ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് അഞ്ച് വർഷം കൊണ്ട് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ ഉറപ്പാക്കും.
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലൈഫ് മിഷൻ 2.0 ആരംഭിക്കുകയും, അതുവഴി കേരളത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി മാറ്റുകയും ചെയ്യും. ആരോഗ്യരംഗത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുകയും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കളുടെ ചികിത്സാച്ചെലവ് പരിധി ഒഴിവാക്കി പരിധിയില്ലാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും. കുടിവെള്ളസുരക്ഷയ്ക്കായി 'ജീവജലം കേരളം' എന്ന പേരിൽ ഒരു വലിയ ജനകീയ കാമ്പയിൻ തന്നെ നാം സംഘടിപ്പിക്കും.
മതനിരപേക്ഷതയിലും തുല്യതയിലും പുരോഗമനചിന്തയിലും അധിഷ്‌ഠിതമായ ഒരു ആധുനിക സമൂഹമായി കേരളം തലയുയർത്തി നിൽക്കും. നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെയും വികസനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന യുഡിഎഫിൻ്റെ പ്രതിലോമരാഷ്ട്രീയത്തെയും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെയും അതിജീവിച്ച് നാം മുന്നേറും. നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും ഈ തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.