Skip to main content

സ. വി എൻ വാസവൻ എഴുതുന്നു

സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന തത്വത്തിലധിഷ്ഠിതമാണ് കേരളത്തിലെ സഹകരണമേഖലയിലെ പ്രവർത്തനങ്ങൾ. സാധാരണക്കാരുടെ ഏത് ആപത്ഘട്ടത്തിലും സഹായഹസ്തവുമായി ആദ്യം ഓടിയെത്തുന്നത് സഹകരണമേഖലയാണ്. അത് നാം പ്രളയകാലത്തും മഹാമാരിക്കാലത്തും കണ്ടു. സാമൂഹ്യ സുരക്ഷയുടെ ഉജ്വല മാതൃകകളാണ് സഹകരണ പ്രസ്ഥാനം നടപ്പാക്കുന്നത്. വീടുകളിലെത്തുന്ന സാമൂഹ്യ പെൻഷനും കെഎസ്‌ആർടിസി പെൻഷൻ വിതരണവും ഇതിനൊരുദാഹരണമാണ്. നാൽപ്പത്തൊന്നായിരത്തിലധികം പേർക്ക് പെൻഷൻ സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്നു.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി എത്തിയ കെയർഹോം 2091 വീട്‌ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകി. രണ്ടാം ഘട്ടത്തിൽ ഭവനരഹിത ഭൂരഹിതർക്കായുള്ള ഫ്ലാറ്റ് നിർമാണ പദ്ധതി നടന്നുവരുന്നു. കോവിഡ്കാലത്ത്‌ ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് സഹകരണ സംഘങ്ങൾ നടത്തിയത്. അതിജീവനപാതയിൽ സർക്കാരിനൊപ്പം ശക്തമായി നിലകൊണ്ടു. കമ്യൂണിറ്റി കിച്ചനുകൾക്ക് സഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘട്ടത്തിലായി 266 കോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ, നബാർഡു വഴിയുള്ള സ്പെഷ്യൽ ലിക്വിഡിറ്റി വായ്പ തുടങ്ങിയ പദ്ധതികളും ഫലപ്രദമായി നടപ്പാക്കി. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാനായി പലിശരഹിത വായ്പ നൽകുന്ന വിദ്യാതരംഗിണി പദ്ധതി നടപ്പാക്കി. കോവിഡ്കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്‌പാ തിരിച്ചടവിന് സാവകാശം നൽകി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരുന്നു. സഹകരണ സംഘങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ലയും സ്നേഹതീരം വായ്പാ പദ്ധതി’യും ഗ്രാമീണ ജനതയെ കൊള്ളപ്പലിശക്കാരിൽനിന്നും സ്വകാര്യ മൈക്രോ ധനസ്ഥാപനങ്ങളിൽനിന്നും രക്ഷിക്കുന്നു.

പട്ടികജാതി–വർഗക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനത്തിനായും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 500 പേർക്ക് നാലു കോടി വായ്പ നൽകി. ആശുപത്രി സംഘങ്ങളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പദ്ധതിക്ക് തുടക്കംകുറിച്ചു. നെല്ലിന്റെയും അരിയുടെയും സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സഹകരണ കൂട്ടായ്മയിലൂടെ (കോ–ഓപ്പറേറ്റീവ് കൺസോർഷ്യം) കുട്ടനാട്, അപ്പർ കുട്ടനാട് കേന്ദ്രീകരിച്ച് കാപ് കോസ്, പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പാപ്കോസ് എന്നീ രണ്ടു സംഘം രൂപീകരിച്ചു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി നടപ്പാക്കുന്നു. സഹകരണമേഖലമാത്രം ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നു. അതോടൊപ്പംതന്നെ പരോക്ഷ തൊഴിലുകളും സൃഷ്ടിക്കുന്നു. സർക്കാരിന്റെ രണ്ട് 100 ദിന കർമപദ്ധതിയിലുമായി 56,279 തൊഴിലവസരം സൃഷ്ടിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സഹകരണ സംഘങ്ങളുടെ മുഖ്യ അജൻഡയായി മാറി. ആരോഗ്യരംഗത്ത് ശക്തമായ സാന്നിധ്യമായി മാറുകയാണ് സഹകരണമേഖല.

മുപ്പത്‌ യുവജന സംഘം സഹകരണമേഖലയ്‌ക്ക് പുത്തനുണർവാണ് നൽകുന്നത്. ഇതിനു പുറമെ പട്ടികജാതി–വർഗ വിഭാഗങ്ങളിലെ യുവതയെ ഉൾപ്പെടുത്തി 14 ജില്ലയിലും ഓരോ പട്ടികജാതി, പട്ടികവർഗ യുവജന സഹകരണ സംഘം ആരംഭിച്ചു. -ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഊന്നൽ നൽകി കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം നടപ്പാക്കുന്ന പദ്ധതിയാണ് കോട്ടയം നാട്ടകത്തെ അക്ഷരം മ്യൂസിയം. കലാകാരന്മാരുടെ സാമ്പത്തിക ഉന്നമനത്തിനായി കലാകാരന്മാരുടെ സഹകരണ സംഘം രൂപീകരിച്ചു. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇടപെടുന്നു. സഹകരണമേഖല രണ്ടു മൂന്നു വർഷമായി വലിയ പ്രതിസന്ധിയാണ് നേരിട്ടത്. അത് അതിജീവിക്കാനായി. നിക്ഷേപ സമാഹരണത്തിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. 6000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 9967.43 കോടി രൂപ സമാഹരിച്ചു. എറണാകുളത്ത്‌ നടന്ന സഹകരണ എക്സ്പോ മേഖലയുടെ സംഘശക്തി വിളിച്ചറിയിച്ചു.

സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര ഒത്താശയോടെ റിസർവ് ബാങ്ക് നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്ന കാലത്താണ് ഈ നേട്ടങ്ങൾ. അപവാദ പ്രചാരണങ്ങൾക്കും നവലിബറൽ സാമ്പത്തിക, ബാങ്കിങ് പരിഷ്കാരങ്ങൾക്കും കേരളത്തിലെ സഹകരണ വായ്പാ മേഖലയെ തകർക്കാനാകില്ല. കരുവന്നൂരിലെ നിക്ഷേപകർക്ക്‌ 42.76 കോടി തിരികെ നൽകിയതിനു പുറമേ 35 കോടിയുടെ പ്രത്യേക പാക്കേജ്‌ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിൻെറ ഭാഗമായാണ്‌ കഴിഞ്ഞ ദിവസം പരേതയായ നിക്ഷേപകയുടെ കുടുംബത്തിന്‌ 23 ലക്ഷം രൂപ തിരിച്ചുകൊടുത്തത്‌. മാത്രമല്ല പ്രതിസന്ധിയിലായി നിക്ഷേപം തിരിച്ചു നല്‍കുവാന്‍ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുന്നതിനായി 500 കോടി രൂപ സഞ്ചിതനിധിയും രൂപീകരിക്കും. കരുവന്നൂർ ബാങ്കിലെ സംഭവത്തെ സാമാന്യവൽക്കരിച്ച് കേരളത്തിലെ സഹകരണമേഖലയാകെ ഇങ്ങനെയാണ് എന്ന പ്രതീതി പരത്താനാണ് തൽപ്പരകക്ഷികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. രാജ്യത്തെ സ്വകാര്യ കുത്തക കോർപറേറ്റ് ബാങ്കുകൾക്ക് ബദലാണ് സഹകരണ ബാങ്കുകൾ. അവ എന്നും ഇവർക്ക് ഭീഷണിയാണ്. ഇത്തരം കുത്തകകളെ സഹായിക്കുന്ന സമീപനമാണ് അസത്യ വാർത്തകൾ ചമയ്‌ക്കുന്നവർ ചെയ്യുന്നത്.

സ. വി എൻ വാസവൻ

സഹകരണ വകുപ്പ് മന്ത്രി

 

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.