Skip to main content

10 ലക്ഷം പേർക്ക് അടിയന്തിരമായി ജോലി നൽകും എന്ന പ്രഖ്യാപിച്ചിട്ട് 75000 പേർക്ക് മാത്രം ജോലി നൽകിയത് ആഘോഷിക്കുന്ന മോദി സർക്കാരിന്റെ തൊഴിൽ നയം പരാജയം

75000 പേർക്ക് കേന്ദ്ര സർക്കാരിൽ ജോലി. ഇതാണ് രണ്ട് ദിവസം മുമ്പുള്ള ചില മാധ്യമങ്ങളിലെ പ്രധാന തലക്കെട്ട്. ഇന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചതുപോലെ ഈ തൊഴിൽ മേളയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാന്യം ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയിലേക്കാണു വിരൽചൂണ്ടുന്നത്. മോദി സർക്കാരിനു കീഴിൽ കേന്ദ്ര സർക്കാരിലേക്കുള്ള നിയമനങ്ങൾ കഴിഞ്ഞ എട്ടു വർഷമായി കുത്തനെ ഇടിഞ്ഞു. കേന്ദ്ര സർക്കാർ തന്നെ ലോക്സഭയിൽ നൽകി ഉത്തരത്തിൽ ഇതു തുറന്നു സമ്മതിച്ചിട്ടുണ്ട്.

2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നു. മോദിയുടെ എട്ടുവർഷംകൊണ്ട് അത് ഇരട്ടിയിലേറെ വർദ്ധിച്ചു. പാർലമെന്റിൽ ചോദ്യത്തിന് ഉത്തരമായി നൽകിയ കണക്കു പ്രകാരം 2020 മാർച്ച് 1-ന് ഇത് 9 ലക്ഷം വരുമായിരുന്നു. ഇതിനുശേഷമുള്ള രണ്ടുവർഷത്തെ കണക്കുകൾകൂടി ചേർത്താൽ ചുരുങ്ങിയത് 11 ലക്ഷം വേക്കൻസികൾ സർക്കാരിൽ നികത്താതെ ഒഴിഞ്ഞു കിടക്കുകയാണ്. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകൾ ഉള്ളതിൽ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. വളരെ വ്യക്തമായ നയത്തിന്റെ ഫലമാണ്. ഇതിൽ 75000 വേക്കൻസികൾ നികത്തുന്നുവെന്നതാണ് കൊട്ടിഘോഷിക്കുന്നത്.

പൊതുമേഖലാ കമ്പനികളിലെയും തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2017-18-ൽ കേന്ദ്ര പൊതുമേഖലകളിൽ ജോലി ഉണ്ടായിരുന്നവരുടെ എണ്ണം 10.87 ലക്ഷമായിരുന്നു. 2020-21-ൽ അത് 8.61 ലക്ഷമായി ചുരുങ്ങി. സ്വകാര്യവൽക്കരണം വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചു. ഇതിന്റെ ഫലമായി സംഘടിത മേഖലയെടുത്താൽ നിയോലിബറൽ കാലത്ത് പൊതുമേഖലകളുടെ പങ്ക് സ്വകാര്യമേഖലയേക്കാൾ താഴ്ന്നു. സ്വകാര്യമേഖലയിലെ തൊഴിലവസര വർദ്ധനയുടെ വേഗതയും ഇടിഞ്ഞു. അസംഘടിത മേഖലയിലെ സ്ഥിതി ഇതിനേക്കാൾ പരിതാപകരമാണ്.

റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം 1980-81 മുതൽ 1990-91 വരെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് മുമ്പുള്ള പതിറ്റാണ്ടിൽ തൊഴിലവസരങ്ങൾ പ്രതിവർഷം 2.02 ശതമാനം വീതം വളർന്നു. എന്നാൽ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചപ്പോൾ തൊഴിലവസര വർദ്ധന താഴുകയാണ് ഉണ്ടായത്.

പരിഷ്കാരത്തിന്റെ ആദ്യ പതിറ്റാണ്ടായ 1991-92/1999-00 കാലത്ത് തൊഴിലവസര വർധനവ് പ്രതിവർഷം 1.54 ശതമാനമായി ചുരുങ്ങി. പക്ഷേ, 1999-00/2009-10 കാലയളവിൽ തൊഴിലവസര വർധന 1.47 ശതമാനമായി വീണ്ടും കുറഞ്ഞു. 2009-10 മുതൽ 2017-18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസര വർധനവ് നാമമാത്രമായിരുന്നു - പ്രതിവർഷം 0.03 ശതമാനം വീതം. അങ്ങനെ നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നതു തൊഴിൽരഹിത വളർച്ചയുടെ ഘട്ടത്തിലാണ്.

ഇതിന്റെ ഫലമായി തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുകയാണ്. 1972-73-ൽ അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് 1.25 ശതമാനമായിരുന്നു. പരിഷ്കാരങ്ങൾ ആരംഭിക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് 2.85 ശതമാനമായി ഉയർന്നു. പിന്നീട് മോഡി സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഏതാണ്ട് ഈ നിലയിൽ തൊഴിലില്ലായ്മ നിരക്ക് തത്തിക്കളിച്ചു നിന്നു. എന്നാൽ 2017-18-ൽ തൊഴിലില്ലായ്മ നിരക്ക് 6.55 ശതമാനമായി ഉയർന്നു. ഇതു മറച്ചുവയ്ക്കാൻ കുറച്ചുനാൾ ഈ കണക്കുകൾ പ്രസിദ്ധീകരിക്കാൻ ഇന്ത്യാ സർക്കാർ തയ്യാറായില്ല. ഇപ്പോൾ ലഭ്യമായിട്ടുള്ള സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കു പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 6.9 ശതമാനം ആണ്.

ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ വേക്കൻസികൾ പൂർത്തീകരിക്കാതെ കിടക്കുന്നതിനെതിരെ യുവജനങ്ങളുടെ ഇടയിൽ വലിയരോഷം പതഞ്ഞു പൊങ്ങുന്നുണ്ട്. ഇതിനു തെളിവാണ് സമീപകാലത്ത് ബീഹാറിലുണ്ടായ യുവജന ലഹള. 10 ലക്ഷം പേർക്ക് അടിയന്തരമായി തൊഴിൽ നൽകുമെന്നു ജൂൺ മാസത്തിൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ഇതായിരുന്നു. 10 ലക്ഷത്തിൽ 75000 പേർക്കാണ് ഇപ്പോൾ ജോലി നൽകിയിരിക്കുന്നത്. ഈ തൊഴിൽ മേള യഥാർത്ഥത്തിൽ മോദി സർക്കാരിന്റെ തൊഴിൽ നയത്തിന്റെ പരാജയത്തിന്റെ സമ്മതമാണ്.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.