Skip to main content

റബ്ബർ ബോർഡ് ഇല്ലാതാകുന്നതോടെ റബ്ബർ മേഖല പൂർണ്ണമായും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്കു നീങ്ങും കേരളത്തിലെ റബ്ബർ കൃഷിയെ മുച്ചൂടും മുടിപ്പിക്കാനാണ് വൈരാഗ്യബുദ്ധിയോടെ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് ഈ ഗൂഢപദ്ധതിക്കെതിരെ കേരളം ഒറ്റക്കെട്ടായി ഉണരണം

കേരളത്തിലെ റബ്ബർ കൃഷി തകർത്തേ അടങ്ങൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. 1947-ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര വാണിജ്യ വകുപ്പ്. ഈ നിയമത്തിൽ റബ്ബർ ബോർഡിനെ ഒരു റബ്ബർ സ്റ്റാമ്പ് ആക്കാനേ പരിപാടി ഇട്ടിരുന്നുള്ളൂ. 1947-ലെ നിയമ പ്രകാരം റബ്ബർ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുംമുമ്പ് റബ്ബർ ബോർഡിനെ കൺസൾട്ട് ചെയ്യണമായിരുന്നു. ഇതിനു പകരം റബ്ബർ ബോർഡിനെ മറികടക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനു പുതിയ നിയമം നൽകുന്നു. ഏതു വ്യവസായത്തെയും റബ്ബർ ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവു നൽകാൻ കേന്ദ്ര സർക്കാരിന് അവകാശം നൽകുന്നു. ഇഷ്ടമുള്ള അംഗങ്ങളെ നിയമിക്കാം. ബോർഡിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നു. 
ഇപ്പോൾ നീതി ആയോഗ് പറയുന്നത് ഈ റബ്ബർ സ്റ്റാമ്പുപോലും വേണ്ടെന്നാണ്. റബ്ബർ ബോർഡ് വേണ്ടെന്നുവയ്ക്കാൻ നീതി ആയോഗ് ശുപാർശ ചെയ്തത്രേ. റബ്ബർ ബോർഡ് ഇല്ലാതാകുന്നതോടെ റബ്ബർ മേഖല പൂർണ്ണമായും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്കു നീങ്ങും. വാണിജ്യവിളകൾക്കെല്ലാം പ്രത്യേകം ബോർഡുകൾ സ്വാതന്ത്ര്യാനന്തര കാലത്തു രൂപം നൽകിയിരുന്നു. ഈ ബോർഡുകളിൽ കൃഷിക്കാർക്കും പ്ലാന്റർമാർക്കുമായിരുന്നു മുൻകൈ. കയറ്റുമതി-ഇറക്കുമതി തീരുമാനങ്ങൾ ബോർഡുകളുടെ ശുപാർശ പ്രകാരമായിരുന്നു. എന്നാൽ വിദേശ വ്യാപാര ഉദാരവൽക്കരണത്തോടെ ഈ സ്ഥിതിവിശേഷം മാറി. കമ്പോള ഇടപെടലുകൾക്കുള്ള ബോർഡുകളുടെ അധികാരം പടിപടിയായി ഇല്ലായ്മ ചെയ്തു. കാപ്പിയിലാണ് ഇതു സമ്പൂർണ്ണമായത്. കാപ്പി കോർപ്പറേറ്റുകളുടെ പിടിയിലായതോടെ കാപ്പിക്കുരുവിന്റെ വിലയും തകർന്നു.
കൃഷിയെ സംബന്ധിച്ച ബിജെപിയുടെ കാഴ്ചപ്പാട് കോർപ്പറേറ്റുകളുടേതാണ്. കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിന് രണ്ടാം ഹരിത വിപ്ലവം അനിവാര്യമാണെന്നാണ് അവർ കരുതുന്നത്. ഒന്നാം ഹരിത വിപ്ലവത്തിൽ നിന്നു വ്യത്യസ്തമായി ജലസേചിത പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാവില്ല പുതിയ തന്ത്രം. വാണിജ്യ വിളകളെയും ഹരിത വിപ്ലവ തന്ത്രപരിധിയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പക്ഷേ ആരാണ് ഇതിനു നേതൃത്വം നൽകുക. സർക്കാർ ഏജൻസികളോ വിള ബോർഡുകളോ ആയിരിക്കില്ല. ആഗ്രി ബിസിനസ് കോർപ്പറേഷനുകളായിരിക്കും. കൃഷിക്കാർ അവരുമായി കരാറിൽ ഏർപ്പെട്ടാൽ മതി. അവർ വായ്പയും വിപണിയും സാങ്കേതികവിദ്യയുമെല്ലാം ഉറപ്പാക്കിക്കൊള്ളും. ഇങ്ങനെയൊരു ഭാവിയാണ് ബിജെപി റബ്ബർ കൃഷിക്കാർക്കു വാഗ്ദാനം ചെയ്യുന്നത്. അപ്പോൾ പിന്നെ എന്തിനു റബ്ബർ ബോർഡ്?
ജി.എസ്.ടി വന്നപ്പോൾ റബ്ബർ സെസ് ജി.എസ്.ടിയിൽ ലയിച്ചു. എന്നാൽ പകരം റബ്ബർ ബോർഡിന് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. അതിന്റെ ഫലമായി കൃഷിക്കാർക്കുള്ള ആനുകൂല്യം റബ്ബർ ബോർഡ് നിർത്തലാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഇന്നത്തെ ദൗർബല്യം മരങ്ങളുടെ പ്രായാധിക്യമാണ്. അവ അടിയന്തരമായി വെട്ടിമാറ്റി റീ-പ്ലാന്റ് ചെയ്യണം. പക്ഷേ, റീ-പ്ലാന്റിംഗിനുള്ള സബ്സിഡി ഇല്ലാതായി. എന്നാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ തോട്ടങ്ങൾ വച്ചു പിടിപ്പിക്കുന്നതിനു വലിയ തോതിൽ സബ്സിഡി നൽകുകയും ചെയ്യുന്നു. 
ഇപ്പോഴും ഇന്ത്യയിലെ 90 ശതമാനം റബ്ബറും ഉൽപ്പാദിപ്പിക്കുന്നതു കേരളമാണ്. പക്ഷേ റബ്ബർ ബോർഡിൽ കേരളത്തിന് ഉണ്ടായിരുന്ന പ്രത്യേക പരിഗണനകളെല്ലാം അവസാനിപ്പിക്കുകയാണ്. മേലുദ്യോഗസ്ഥ തലത്തിൽപ്പോലും പുറത്തുള്ളവരെയാണ് കൂടുതൽ നിയമിക്കുന്നത്. കേരളത്തിലെ റബ്ബർ കൃഷിയെ മുച്ചൂടും മുടിപ്പിക്കാനാണ് ഏതാണ്ട് വൈരാഗ്യബുദ്ധിയോടെ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ഈ ഗൂഡപദ്ധതിക്കെതിരെ കേരളം ഒറ്റക്കെട്ടായി ഉണരണം.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.