Skip to main content

കേരളത്തിലെ റബ്ബർ കർഷകരോടുള്ള വിവേചനത്തിന് യുഡിഎഫ് മറുപടി പറയണം കേരളത്തിലെ റബ്ബർ കൃഷിയെ തകർക്കുന്ന കോൺഗ്രസ് നയം ബിജെപി മുന്നോട്ട് കൊണ്ടുപോവുകയാണ്

ഇന്ത്യയിലെ 90 ശതമാനം റബ്ബറും ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ റബ്ബർ കൃഷിയെ തകർക്കുന്നതിന് നീതി ആയോഗിന്റെ ഗൂഡപദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. റബ്ബർ മേഖലയ്ക്ക് പ്രോത്സാഹനം ആവശ്യമില്ലാത്തവിധം വളർന്നൂവെന്നാണ് നീതി ആയോഗിന്റെ നിരീക്ഷണം. അതുകൊണ്ട് റബ്ബർ ബോർഡിന് ഇനി പ്രസക്തിയില്ലായെന്നാണ് അവരുടെ നിഗമനം.

കേരളത്തിലെ റബ്ബറിന്റെ ശനിദശ ആരംഭിച്ചത് ആസിയാൻ കരാറോടെയാണ്. ഇന്ത്യയ്ക്കു വലിയ നേട്ടമുണ്ടാക്കുമെന്നു പറഞ്ഞാണ് തെക്കു-കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറിൽ കോൺഗ്രസ് സർക്കാർ ഒപ്പുവച്ചത്. ഇന്ത്യയ്ക്കു നേട്ടങ്ങളുണ്ടായി. നമ്മുടെ സോഫ്ടുവെയറിന്റെയും മരുന്നുപോലുള്ള ഉൽപ്പന്നങ്ങളുടെയും ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഗണ്യമായി ഉയർന്നു. അതേസമയം തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അതേ ഭൂപ്രകൃതിയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുമായി. അവിടെനിന്നു റബ്ബറും മറ്റു വാണിജ്യ വിളകളും ഇന്ത്യയിലേക്ക് വലിയതോതിൽ ഇറക്കുമതി ചെയ്യപ്പെട്ടു. ഇതാണ് റബ്ബറിന്റെ വിലയിടിച്ചിലിലേക്കും റബ്ബർ കൃഷിക്കാരനെ വലിയ പ്രതിസന്ധിയിലേക്കും വഴിതെളിയിച്ചത്.

മൻമോഹൻ സിംഗ് ഉദാരവൽക്കരണ നയങ്ങൾ ആവിഷ്കരിക്കുന്നതിനു മുമ്പ് ഇന്ത്യ സ്വീകരിച്ചിരുന്നത് നെഹ്റുവിന്റെ വികസന നയമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്തുനിന്നും വ്യത്യസ്തമായി റബ്ബറിന്റെ ഇറക്കുമതി നിരോധിച്ചു. ഇറക്കുമതി ചെയ്യുന്നതിനു പകരം റബ്ബർ ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ഇതിനായി റബ്ബർ ബോർഡും സ്ഥാപിച്ചു. റബ്ബർ കൃഷിക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനം റബ്ബറിനു ലഭിച്ചുകൊണ്ടിരുന്ന നല്ല വിലയായിരുന്നു. അന്തർദേശീയ വിലയേക്കാൾ 50 ശതമാനം വരെ ഉയർന്ന വില കേരളത്തിൽ റബ്ബറിനു ലഭിച്ചു. ഇതാണ് മലയോര പ്രദേശങ്ങളിലുടനീളം റബ്ബർ കൃഷിയിലേക്ക് ആളുകളെ ആകർഷിച്ചത്. റബ്ബർ ആയിരുന്നു ഏറ്റവും ലാഭകരമായ കൃഷി. തന്മൂലം മധ്യതിരുവിതാംകൂർ മേഖല വിട്ട് റബ്ബറിന് അത്ര അനുയോജ്യമല്ലാത്ത മലബാറിലേക്കും തെക്കൻ തിരുവിതാംകൂറിലേക്കും റബ്ബർ കൃഷി വ്യാപിച്ചു.

റബ്ബറിനു ലഭിച്ച ഈ പരിഗണനയ്ക്കെതിരെ എക്കാലവും ടയർ ലോബി ഉപജാപങ്ങൾ നടത്തിയിട്ടുണ്ട്. വിദേശത്തു നിന്നും റബ്ബർ ഇറക്കുമതി ചെയ്യാൻ അനുവദിച്ചാൽ രാജ്യത്തെ റബ്ബറിന്റെ വില കുറയുമെന്നും അതുവഴി ടയറിന്റെ കയറ്റുമതി വർദ്ധിപ്പിക്കാനാകുമെന്നുമായിരുന്നു അവരുടെ വാദം. രാജ്യത്തെ ദശലക്ഷക്കണക്കിനു വരുന്ന റബ്ബർ കൃഷിക്കാരേക്കാൾ കൈവിരലിൽ എണ്ണാവുന്ന ടയർ വ്യവസായികളുടെ താൽപ്പര്യം ആധിപത്യം നേടിയതിന്റെ തെളിവായിരുന്നു ആസിയാൻ കരാർ.

ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ ഇന്ത്യയിലെ റബ്ബറിന്റെ വിലയും അന്തർദേശീയ വിലയും ഒരുപോലെയായി. റബ്ബറിന്റെ വിലയിടിഞ്ഞു. ഇതോടെ ഉൽപ്പാദനക്ഷമത കുറഞ്ഞ പ്രദേശങ്ങളിലെ റബ്ബർ കൃഷി വലിയ നഷ്ടമായി. റബ്ബർ വെട്ടിമാറ്റി റീ-പ്ലാന്റ് ചെയ്യുന്നതിനു കൃഷിക്കാർ വിമുഖരായി. അതുവീണ്ടും ഉൽപ്പാദന ക്ഷമത കുറച്ചു. റബ്ബർ കൃഷി കൂടുതൽ അനാദായകരമായി.

ആസിയാൻ കരാർ രാജ്യതാൽപ്പര്യത്തിനാണെന്നും അതുവഴി വലിയനേട്ടം രാജ്യത്തിന് ഉണ്ടാകുമെന്നും ആയിരുന്നല്ലോ കോൺഗ്രസ് വാദിച്ചത്. ആയിക്കൊള്ളട്ടേ. എങ്കിൽ മിനിമം ചെയ്യേണ്ടുന്ന ഒരു കാര്യമുണ്ടായിരുന്നു. രാജ്യത്തിനു കിട്ടിയ വലിയ നേട്ടത്തിന്റെ ഒരു ഭാഗം നഷ്ടംപറ്റിയ കേരളത്തിലെ റബ്ബർ കൃഷിക്കാർക്കു നൽകുക. കേരളത്തിലെ റബ്ബർ കൃഷിക്കാരോടുള്ള വിവേചനത്തിനു യുഡിഎഫ് മറുപടി പറഞ്ഞേ തീരൂ.

ഇന്നിപ്പോൾ ബിജെപി ഈ നയം മുന്നോട്ട് കൊണ്ടുപോവുകയാണ്. നഷ്ടപരിഹാരം ഇല്ലെന്നു മാത്രമല്ല, ഉള്ള സഹായങ്ങളും നിർത്തുകയാണ്. ദേശീയ നയത്തിന്റെ ഭാഗമായിട്ടാണ് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് നമ്മുടെ മലയോരങ്ങളിലെല്ലാം റബ്ബർ വച്ചുപിടിപ്പിച്ചത്. അവയെ തകർച്ചയുടെ കയത്തിലേക്കു തള്ളിവിട്ടുകൊണ്ട് വടക്കു-കിഴക്കൻ പ്രദേശങ്ങളിൽ റബ്ബർ വച്ചുപിടിപ്പിക്കാനുള്ള വലിയൊരു ആസൂത്രിത പദ്ധതി തയ്യാറാക്കുകയാണ് കേന്ദ്ര സർക്കാർ.

ഈ പുതിയ വികസനതന്ത്രം നടപ്പാക്കുന്നതിനു കേരളം അടക്കം പങ്കാളിത്തമുള്ള താരതമ്യേന സ്വതന്ത്രമായ ഒരു റബ്ബർ ബോർഡിനേക്കാൾ നല്ലത് വാണിജ്യ മന്ത്രാലയത്തിന്റെ പ്ലാന്റേഷൻ വിഭാഗമായിരിക്കുമെന്നാണു കേന്ദ്ര സർക്കാർ കരുതുന്നത്. റീ-പ്ലാന്റിംഗ് സബ്സിഡി നിർത്തലാക്കി. കൗതുകകരമായ ഒരു കാര്യം ഇന്ത്യയിൽ കൊടുത്തുകൊണ്ടിരുന്ന സബ്സിഡി തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ നൽകുന്നതിനേക്കാൾ വളരെ താഴ്ന്നതായിരുന്നു എന്നതായിരുന്നു. അതുപോലും ഇല്ലാതാവുകയാണ്. പുതിയ പ്ലാന്റേഷനുകൾക്കുള്ള സഹായം കേരളത്തിനു ഇനി ലഭിക്കാൻ സാധ്യതയില്ലല്ലോ. റബ്ബറിനു നീക്കിവയ്ക്കുന്ന പണം മുഴുവൻ പുതിയ പ്ലാന്റേഷനുകൾ വികസിപ്പിക്കുന്നതിനു വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകുകയാണ്. കേരളത്തെ മുച്ചൂടും മുടിപ്പിക്കുന്ന ഈ കേന്ദ്ര നീക്കത്തിനെതിരെ കേരളം ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.