Skip to main content

മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നൽകുന്നു

മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നൽകുന്നുണ്ട്. ഈ ലഹള യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമാണ്. പോൾ ബ്രാസിനെപ്പോലുള്ള പണ്ഡിതർ ഇന്ത്യയിലെ വർഗ്ഗീയ ലഹളകളെക്കുറിച്ചു ചൂണ്ടിക്കാണിച്ചിട്ടുള്ള സവിശേഷത മണിപ്പൂരിനും ബാധമകാണ്. തടയാൻ കഴിയാത്ത, പ്രവചനാതീതമായ, സ്വാഭാവികമായി നടക്കുന്ന ഒന്നല്ല ഹിന്ദു-മുസ്ലിം കലാപങ്ങൾ. മണിപ്പൂരിലെ സംഭവവികാസങ്ങൾ പോൾ ബ്രാസിന്റെ പാഠപുസ്തകത്തിന്റെ മാതൃകയിൽ കൃത്യമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഡൽഹി ഇന്ത്യൻ എക്സ്പ്രസിൽ ഹൈദ്രബാദ് സർവ്വകലാശാലയിലെ ഖാം ഖാൻ എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.

മണിപ്പൂരിൽ 42 ശതമാനം ഹിന്ദുക്കളാണ്. 41 ശതമാനം ക്രിസ്ത്യാനികളാണ്. 9 ശതമാനം മുസ്ലിംങ്ങളും. ക്രിസ്ത്യൻ മതവിഭാഗം മഹാഭൂരിപക്ഷം വിവിധ ഗോത്രവർഗ്ഗക്കാരാണ്. അവർ മലകളിൽ ഏറ്റവും പിന്നോക്കമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ്. ഹിന്ദുക്കളാവട്ടെ മെയ്ത്തി ജാതിയിൽപ്പെട്ടവരാണ്. അവർ താഴ്വരകളിലെ ഫലഭൂയിഷ്ഠമായ മേഖലകളിലും നഗരങ്ങളിലുമായി താമസിക്കുന്നു. താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് ഇവർ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 62 സീറ്റിൽ 32 എണ്ണത്തിൽ വിജയിച്ചു. കോൺഗ്രസിനു വെറും 5 സീറ്റ് മാത്രമാണു ലഭിച്ചത്. ജനതാദൾ(യു) ഉം, നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) 6 സീറ്റുകൾ വീതം വിജയിച്ചു. നാഗാ പീപ്പിൾസ് ഫ്രണ്ടിന് 5 സീറ്റും. ബിജെപിയും എൻപിപിയും നാഗാ ഫ്രണ്ടും ഒരു മുന്നണിയായിട്ടാണ് ഇപ്പോൾ ഭരണം. എങ്കിലും ശ്രദ്ധേയമായ കാര്യം ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെന്നുള്ളതാണ്. എങ്ങനെ ഇതു നേടി?

ബിജെപിക്ക് ഇപ്പോഴും ഹിന്ദുസമുദായത്തിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ക്രിസ്ത്യൻ ന്യൂനപക്ഷത്തെ കൂട്ടുപിടിച്ചാണ് ഭൂരിപക്ഷം നേടിയത്. അതിന് കേരളത്തിലെ ക്രിസംഘികളെപ്പോലെ ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുത്തു. അതിന് നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെയാണ് കൂടുതൽ ഉപയോഗപ്പെടുത്തിയത്. അതുപോലെ തന്നെ മുസ്ലിം വിരോധവും. മുസ്ലിംങ്ങൾ മ്യാന്മാറിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന പ്രചാരണം ഇത് എളുപ്പമാക്കിത്തീർത്തു.

2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 60ൽ 21 സീറ്റേ ലഭിച്ചുള്ളൂ. മറ്റുള്ള പാർട്ടികളിൽ നിന്നും കാലുമാറ്റിച്ച് ഭൂരിപക്ഷമുണ്ടാക്കി ആദ്യമായി ബിജെപി ഭരണം സ്ഥാപിച്ചു. 28 സീറ്റ് നേടി ഭൂരിപക്ഷത്തിൻ്റെ അടുത്ത് എത്തിയ കോൺഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. ഭരണം ഉപയോഗപ്പെടുത്തി വളരെ ചിട്ടയായി ഹിന്ദു വർഗ്ഗീയത വളർത്താനുള്ള പരിശ്രമമാണ് പിന്നീടു നടന്നത്. പല ട്രൈബൽ മേഖലകളിലും താമസിച്ചിരുന്നവർ മ്യാന്മാറിൽ നിന്നും കുടിയേറിയവരാണെന്ന വ്യാപകമായ പ്രചാരണം നടന്നു. ചില ഒഴിപ്പിക്കൽ നടപടികളും സർക്കാർ സ്വീകരിച്ചു. മെയ്ത്തി വിഭാഗമാണ് മണിപ്പൂരിന്റെ യഥാർത്ഥ അവകാശികളെന്ന ചിന്താഗതി പിരികയറ്റി. എങ്കിലും ക്രിസ്ത്യൻവിരുദ്ധ ആക്രമണം കെട്ടഴിച്ചു വിട്ടില്ല. ക്രിസംഘികളുടെ സഹായത്തോടെയാണല്ലോ 2022ലെ മിന്നുന്ന വിജയം ബിജെപി കരസ്ഥമാക്കിയത്.

എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിയുടെ പ്രഥമലക്ഷ്യം മെയ്ത്തി വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളെ മുഴുവൻ തങ്ങളോടൊപ്പം കൊണ്ടുവരികയെന്നതായി. കോടതിയിൽ മെയ്ത്തി വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. അതു പരിശോധിക്കാനുള്ള കോടതിവിധിയെ ഉപയോഗപ്പെടുത്തി മെയ്ത്തിക്കും സംവരണം അനുവദിച്ചു. അതും പോരാഞ്ഞ് അവരെ പട്ടികവർഗ്ഗക്കാരുമായിട്ട് അംഗീകാരം നൽകി. അതോടെ ഗിരിവർഗ്ഗ മേഖലകളിൽ ഭൂമി മെയ്തിക്കാർക്കു വാങ്ങാമെന്നായി. തൊഴിലും ഭൂമിയും നഷ്ടപ്പെടുന്നമെന്ന ഭീഷണി നേരിട്ടപ്പോൾ ചില പട്ടികവർഗ്ഗ ഗോത്രക്കാർ സമരത്തിനിറങ്ങി. സംഘർഷങ്ങൾ മൂർച്ഛിച്ചു. അതാണ് ഇന്നത്തെ ലഹളയായി മാറിയത്. ഇതാണ് ബിജെപി ആഗ്രഹിച്ചത്. ഇന്ന് മണിപ്പൂർ വർഗ്ഗീയമായി ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. വ്യാപകമായി പള്ളികൾ ആക്രമിക്കപ്പെടുന്നു. പട്ടികവർഗ്ഗ അവകാശം നഷ്ടപ്പെടുന്നതിനെതിരെയുള്ള ചെറുത്തുനിൽപ്പിനെ രണ്ട് വിഭാഗം മതവിശ്വാസികൾ തമ്മിലുള്ള വർഗ്ഗീയ ലഹളയായി വളരെ ആസൂത്രിതമായി മാറ്റിയെടുത്തു.

പക്ഷേ, ന്യൂനപക്ഷങ്ങൾ എണ്ണത്തിൽ പ്രബലമാണല്ലോ. അവരുടെ പിന്തുണയില്ലാതെ ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പ് എങ്ങനെ നേടാനാകും? നടക്കുന്നത് വംശീയ ശുദ്ധീകരണമാണ്. നവമാധ്യമങ്ങളിൽ പാലായനം ചെയ്യുന്ന പട്ടികവർഗ്ഗക്കാരുടെ ചിത്രങ്ങൾ കാണാം. അവർ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അഭയാർത്ഥികളായി പാലായനം ചെയ്യുകയാണ്. അഭയാർത്ഥികൾക്ക് എവിടെ വോട്ട്?

കേരളം മണിപ്പൂർ അല്ല. ഇടതുപക്ഷത്തിനാണ് ഇവിടെ മുൻതൂക്കം. എങ്കിലും നമ്മളെ തകർക്കാൻ ഏതോ ഒരു ഭീകരപദ്ധതി ബിജെപി സ്വരുക്കൂട്ടുന്നതെന്നുവേണം ഊഹിക്കാൻ. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ ഭൂരിപക്ഷം തങ്ങൾക്ക് ഒപ്പമാണെന്നു പറഞ്ഞുകൊണ്ടാണല്ലോ ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽ ഒരു വിഭാഗത്തെ തങ്ങളോടൊപ്പം കൂട്ടാൻ കേരളത്തിൽ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി അവർ മുസ്ലിം വിരോധത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. പക്ഷേ, കേരളത്തിൽ സംസ്ഥാന വ്യാപകമായ ഒരു ലഹള നടത്തുന്നതിനുള്ളശേഷി ബിജെപിക്ക് ഇന്നും ഇല്ല എന്നതാണു സത്യം.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.