Skip to main content

വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കണം

മണിപ്പൂരിലും ഉത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാർ തുടരുന്നത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകൾ ഇരു സംസ്‌ഥാനത്തും ശ്രമിക്കുന്നത്. സംഘപരിവാറിൻറെ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തോട് ഹിന്ദുമത വിശ്വാസികളിൽ മഹാഭൂരിപക്ഷവും എതിരാണ്. മണിപ്പൂരിൽ ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയുണ്ടായി. പാർലമെന്റ് ഉദ്ഘാടന ദിവസം മാത്രം നാല്പത് കുക്കി ഗോത്രക്കാരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആകെ അൻപതിനായിരത്തോളം പേരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.
ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ കൂടെ നിർത്തി ഗോത്രവിഭാഗക്കാരായ കുക്കികൾക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് സംഘപരിവാർ നേതൃത്വത്തിൽ അഴിച്ചുവിടുന്നത്.
കുക്കികളും മെയ്തികളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങളെ അപകടകരമാം വിധത്തിൽ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ബിജെപി ചെയ്തത്. മെയ്തി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി ബിരേൻ സിംഗ് കുക്കികൾക്കുനേരെയുള്ള വംശീയ പ്രചരണങ്ങൾക്ക് ആക്കം കൂട്ടുന്ന രീതിയിൽ പ്രസ്താവനകൾ നടത്തുകയുമുണ്ടായി. ആർഎസ്‌എസ് അനുകൂല സംഘടനകളായ ആരംബായ്‌ തെംഗോൽ, മെയ്‌തീ ലീപുൺ എന്നീ സായുധ സംഘങ്ങളുടെ നേതൃത്വത്തിൽ ഗോത്രവിഭാഗമായ കുക്കികളുടെ ക്രൈസ്തവ ദേവാലയങ്ങൾ നിരന്തരമായി തകർക്കപ്പെടുന്ന സ്‌ഥിതിയാണ് നിലവിലുള്ളത്. പൊലീസിന്റെയും സുരക്ഷാസേനകളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം മെയ്തി ആക്രമി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്.
ബിജെപി മണിപ്പൂരിൽ അധികാരത്തിൽ വന്ന 2017 ന് ശേഷമാണ് സംസ്‌ഥാനത്ത് വർഗീയ-വംശീയ സംഘർഷങ്ങൾ രൂക്ഷമായത്. സംഘപരിവാറിന്റെ ഹൈന്ദവ ദേശീയതയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂരിൽ നിലവിൽ കാണാൻ കഴിയുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മണിപ്പൂരിനെ കലാപക്കളമാക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ മനസ്സുകൾ ശബ്ദമുയർത്തേണ്ടതുണ്ട്.
ക്രൈസ്തവവേട്ടയാണ് മണിപ്പൂരിലെങ്കിൽ ഉത്തരാഖണ്ഡിൽ ആസൂത്രിതമായ മുസ്ലിം വേട്ടയാണ് നടക്കുന്നത്. വ്യാജ "ലൗജിഹാദ്‌" പ്രചാരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ്‌ സംഘപരിവാർ ഇവിടെ ശ്രമിക്കുന്നത്. "മുസ്ലിങ്ങളില്ലാത്ത ഉത്തരാഖണ്ഡ്‌" എന്ന അങ്ങേയറ്റം വർഗ്ഗീയ ഉള്ളടക്കമുള്ള ക്യാമ്പയിനാണ് ഹിന്ദുത്വ ശക്തികൾ നടത്തുന്നത്. ലൗജിഹാദിനൊപ്പം "വ്യാപാർ ജിഹാദെ"ന്ന പുതിയ വർഗ്ഗീയ വിദ്വേഷ പ്രചാരണത്തിനും സംഘപരിവാർ തുടക്കമിട്ടിട്ടുണ്ട്. എല്ലാ മുസ്ലിം വ്യാപാരികളും തങ്ങളുടെ കടകൾ ഒഴിഞ്ഞുപോകാൻ "ദേവ്‌ഭൂമി രക്ഷാ അഭിയാൻ" എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് തിട്ടൂരം പുറപ്പെടുവിച്ചത്. ഇതേ സംഘടനയാണ് മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനായി ഉത്തരകാശിയിൽ "മഹാപഞ്ചായത്ത്" വിളിച്ചുകൂട്ടാൻ ആഹ്വാനം നൽകിയതും. ഉത്തരകാശിയിലെ മുസ്ലിങ്ങളുടെ കടകളുടെ പുറത്ത് ഹിന്ദുത്വ ഗ്രൂപ്പുകൾ "X" എന്ന് രേഖപ്പെടുത്തിയത് പണ്ട് ജർമ്മനിയിൽ ജൂത ഗൃഹങ്ങളെ തിരിച്ചറിയാൻ നാസികൾ ചെയ്ത
പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നുണ്ട്. ഉത്തരകാശിയിൽ നിന്നും മുസ്ലിങ്ങളെ പൂർണ്ണമായും ഒഴിപ്പിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് അധികാരികൾക്ക് നിവേദനം നൽകിയത്. ഇല്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കുമെന്നാണ് ഭീഷണി.
ബിജെപി ഭരിക്കുന്ന രണ്ട് സംസ്‌ഥാനത്ത് നടക്കുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ഈ ആസൂത്രിത ആക്രമണങ്ങള്‍ മതരാഷ്ട്രമെന്ന സംഘപരിവാര്‍ അജണ്ടയിലേക്കുള്ള ചുവടുവെപ്പാണ്. മണിപ്പൂരും ഉത്തരാഖണ്ഡും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലകളായി മാറുമ്പോൾ അതിനെ ചെറുക്കേണ്ടത് അനിവാര്യമാണ്. ഈ വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കുകയാണ് ഇന്നിന്റെ കടമ.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.