Skip to main content

“വിരട്ടരുത്” എന്ന് സുധാകരനെക്കൊണ്ട് മോൻസൻ മാവുങ്കലിനോട് പറയിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ?

വിരട്ടലും പ്രതികാരവേട്ടയുമൊന്നും കണ്ട് കോൺഗ്രസ് ഭയപ്പെടില്ല എന്നാണ് കെ സുധാകരനുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പറഞ്ഞത് സിപിഎമ്മിനോടും എൽഡിഎഫ് സർക്കാരിനോടുമാണെങ്കിൽ അദ്ദേഹത്തിന് തെറ്റി. സുധാകരനെയോ കോൺഗ്രസിനെയോ വിരട്ടുകയോ വേട്ടയാടുകയോ പാർടിയുടെയോ സർക്കാരിന്റെയോ അജണ്ടയല്ല. ആയിരുന്നെങ്കിൽ, പരാതി കിട്ടി പിറ്റേ ദിവസമോ പിറ്റേ ആഴ്ചയോ പിറ്റേ മാസമോ സുധാകരൻ അറസ്റ്റിലാവുമായിരുന്നു. അതുണ്ടായില്ല. പരാതിക്കാർ നടപടി സ്വീകരിക്കുന്നതിനുള്ള കാലതാമസം വരുന്നൂവെന്ന് ആക്ഷേപിച്ച് ഹൈക്കോടതിയെ സമീപിക്കുകപോലുമുണ്ടായി. രാഹുൽ ഗാന്ധി പറഞ്ഞതല്ല. നേരെ മറിച്ചാണ് പരാതിക്കാരുടെ ആക്ഷേപം.

ഞങ്ങളൊന്നേ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നുള്ളൂ. “വിരട്ടരുത്” എന്ന് സുധാകരനെക്കൊണ്ട് മോൻസൻ മാവുങ്കലിനോട് പറയിപ്പിക്കാമോ? സത്യത്തിൽ ആരാണ് കെ. സുധാകരനെ ചൂണ്ടുമർമ്മത്തിൽ നിർത്തിയിരിക്കുന്നത്? സാക്ഷാൽ മോൻസൻ മാവുങ്കൽ. പോക്സോ കേസിൽ ആജീവനാന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ഒരു കൊടുംക്രിമിനലിനെ കെപിസിസി പ്രസിഡന്റ് ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? കോൺഗ്രസ് പാർടിയോടും അതിന്റെ പ്രവർത്തകരോടും തരിമ്പെങ്കിലും ബാധ്യതയുണ്ടെങ്കിൽ അതല്ലേ കെ. സുധാകരൻ വിശദീകരിക്കേണ്ടത്?

മോൻസൻ അറസ്റ്റിലായതിനു ശേഷം കെ. സുധാകരൻ നടത്തിയ പൊതു പ്രതികരണങ്ങളിലെ വൈരുദ്ധ്യങ്ങൾ സംബന്ധിച്ച് ഒരു ആഭ്യന്തര അന്വേഷണം നടത്താൻ രാഹുൽ ഗാന്ധി ഒരുക്കമാണോ? എന്തിനായിരുന്നു സുധാകരന്റെ മലക്കം മറിച്ചിലുകൾ? പോക്സോ കേസിൽ ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലിന് താൻ മാപ്പു കൊടുത്തു എന്നാണ് പത്രസമ്മേളനം നടത്തി കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഏതു കൊടുംക്രിമിനലിനോടും ക്ഷമിക്കുന്ന വിശാലഹൃദയം കെ. സുധാകരന് ഉണ്ടെങ്കിൽ നല്ലത്. പക്ഷേ, ഇത് കോൺഗ്രസിന്റെ ഔദ്യോഗിക നയമാണോ ഈ മാപ്പു കൊടുക്കൽ. ഏതൊക്കെ ക്രിമിനൽ കേസുകൾക്ക് ഈ നയം ബാധകമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുമോ?

മാപ്പു കൊടുത്തു എന്നു മാത്രമല്ല കെപിസിസി പ്രസിഡന്റ് പറഞ്ഞത്. താൻ വിശ്വസിച്ച് ഏൽപ്പിച്ച പലകാര്യങ്ങളും മോൻസൻ മാവുങ്കൽ ചെയ്തു തന്നുവെന്നും കെ. സുധാകരൻ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ഇവിടെയും രാഹുൽ ഗാന്ധി മറുപടി പറയേണ്ട ചോദ്യം ഉയർന്നു വരുന്നു. കോൺഗ്രസ് നേതൃത്വം അത്തരം ചുമതലകൾ എന്തെങ്കിലും മോൻസൻ മാവുങ്കലിനെ ഏൽപ്പിച്ചിട്ടുണ്ടോ? അതോ സുധാകരൻ വ്യക്തിപരമായാണോ എന്തെങ്കിലും ഈ ക്രിമിനലിനെ ഏൽപ്പിച്ചത്. അദ്ദേഹം ഒരു സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളല്ലേ. ചില ചുമതലകൾ താൻ മോൻസൻ മാവുങ്കലിനെ ഏൽപ്പിച്ചുവെന്ന് എപ്പോഴെങ്കിലും കെ. സുധാകരൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നോ? കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ, പ്രസ്തുത ചുമതലകൾ സ്തുത്യർഹമായി മോൻസൻ ചെയ്തത്?

ഈ ചോദ്യങ്ങൾ കെ. സുധാകരനോട് ചോദിച്ച് വ്യക്തത വരുത്താനാണ് രാഹുൽ ഗാന്ധി തയ്യാറാകേണ്ടത്. കേരളത്തിലെ അവശേഷിക്കുന്ന കോൺഗ്രസുകാരുടെ ആത്മവിശ്വാസത്തിന്റെ കടയ്ക്കലാണ് സുധാകരൻ കോടാലിയെറിഞ്ഞിരിക്കുന്നത്. തട്ടിപ്പുവീരനായ ഒരു കൊടുംക്രിമിനലുമായിട്ടാണ് കെപിസിസി പ്രസിഡന്റിന് ദീർഘമായ അവിശുദ്ധ ബന്ധം. പൊടിപ്പും തൊങ്ങലും വെച്ച കഥകൾ പ്രവഹിക്കുന്നതിന് മുമ്പ്, ഇക്കാര്യങ്ങളെക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ച് നിലപാട് സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.