Skip to main content

സഖാവ് പി കൃഷ്ണപിള്ള ഓർമ്മദിനം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക നേതാവും അത്യുജ്ജ്വലനായ സംഘാടകനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനമാണ് ഇന്ന്. കേരളത്തിലാകെ സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വർഗ്ഗ പ്രസ്‌ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണ്.
ദേശീയസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച സഖാവ്, ഉപ്പു സത്യഗ്രഹ കാലത്ത് വടകരയിൽ നിന്നും പയ്യന്നൂരിലേക്ക് സംഘടിപ്പിച്ച ജാഥയിലൂടെയാണ് പൊതു രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. അന്ന് ഉപ്പു കുറുക്കാൻ നിയോഗിക്കപ്പെട്ട ഒരു വളണ്ടിയർ സംഘത്തിന്റെ ലീഡർ കൃഷ്ണപിള്ളയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിൽ നിർണ്ണായകവും ചരിത്രപരവുമായ നേതൃത്വം നൽകി.
1937ല്‍ കോഴിക്കോട്ട്‌ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി സെല്ലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച കൃഷ്ണപിള്ള 1939 ൽ പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സഖാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ കേരള ഘടകം മുഴുവനായും കമ്മ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകമായി മാറുകയായിരുന്നു.
ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ പ്രചോദന കേന്ദ്രമായിരുന്നു കൃഷ്ണപിള്ള. സമരത്തിന് മുന്നോടിയായി നടന്ന 1946 സെപ്തംബർ 15 ന്റെ പണിമുടക്കവും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണവും ഒളിവു കാലത്ത് പാർടി സെക്രട്ടറി എന്ന നിലയില്‍ സഖാവിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായിരുന്നു. കൽക്കത്താ തീസിസിനുശേഷം കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടതിനെ തുടർന്നുള്ള ആലപ്പുഴയിലെ ഒളിവുജീവിതത്തിനിടെയാണ് 1948 ആഗസ്‌റ്റ്‌ 19-ന്‌ സഖാവ് സര്‍പ്പദംശമേറ്റ്‌ മരണമടയുന്നത്.
കമ്മ്യൂണിസ്റ്റ് പാർടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിൽ നിസ്തുലമായ പങ്കാണ് സഖാവ് കൃഷ്ണപിള്ള വഹിച്ചത്. ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന അവിസ്മരണീയമാണ്. സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.