Skip to main content

ആസ്തി വിൽപ്പനയുടെ ഉള്ളറകൾ

‘ആസ്തിവിൽപ്പനയിലൂടെ സ്വകാര്യമേഖലയിൽനിന്നുള്ള നിക്ഷേപം പ്രയോജനപ്പെടുത്തി അടിസ്ഥാന വികസനത്തിനാവശ്യമായ ധനം സമാഹരിക്കുക എന്നതാണ് ആസ്തിവിൽപ്പന നയത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് ആവശ്യമാണ്. ഉയർന്ന സാമ്പത്തികവളർച്ച നേടാനും ഗ്രാമീണ‐അർധ നഗര മേഖലകളെ ആകമാനം സുഗമമായി സംയോജിപ്പിക്കാനും ഇതിലൂടെ സാധിക്കും'‐ദേശീയ ആസ്തിവിൽപ്പന നയം (നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ) പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കുകളാണ്‌ ഇത്. എന്നാൽ, അടിസ്ഥാനസൗകര്യ വികസനവും എൻഎംപിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് നിതി ആയോഗിന്റെ വിശദമായ രണ്ട് റിപ്പോർട്ടും കേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങളും പരിശോധിച്ചാൽ വ്യക്തമാകും. കേന്ദ്രത്തെ സംബന്ധിച്ച് രാജ്യത്തെ തുറിച്ചുനോക്കുന്ന സാമ്പത്തിക, വിഭവത്തകർച്ചയെ മറയ്‌ക്കാനുള്ള ഒരു ഉപാധി മാത്രമാണ്‌ ഇത്.

സെസ്, സർചാർജ് ഇനങ്ങളിൽ കേന്ദ്രം കോടികൾ പോക്കറ്റിലാക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ അനുദിനമുള്ള മുന്നോട്ടുപോക്ക് പ്രതിസന്ധിയിലാണ്. കോവിഡിനൊപ്പം വൻകിട കോർപറേറ്റുകളെ സഹായിക്കുന്ന നടപടികളും സൃഷ്ടിച്ച ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് മുന്നിലുള്ളത്. ആസ്തിവിൽപ്പന നയം ഗൂഢമായ രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിനുള്ള യഥാർഥ കാരണം ഈ പ്രതിസന്ധിയാണ്‌. ഈ പ്രതിസന്ധി എൻഎംപി നടപ്പാക്കുന്നതിലൂടെ കൂടുതൽ വഷളാകും. കേന്ദ്രത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്ന് നവരത്‌ന കമ്പനികളാണ്. ഇവയുടെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം വലിയ വരുമാന നഷ്ടത്തിലാണ് കലാശിക്കുക. നിക്ഷേപകരെന്ന് പറയുന്നവർക്ക് നൽകുന്ന നികുതി ഇളവുകളും വരുമാനത്തെ കാര്യമായി ബാധിക്കും. നിതി ആയോഗിന്റെ പട്ടികയിൽ പറയുന്ന തുറമുഖങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ആശയവിനിമയ സംവിധാനങ്ങൾ, റോഡുകൾ എന്നിവയെല്ലാം കൈമാറുന്ന സ്ഥിതിയുണ്ടായാൽ ഭാവിയിൽ കേന്ദ്രത്തിന്റെ വരുമാനത്തെ ഞെരുക്കുകയും ഒപ്പം സംസ്ഥാനങ്ങളെ ബാധിക്കുകയും ചെയ്യും. ആത്യന്തികമായി സംസ്ഥാനങ്ങളും ഇരയാകേണ്ടിവരും.

എൻഎംപിയെക്കുറിച്ച് ചർച്ച നടത്താനും ആസ്തികൾ കൈമാറി ധനസമ്പാദനത്തിനുള്ള വഴികൾ കണ്ടെത്താനുമാണ് ഇപ്പോൾ പഞ്ചായത്തുകൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന ഉപദേശം. അതായത് എല്ലാം വിൽപ്പനയ്ക്ക് റെഡിയാണെന്ന സന്ദേശം നൽകിയിരിക്കുന്നു. പഞ്ചായത്തുകളുടെ മൂലധന ആസ്തികൾ വിറ്റഴിച്ച് റവന്യു ചെലവുകൾക്കായി ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിൽപ്പന എതിർക്കപ്പെടാതിരുന്നാൽ ആസ്തികളെല്ലാം ഇല്ലാതാകുന്ന സ്ഥിതി സംജാതമാകും. സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനും പൊലീസ്, പ്രതിരോധം എന്നിവയ്ക്കും ആവശ്യമായ ഫണ്ട് ഭാവിയിൽ സർക്കാരിന്റെ പക്കലില്ലാതെ വരുന്ന അവസ്ഥയും സംഭവിച്ചേക്കാം. ആസ്തിവിൽപ്പന നയമെന്നത് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണ്. ഫെഡറൽ സംവിധാനത്തിന്റെ സ്വഭാവവും ജനങ്ങളുടെ താൽപ്പര്യവും പരിഗണിച്ച് കേന്ദ്രം പുനർചിന്തനം നടത്തണം. ജിഎസ്ടിക്കുശേഷം രാജ്യത്ത്‌ കടുത്ത ആഘാതം സൃഷ്ടിക്കാൻ പോന്നതാണ് ‌ആസ്തി വിൽപ്പന നയം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, ജനങ്ങളുടെ പ്രശ്‌നങ്ങളെ പൂർണമായി അവഗണിച്ചുകൊണ്ടുള്ള മുന്നോട്ടുപോക്ക് എന്നിവയ്ക്കു പുറമെ കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികരംഗം മൂന്നാം മാന്ദ്യം ദർശിക്കുന്ന വേളയിലെ കേന്ദ്രത്തിന്റെ ആസൂത്രണത്തിലെ പോരായ്മയും വ്യക്തമായിരിക്കുകയാണ്.

കേരളത്തിലെ സാഹചര്യം കേന്ദ്രനയങ്ങളെ തുടർന്ന് കേരളത്തിന്റെ റവന്യു വരുമാനത്തിൽ കുത്തനെയുള്ള ഇടിവുണ്ടാകും. ജിഎസ്ടി മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തുന്നതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള 14 ശതമാനത്തിൽനിന്നുള്ള ഗ്രാന്റ് അടുത്ത ജൂലൈമുതൽ നിർത്തലാകും. ഈവർഷം ഏകദേശം 13,000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിനു ലഭിച്ചു. ഇതുമായി ചേർത്തുവായിക്കുമ്പോഴാണ് പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാകുക.

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതിയിൽനിന്നുള്ള കേരളത്തിന്റെ വരുമാനവും കുറഞ്ഞിട്ടുണ്ട്. 1970‐80ൽ സംസ്ഥാനത്തിന് 3.92 ശതമാനം വിഹിതം ലഭിച്ചിരുന്നു. 12ഉം 13ഉം ധന കമീഷനുകളുടെ കാലയളവിൽ ഇത് യഥാക്രമം 2.66 ശതമാനമായും 2.34 ആയും കുറഞ്ഞു. 14-ാം ധന കമീഷന്റെ കാലത്ത് വീണ്ടുമിത് ഉയർന്ന് 2.45 (2.50) ശതമാനമായി. എന്നാൽ, 15-ാം ധന കമീഷൻ ഇത് 1.92 ശതമാനത്തിലേക്ക് താഴ്ത്തി. സംസ്ഥാന സർക്കാരിന്റെ വാദഗതികളെ അവഗണിച്ചുകൊണ്ട് കമീഷൻ ഇതിനായി പുതിയ അളവുകോൽ നിശ്ചയിച്ചതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിച്ചത്. 14-ാം ധന കമീഷന്റെ ശുപാർശയുടെ ഫലമായി 2019‐20ൽ 17,000 കോടി രൂപ ലഭിച്ചിരുന്നു. പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെട്ടതോടെ 2020‐21ൽ സംസ്ഥാനത്തിന് 6400 കോടിയാണ് നഷ്ടമുണ്ടായത്. 1970‐80ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വർഷത്തെ നഷ്ടം 16,000 കോടിക്ക് മുകളിൽ വരും. 15-ാം ധന കമീഷൻ അനുവദിച്ച 19,800 കോടിയുടെ പ്രത്യേക ഗ്രാന്റ് വരുംവർഷങ്ങളിൽ ലഭിക്കില്ലെന്നതും ഓർക്കണം. റവന്യു വിടവ് നികത്തുന്നതിന് ഈ ഗ്രാന്റ് പ്രാപ്തമല്ലതാനും. പുതിയ നയം കേരളവും കർണാടകവും ഉൾപ്പെടെ നിരവധി സംസ്ഥാനത്തെയാണ് ബാധിച്ചത്.

കേരളത്തിന്റെ പ്രതിവർഷ ചെലവ് 1,10,000 കോടി രൂപയാണ്. അങ്ങനെയുള്ള അവസ്ഥയിൽ 32,000 കോടിയുടെ കുറവാണ് റവന്യൂ വരുമാനത്തിൽ ഉണ്ടാകുക. കേന്ദ്രം പങ്കുവയ്‌ക്കേണ്ട നികുതിയിൽനിന്നുള്ള 7000 കോടിയും ജിഎസ്ടി നഷ്ടപരിഹാര വിഹിതമായ 13,000 കോടിയും നിർത്തലാക്കുന്ന 12,000 കോടിയുടെ ഗ്രാന്റുമാണ് ഈ നഷ്ടത്തിന് ഇടയാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. മാത്രമല്ല, മറ്റു പല സംസ്ഥാനവും സമാന സ്ഥിതിയാണ് നേരിടുക.

ഞാൻകൂടി അംഗമായിരുന്ന രാജ്യസഭാ സെലക്ട് കമ്മിറ്റിയിൽ നടന്ന ജിഎസ്ടി ബിൽ സംബന്ധിച്ച ചർച്ചയിൽ ഇടതുകക്ഷികൾ ശക്തിയുക്തം എതിർത്ത് വിയോജനക്കുറിപ്പ് നൽകിയിരുന്നു. സംസ്ഥാനങ്ങളുടെ ഒരേയൊരു വരുമാനം വിൽപ്പന നികുതിയിൽ നിന്നായിരിക്കുമെന്ന്, വിൽപ്പന നികുതി വരുമാനം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണമെന്ന അസംബ്ലിയുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് ബി ആർ അംബേദ്കർ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഈ ആനുകൂല്യം സംസ്ഥാനങ്ങൾക്ക് നഷ്ടമായി. സമ്പത്തിനുവേണ്ടി സംസ്ഥാനങ്ങൾ കേഴുന്ന സ്ഥിതി സഹകരണ ഫെഡറലിസമെന്ന ആശയത്തിന് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സഹായിക്കേണ്ടതിനു പകരം ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയാണ്‌ കേന്ദ്രം. സെസുകളും സർചാർജുകളും പിരിക്കുന്നതിലൂടെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രത്തിനു ലഭിക്കുന്നുണ്ട്. ഇതിലൊരു വിഹിതം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നൽകാൻ തയ്യാറായിട്ടില്ല, പ്രത്യേകിച്ച് മഹാമാരിയുമായി പടവെട്ടുന്ന നേരത്ത്. പ്രതിസന്ധി നേരിടുന്നതിന് വൻതുക ചെലവഴിക്കേണ്ടി വരുന്നു.

അടിസ്ഥാന സൗകര്യങ്ങളും ഉൽപ്പാദനമേഖലയും വികസിപ്പിക്കുകയാണ് പ്രതിസന്ധി നേരിടാനുള്ള ഏകമാർഗം. ഇതിൽ സംസ്ഥാനങ്ങളെ സഹായിക്കേണ്ട ചുമതല കേന്ദ്രത്തിനുണ്ട്. എന്നാൽ, കോർപറേറ്റുകൾക്കും സ്വകാര്യവ്യക്തികൾക്കും പൊതുസമ്പത്ത് കൈമാറിയും വിറ്റഴിച്ചുമല്ല ഇത് ചെയ്യേണ്ടത്. കേന്ദ്രമാകട്ടെ ആസ്തിവിൽപ്പനയെക്കുറിച്ച് ചർച്ച ചെയ്യാൻ ഗ്രാമസഭകളോടുപോലും നിർദേശിച്ചു. ഇതെന്താണ് സൂചിപ്പിക്കുന്നത്? പഞ്ചായത്തുകളും ആസ്തി വിറ്റഴിച്ച് പണം കണ്ടെത്തണമെന്നാണോ. കഴിഞ്ഞ രണ്ടു മാന്ദ്യത്തെയും ലോകം നേരിട്ടത് ഇങ്ങനെയായിരുന്നില്ല. കാർഷിക, വ്യാവസായിക ഉൽപ്പാദനത്തിന് സഹായിക്കുന്ന സഹകരണ സംവിധാനങ്ങളും കൂട്ടായ്മകളും സൃഷ്ടിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്ന പൊതുനിക്ഷേപമാണ് നമുക്കാവശ്യം. മുമ്പ്‌ ഉണ്ടായിട്ടില്ലാത്ത ഈ സാഹചര്യത്തെക്കുറിച്ചാണ് പാർലമെന്റും ദേശീയ വികസന കൗൺസിലും ജിഎസ്ടി കൗൺസിലും ഗൗരവമായി ചർച്ച ചെയ്യേണ്ടത്. ഈ സ്ഥിതിയിൽനിന്ന് പുറത്തുകടക്കാനുള്ള വഴി ഒത്തൊരുമിച്ച് കണ്ടെത്തണം. പൊതുഇടങ്ങളുടെ അവകാശം സ്വകാര്യവ്യക്തികൾക്ക് കൈമാറുന്നത് രാജ്യത്തെ അധിനിവേശ കാലത്തേക്ക് തിരികെയെത്തിക്കും. ഇത് എന്തായാലും അനുവദിക്കാനാകില്ല.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.