Skip to main content

കിഫ്ബിക്കു യുഡിഎഫിന് ബദൽ ഇല്ല

കിഫ്ബിക്കു യുഡിഎഫിന്റെ ബദൽ എന്ത്? പ്രതിപക്ഷനേതാവിന്റെ ബദൽ കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയതുപോലെ ഓരോന്നിനും പ്രത്യേക കമ്പനികൾ സ്ഥാപിച്ചു വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വായ്പകള്‍ സ്വീകരിച്ചു നടപ്പാക്കുകയെന്നതാണ്.

ഇതിന് എൽഡിഎഫും എതിരല്ല. മേൽപ്പറഞ്ഞ വൻകിട പദ്ധതികളെല്ലാം എൽഡിഎഫിനും യുഡിഎഫിനും പങ്കുണ്ടെന്നുള്ള യാഥാർത്ഥ്യം പ്രതിപക്ഷനേതാവ് നിഷേധിക്കില്ലായെന്നു കരുതട്ടെ. അതുകൊണ്ട് ഈ മാർഗ്ഗം എൽഡിഎഫും യുഡിഎഫും അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷേ, ഈ പ്രൊജക്ടുകളൊക്കെ ആദായദായകമായ പ്രൊജക്ടുകളാണ്. അല്ലാതുള്ള പശ്ചാത്തലസൗകര്യങ്ങൾ എങ്ങനെയാണ് ഈ മാതൃകയിൽ നിർമ്മിക്കുക?

ഇതിനുള്ള ഉത്തരമാണ് 2011ലെ ബജറ്റ് പ്രസംഗത്തിൽ ഞാൻ നിർദ്ദേശിച്ചതും 2016ലെ ബജറ്റ് പ്രസംഗത്തിൽ ശ്രീ. ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ചതുമായുള്ള പദ്ധതി. ശ്രീ. ഉമ്മൻ ചാണ്ടിയെ ഒന്നുകൂടി ഉദ്ധരിക്കട്ടെ: “കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കു 30,000 കോടി രൂപ മൂലധനം സമാഹരിക്കുന്നതിനായി Kerala Infrastructure Investment Fundനെ സജ്ജമാക്കുന്നതാണ്”. വിഡി സതീശൻ ഇത് അംഗീകരിക്കുന്നില്ല. ഇതു സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല. അതുകൊണ്ട് ഒന്നുകൂടി ചോദ്യം ആവർത്തിക്കേണ്ടതുണ്ട്. ശ്രീ. ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച കിഫ്ബി “വായ്പ തിരിച്ചടക്കാന്‍ സാധിക്കുന്ന Self Sustaining പദ്ധതികൾ” മാത്രം ഏറ്റെടുക്കുന്ന സ്ഥാപനമായിരിക്കുമെന്ന് എങ്ങനെയാണു പറയാൻ കഴിയുക? ഇത്തരം പ്രൊജക്ടുകൾ അവയ്ക്കു പ്രത്യേകം കമ്പനികൾ രൂപീകരിച്ചു, ആ കമ്പനികൾ വഴി വായ്പയെടുത്താൻ പോരേ? എന്തിനു പ്രത്യേകമൊരു സ്ഥാപനം?

മെട്രോ പോലുള്ള പ്രൊജക്ടുകൾക്കേ വായ്പയെടുത്ത് അതിന്റെ വരുമാനത്തിൽനിന്ന് വായ്പ തിരിച്ചടയ്ക്കാനാകൂ. അതും ദീർഘനാളിൽ. കൊച്ചിൻ മെട്രോയുടെ വരുമാനനഷ്ടം ഇപ്പോൾ സർക്കാർ വർഷംതോറും നികത്തിക്കൊണ്ടിരിക്കുകയാണല്ലോ.

പക്ഷേ, എങ്ങനെയാണ് ഈ മാതൃകയിൽ നമ്മുടെ സംസ്ഥാനപാതകളും ജില്ലാപാതകളും ആധുനികവൽക്കരിക്കുക? ചുരുങ്ങിയത് 40000 കോടി രൂപയെങ്കിലും മുതൽമുടക്കു വേണം. ഇതു ശ്രീ. സതീശൻ പറയുന്ന Self Sustaining മാതൃകയിൽ ആകണമെങ്കിൽ ടോൾ പിരിച്ചേ മതിയാകൂ. അതാണോ യുഡിഎഫിന്റെ മോഡൽ? അതല്ലെങ്കിൽ ദേശീയപാതയുടെ വികസനത്തിന് 6000 കോടി സംസ്ഥാനം നൽകണം. അതും ഒറ്റവർഷത്തിനുള്ളിൽ. എങ്ങനെയാണ് ഈ പണം Self Sustaining മോഡലിൽ നൽകുക? സ്കൂൾ നവീകരണത്തിനും ആശുപത്രി നവീകരണത്തിനും 6000-ത്തോളം കോടി രൂപ മുടക്കണം. ഇവ Self Sustainable ആക്കാൻ ഇനി ഇവിടെയെല്ലാം യൂസർഫീ ഏർപ്പെടുത്തണമോ?

എവിടെയെല്ലാം വരുമാനദായക പ്രൊജക്ടുകൾക്കു ഫണ്ട് നൽകുന്നുവോ അവിടെയെല്ലാം കിഫ്ബിയും തിരിച്ചടവ് നിർബന്ധമാക്കുന്നുണ്ട്. അഥവാ ആ പ്രൊജക്ടുകൾ Self Sustainable ആണ്. അങ്ങനെ അല്ലാത്ത പ്രൊജക്ടുകൾ എങ്ങനെയാണ് ഏറ്റെടുക്കുക? അതിനു യുഡിഎഫിന്റെ ബദൽ എന്ത്?

ഇവിടെ യുഡിഎഫിന്റെ ബദൽ മാതൃക ആന്വിറ്റി മോഡലിൽ കരാർ കൊടുക്കുകയാണ്. കരാറുകാരൻ വായ്പയെടുത്തു പണിയണം. സർക്കാർ 15-20 വർഷംകൊണ്ട് പണം നൽകും. പക്ഷേ, കരാറുകാരൻ ടെണ്ടർ എടുക്കുമ്പോൾ എസ്റ്റിമേറ്റ് തുകയ്ക്കൊപ്പം 15-20 വർഷക്കാലത്തെ പലിശകൂടി ചേർത്താണ് തുക നിശ്ചയിക്കുക. ഞങ്ങൾ ഈ ഇംപ്ലിസിറ്റ് പലിശ നിരക്ക് എത്ര വരുമെന്നു യുഡിഎഫിന്റെ കാലത്തും എൽഡിഎഫിന്റെ കാലത്തും ടെണ്ടർ വിളിച്ചുകൊടുത്ത ഏതാനും പ്രവൃത്തികൾ എടുത്തു പരിശോധിക്കുകയുണ്ടായി. ഞെട്ടിപ്പിക്കുന്ന തുകയാണു ഞങ്ങൾ കണ്ടത്: 12-18 ശതമാനമാണ് ഈ ടെണ്ടറുകളിലെ പലിശനിരക്ക്. ഈ പലിശ നൽകുന്നതിന് പ്രതിപക്ഷനേതാവിന് ഒരു വൈമസ്യവും ഇല്ല. പ്രതിഷേധവും ഇല്ല. പക്ഷേ, കിഫ്ബി 9.723 ശതമാനം പലിശയ്ക്കു മസാലബോണ്ട് വഴി പണം സമാഹരിച്ചതിനോടു ഭയങ്കര എതിർപ്പാണ്. വളരെ വിചിത്രമായ ഇഷ്ടാനിഷ്ടങ്ങൾ തന്നെ.

കിഫ്ബി ഒരു ആന്വിറ്റി മാതൃകയാണ്. ഓരോ പ്രൊജക്ടും നേരിട്ടു കരാറുകാരനു ടെണ്ടർ വിളിച്ചു നൽകുന്നതിനു പകരം കമ്പോളത്തിൽ നിന്നും പണം സമാഹരിച്ചു പ്രൊജക്ട് നടപ്പാക്കാൻ കിഫ്ബിയെ അധികാരപ്പെടുത്തുന്നു. ഇതിന്റെ ചെലവിലേക്കു വർഷംതോറും മുൻകൂട്ടി നിശ്ചയിച്ച ഒരു ആന്വിറ്റി ഗ്രാന്റ് നൽകുന്നു.

ശ്രീ. വിഡി സതീശന്റെ എന്നോടുള്ള ചോദ്യം ഇതാണ്: “ആന്വിറ്റി മാതൃക തന്നെയാണ് കിഫ്ബി പിന്തുടരുന്നതെന്ന വിചിത്ര വാദമാണ് ഐസക്ക് ഉയര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ കിഫ്ബി പുതിയ സാമ്പത്തിക മാതൃകയാണെന്ന് അങ്ങ് വാദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?"

ഇപ്പോഴും അതു മനസിലായില്ലെങ്കിൽ കഷ്ടം തന്നെ. ഓരോ കരാറുകാരനെയും ടെണ്ടർ വിളിച്ച് ആന്വിറ്റി കരാറിൽ ഒപ്പു വയ്ക്കുന്നതിനുപകരം ഒരു പൊതുമേഖലാ സ്ഥാപനവുമായിട്ടാണ് രണ്ടാമത്തെ മാതൃകയിൽ ഒപ്പ് വയ്ക്കുന്നത്. ആദ്യത്തെ മാതൃകയിൽ ഓരോ പ്രൊജക്ടിനും സ്വന്തമായിട്ടു പണം സമാഹരിക്കാൻ കഴിയുന്ന കരാറുകാർ വേണം. അവരുടെ എണ്ണം പരിമിതമായിരിക്കുന്നതുകൊണ്ടു മത്സരം കുറവായിരിക്കും. അതുകൊണ്ട് കൊള്ളപ്പലിശ അവർ ഈടാക്കുന്നു. എന്നാൽ കിഫ്ബി മോഡലിൽ കിഫ്ബിയാണു പണം സമാഹരിക്കുന്നത്. ന്യായമായ പലിശയ്ക്കു വാങ്ങുന്നതിനും കമ്പോളമത്സരത്തിലൂടെ ടെണ്ടർ വില നിശ്ചയിക്കുന്നതിനും കഴിയുന്നു.

അപ്പോൾ പ്രതിപക്ഷനേതാവിന്റെ തുടർചോദ്യം ഇതാണ്: “കരാറുകാര്‍ വായ്പയെടുത്തു നടത്തുന്ന ആന്വിറ്റി മാതൃക കിഫ്ബി പിന്തുടരുന്നെങ്കില്‍ 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ടുകളിലൂടെ സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത് എന്തിന് വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കാമോ?"

മസാലബോണ്ടിന്റെ പലിശ യുഡിഎഫിന്റെ ആന്വിറ്റി പ്രോഗ്രാമിനേക്കാൾ എത്രയോ താഴ്ന്നതാണെന്നു നേരത്തെ പറഞ്ഞുകഴിഞ്ഞു. ഇങ്ങനെ സമാഹരിച്ച പണം താഴ്ന്ന പലിശയ്ക്ക് എന്തിനു സ്വകാര്യബാങ്കുകളിൽ നിക്ഷേപിച്ചുവെന്ന ചോദ്യം. ടെണ്ടർ വിളിച്ച് ഏറ്റവും ഉയർന്ന പലിശ നൽകാൻ കഴിയുന്ന ഗ്രേഡുള്ള ബാങ്കിലാണു നിക്ഷേപിക്കുക. അതിൽ പൊതുമേഖലാ ബാങ്കും സ്വകാര്യ ബാങ്കും ഉൾപ്പെടും.

പണത്തിനു പെട്ടെന്ന് ആവശ്യമില്ലെങ്കിൽ പിന്നെ എന്തിനു വായ്പയെടുത്തൂവെന്നതാകാം അടുത്ത ചോദ്യം. ഉത്തരം വളരെ ലളിതമാണ് സർ. ബില്ല് വരുമ്പോഴല്ല വായ്പയെടുക്കാൻ പോകേണ്ടത്. ബില്ല് വരുമ്പോൾ പണം കൊടുക്കാൻ ഇല്ലെങ്കിൽ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി പോകും. അതുകൊണ്ട് എപ്പോഴും ഒരു കുഷ്യൻ റിസർവ്വ് ഫണ്ട് കൈയിൽ കരുതണം. അതിനാണു വായ്പയായി എടുക്കുന്ന പണം കൊടുത്ത പലിശയേക്കാൾ താഴ്ന്ന നിരക്കിൽ മറ്റു ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്യുന്നത്.

യുഡിഎഫിന് കിഫ്ബിക്കു ബദലായി ഒരു മാർഗ്ഗമില്ല. യുഡിഎഫാണ് ഭരണത്തിലെങ്കിൽ വരുമാനദായകമല്ലാത്ത ഒരു പ്രൊജക്ടും നടപ്പാകില്ല. അല്ലെങ്കിൽ അവിടെയെല്ലാം യൂസർഫീയും ടോളും ഏർപ്പെടുത്തേണ്ടിവരും.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.