Skip to main content

നമ്മുടെ തലമുറകണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് ഇന്ന് പല്സ്തീനിൽ ഉണ്ടായിവരുന്നത്, ലോകമെങ്ങുമുള്ള എല്ലാ മനുഷ്യസ്നേഹികളും തെരുവുകളിലേക്കിറങ്ങേണ്ട കാലമായി

നരേന്ദ്ര മോദിയുടെ സുഹൃത്ത് ബെഞ്ചമിൻ നെത്യാനാഹു ഒരു യുദ്ധക്കുറ്റവാളിയാണ്.

ഗാസയ്ക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം 11 ദിവസം പൂർത്തിയായി. ഹമാസിന്റെ സൈനികനീക്കത്തിൽ 1400 ഇസ്രായേലുകാർ മരിച്ചു. 3500 പേർക്ക് പരിക്കേറ്റു.

അതിനെത്തുടർന്ന് അധിനേവേശിത ഗാസയിൽ ഇസ്രായേൽ ആരംഭിച്ച പൂർണ്ണതോതിലുള്ളയുദ്ധത്തിൽ കഴിഞ്ഞ വരെ കുറഞ്ഞത് 3000 പാലസ്തീനികൾ കൊലചെയ്യപ്പെട്ടു. 10,859 പേർക്ക് പരിക്കുപറ്റി. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു. ഇക്കാലത്തുതന്നെ അധിനിവേശിത വെസ്റ്റ് ബാങ്കിൽ 57 പാലസ്തീൻകാർ കൊല്ലപ്പെട്ടു, 1200 പേർക്ക് പരിക്കേറ്റു. ഗാസാമുനമ്പിൽ കൊല്ലപ്പെട്ടവരിൽ 1000ത്തോളം കുട്ടികളുമുണ്ട്. ഈ മരണവും മുറിവേല്ക്കലും ദിവസേനെ കൂടിവരുന്നു. ആശുപത്രികൾ ഇനി ആളെ എടുക്കാനാവാത്തവിധം നിറഞ്ഞുകവിയുന്നു. ചലവും ചോരയുമാണ് പാലും തേനും ഒഴുകുന്ന നാട് എന്നു പേരുകേട്ട കാനാൻ ദേശത്ത് ഇന്ന് ഒഴുകുന്നത്.

യുദ്ധത്തിൻറെ ആദ്യത്തെ ആറുദിവസത്തെ ബോംബിങിന്റെ കണക്ക് ഇസ്രായേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആറായിരം വ്യോമാക്രമണങ്ങളാണ് ഈ ദിവസങ്ങളിൽ നടത്തിയത്. ഇറാക്കിൽ യുഎസ്എ ഒരു വർഷത്തിലേറെ നടത്തിയ യുദ്ധത്തിൽ ആ വലിയ രാജ്യത്താകമാനം നടത്തിയ വ്യോമാക്രമണങ്ങളുടെ അത്രയും വരും ഗാസാമുനമ്പ് എന്ന ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചെറുപ്രദേശത്ത് ആറുദിവസം കൊണ്ടു ഇസ്രയേൽ നടത്തിയ ഈ ആക്രമണങ്ങൾ. ഈ വ്യോമാക്രമണങ്ങളെല്ലാം ഗാസയിലെ പൌരജനങ്ങൾക്കുനേരെയും ആശുപത്രികളടക്കമുള്ള പൊതുജനസൌകര്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കു നേരെയും വീടുകൾക്കു നേരെയുമാണ്. ഗാസമുനമ്പിലേക്കുള്ള വെള്ളം, വൈദ്യുതി, ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയെല്ലാം അധിനിവേശഭരണകൂടമായ ഇസ്രായേൽ തടഞ്ഞുവച്ചിരിക്കുകയുമാണ്.

പത്തുലക്ഷം പലസ്തീൻകാരാണ് സ്വന്തം നാട്ടിൽ തന്നെ അഭയാർത്ഥികളായിരിക്കുന്നത്. പതിറ്റാണ്ടുകളായി അതിർത്തിവളച്ചുകെട്ടി അധിനിവേശം നടത്തിവച്ചിരിക്കുന്ന സ്ഥലത്തേക്കാണ് ഈ ആക്രമണം മുഴുവൻ. ഏതാണ്ട് ഒരു ജനവിഭാഗത്തെ വരിഞ്ഞുകെട്ടി വച്ചിട്ട് ആകാശത്തുനിന്ന് ബോംബിട്ട് വീര്യം കാണിക്കുകയാണ് ഇസ്രായേൽ.

യുദ്ധത്തിനും നിയമങ്ങളുണ്ട്. അന്താരാഷ്ട്ര ധാരണകളുണ്ട്. ചരിത്രത്തിലും പുരാണങ്ങളിലും ഇതിന് രേഖകളുണ്ട്. ആധുനികകാലത്ത്, 1899ലും 1907ലും നടന്ന ഹേഗ് കൺവെൻഷനുകളാണ് യുദ്ധകാലത്ത് പാലിക്കേണ്ട ചില നിയമങ്ങൾ രൂപപ്പെടുത്തിയത്. 1949ൽ ഒപ്പിട്ട ജനീവ കൺവെൻഷനാണ് പിന്നീട് ഉണ്ടായ ഒരു പ്രധാനനടപടി. 196 രാജ്യങ്ങൾ ഈ കൺവെൻഷനിലെ ധാരണകളിൽ ഒപ്പിട്ടുണ്ട്. ലോകക്രിമിനൽകോടതിയുടെ റോം ചട്ടങ്ങളുടെ എട്ടാം ഖണ്ഡമാണ് ആധുനികകാലത്തേക്ക് യുദ്ധക്കുറ്റങ്ങളെ നിർവചിച്ചത്. ഈ നിയമങ്ങളനുസരിച്ച് പലരും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്, അമേരിക്കക്കാരും ഇസ്രേലികളുമൊഴികെ.

സിവിലിയന്മാരെയോ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സിവിലിയൻ സൌകര്യങ്ങളേയോ ആക്രമിക്കരുത് എന്നത് യുദ്ധനിയമത്തിന്റെ ആധാരശിലകളിലൊന്നാണ്. ഇസ്രായേൽ ഇത് നിസ്സങ്കോചം ലംഘിക്കുന്നു. യുദ്ധത്തടവുകാരെ കൊല്ലരുത്, അപമാനിക്കരുത്. ഇസ്രായേൽ ഇതിന് തെല്ലും വിലവയ്ക്കുന്നില്ല. ബന്ദികളെ വയ്ക്കരുത്. ഇസ്രായേലും ഹമാസും നൂറുകണക്കിന് ബന്ദികളെ പിടികൂടി വച്ചിരിക്കുന്നു. ആണവായുധം, രാസായുധം എന്നിവപോലെ നിരോധിക്കപ്പെട്ട ആയുധങ്ങൾ ഉപയോഗിക്കരുത്. ഇസ്രായേൽ ഈ നിയമവും ലംഘിക്കുന്നു. പൌരരെ നിർബന്ധിത പലായനത്തിന് പ്രേരിപ്പിക്കരുത്. വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് തോക്കിൻമുനയിൽ ആവശ്യപ്പെടുന്നത് ഈ നിയമത്തിന്റെ ലംഘനമല്ലാതെ മറ്റൊന്നുമല്ല. ബലാത്സംഗം, ലൈംഗികഅടിമയാക്കി വയ്ക്കുക തുടങ്ങിയ അക്രമങ്ങൾ ചെയ്യരുത്. അധിനിവേശിതജനതയ്ക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങൾ നിഷേധിക്കരുത് എന്നതും ഒരു യുദ്ധനിയമമാണ്. ഇതും ഒരു കരുണയുമില്ലാതെ ലംഘിക്കുകയാണ് ഇസ്രായേൽ.

നമ്മുടെ തലമുറകണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് ഇന്ന് പല്സ്തീനിൽ ഉണ്ടായിവരുന്നത്. രണ്ടാംലോകമഹായുദ്ധവും ജൂതർക്കും കമ്യൂണിസ്റ്റുകാർക്കും നേരെ നടന്ന കൂട്ടക്കൊലകളും നമ്മുടെ തലമുറയ്ക്കു മുമ്പായിരുന്നു. ഈ നരഹത്യ അടിയന്തിരമായി നിറുത്താൻ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യസ്നേഹികളും തെരുവുകളിലേക്കിറങ്ങേണ്ട കാലമായി.

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.