Skip to main content

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി കേരളം

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്‌പ് പദ്ധതിയില്‍ വരാത്ത ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ സഹായം ഉറപ്പാക്കാനായി മെഡിസെപ് നടപ്പിലാക്കി. 18 വയസിന് താഴെയുള്ള കുട്ടികളുടെ ചികിത്സ ഉറപ്പാക്കാനായി ആരോഗ്യ കിരണം പദ്ധതിയുമുണ്ട്.

കേരളത്തെ സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് എൽഡിഎഫ് സർക്കാർ പരിശ്രമിക്കുന്നത്. ആദ്യമായി സാന്ത്വന പരിചണ നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് നഴ്‌സുമാരുടെ സേവനം കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ഉറപ്പാക്കി. ഗൃഹ പരിചരണം ശാസ്ത്രീയമാക്കി.

സ്ത്രീകളുടെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് വിവ കേരളം പദ്ധതി നടപ്പിലാക്കി. താലോലം, ഹൃദ്യം, ശ്രുതിതരംഗം പദ്ധതികള്‍ വിജയകരമായി തുടരുന്ന പദ്ധതികളാണ്. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. നിലച്ചുപോകുമായിരുന്ന പിഞ്ചു ഹൃദയങ്ങളെ ഈ പദ്ധതിയിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചു. നവജാത ശിശുക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനും തുടര്‍ചികിത്സകള്‍ ഉറപ്പാക്കുന്നതിനും ഡിസ്ട്രിക്‌ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ നടപ്പിലാക്കി.

ആശുപത്രി, ഡോക്ടര്‍, രോഗി അനുപാതത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. നീതി ആയോഗ് സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ശിശുമരണ നിരക്ക് അഞ്ചിനടുത്താണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. പ്രാഥമികതലം മുതല്‍ ചികിത്സയും രോഗപ്രതിരോധവും ശക്തിപ്പെടുത്താന്‍ കഴിഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണത്തില്‍ നല്ല നേട്ടം കൈവരിച്ചു.

ആര്‍ദ്രം മിഷനിലൂടെ ആശുപത്രികളെ ശാക്തീകരിക്കുകയും രോഗീസൗഹൃദമാക്കുകയും ചെയ്‌തുവരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കി. ആര്‍ദ്രം രണ്ടാം ഘട്ടത്തില്‍ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. രോഗ നിര്‍മാര്‍ജനം, രോഗ പ്രതിരോധം, വൈല്‍നസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആരംഭിച്ചു. 30 വയസിന് മുകളിലുള്ള 1.49 കോടി ജനങ്ങളെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി തുടര്‍ ചികിത്സ ഉറപ്പാക്കി. 597 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കി. ആയുഷ് രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി.

കാന്‍സര്‍ ചികിത്സയില്‍ വലിയ മുന്നേറ്റമുണ്ടാക്കി. കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ രജിസ്ട്രി എന്നിവ നടപ്പിലാക്കി. റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ക്ക് പുറമേ മെഡിക്കല്‍ കോളേജുകളില്‍ മികച്ച കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി. കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കി. സൗജന്യമായി കോവിഡ് ചികിത്സ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. മാനസികാരോഗ്യ രംഗത്തും ആദിവാസി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

കേരളത്തെപ്പോലെ വലിയ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് മുതിര്‍ന്നവരുടെ ആരോഗ്യ സംരക്ഷണം, കാലവസ്ഥവ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കുകയാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ആഗോള തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഇവ രണ്ടിലും കേരളം മുന്‍പന്തിയിലാണ്. കേരളം കൈവരിച്ച ആരോഗ്യ സൂചകങ്ങള്‍ പതിറ്റാണ്ടുകളായുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ചതാണ്. നവോത്ഥാന നായകര്‍ മുന്നോട്ട് നയിച്ച അറിവിന്റെ, സത്യത്തിന്റെ, വിദ്യാഭ്യാസത്തിന്റെ മുന്നേറ്റങ്ങള്‍ ഏറെ സഹായിച്ചു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നിവയില്‍ നാം ആര്‍ജിച്ച സാമൂഹിക ബോധ്യത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.