Skip to main content

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്. ഒരു സ്ത്രീയോട് ലൈംഗിക ചേഷ്ടകൾ കാണിച്ച ആഭാസനായ വ്യക്തിക്കെതിരെ പ്രതികരിച്ചു എന്നതാണ് ഇവർ മേയർക്ക് എതിരെ ആരോപിക്കുന്ന കുറ്റം. മേയർ ആര്യ രാജേന്ദ്രനോട് ഒടുങ്ങാത്ത കലിയാണ് കോൺഗ്രസിനും ബിജെപിക്കും ഉള്ളത്. തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്നും തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മോഡിയെ വിമാനത്താവളത്തിൽ ബിജെപിയുടെ മേയർ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. 35 കൗൺസിലർമാർ ബിജെപിക്ക് ഉണ്ടായിരുന്നതും നഗരത്തിലെ കോൺഗ്രസ് നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയും കയ്യിലുള്ള കോടിക്കണക്കിനു രൂപയുമാണ് ഈ വെല്ലുവിളി ഉയർത്താൻ അവരെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. ബിജെപിയുടെ ആ ആഗ്രഹം പൂവണിഞ്ഞില്ല എന്നുമാത്രമല്ല നിലവിലുണ്ടായിരുന്നതിൽ നിന്ന് ഒരു വാർഡ് പോലും കൂടുതൽ ജയിക്കാൻ അവർക്ക് സാധിച്ചില്ല. ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയ കോൺഗ്രസ് വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായി സ: ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്ത് അധികാരമേറ്റു. അന്നുമുതൽ തുടങ്ങിയതാണ് ബിജെപിയുടെയും കോൺഗ്രസുകാരുടെയും ഈ ഹാലിളക്കം. നഗരസഭാ ഭരണം തടസ്സപ്പെടുത്താനും സ : ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഈ സംഘം നിരന്തരമായി പരിശ്രമിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളിൽ ചൂളി പോകുന്ന ആളല്ല താനെന്ന് സ: ആര്യ രാജേന്ദ്രൻ തെളിയിച്ചു.
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോകാൻ അവർക്കായി. സ്മാർട്സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടത്തിന് ഇന്ത്യയിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക നഗരം തിരുവനന്തപുരമാണ്. ഓരോ തവണയും കോൺഗ്രസ് - ബിജെപി - മാധ്യമ സംഘങ്ങളുടെ അപവാദ പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുകയാണ് ഉണ്ടായത്. ഈ കാലയളവിൽ തന്നെയാണ് നഗരസഭയിലെ മൂന്ന് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. മൂന്നിടത്തും എൽഡിഎഫ് നല്ല വിജയം കൈവരിച്ചു. അതുമാത്രമല്ല വർഷങ്ങളായി ബിജെപി കൈവശം വച്ചിരുന്ന വെള്ളാർ വാർഡ് പിടിച്ചെടുക്കുകയും ചെയ്തു. അതോടുകൂടി എല്ലാ സീമകളും ലംഘിച്ചുള്ള ആക്രമണങ്ങളാണ് ഇവർ മേയർക്കെതിരെ നടത്തുന്നത്. കയ്യിൽ കിട്ടുന്ന ഏതു വടിയുമെടുത്ത് സിപിഐ എമ്മിനെതിരെ ഓങ്ങാൻ വേണ്ടി എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങൾ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ബസ്സിലെ ഡ്രൈവർ സിഐടിയുന്റെ ആളും ആര്യയുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും യുവതിയും ആയിരുന്നെങ്കിൽ കെഎസ്ആർടിസി ജീവനക്കാരന്റെ ആക്രമണങ്ങളുടെ കഥകൾ ഈ മാധ്യമങ്ങൾ ചികഞ്ഞു കണ്ടെത്തിയേനെ. മാത്രമല്ല സിഐടിയു കാരനായ ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറിയതിന്റെ ധാർമിക ഉത്തരവാദിത്വം ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരെ വരെ ആരോപിക്കാൻ ഈ മാധ്യമ ഭീമന്മാർ മടികാണിക്കില്ലായിരുന്നു. സ. ആര്യ രാജേന്ദ്രന് നേരെ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.