Skip to main content

കോൺഗ്രസിനും ബിജെപിക്കും രാഷ്ട്രീയമെന്നാൽ കള്ളപ്പണവും അധികാരവും

കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്.
വടക്കെയിന്ത്യയിൽ നേരത്തേ നടന്ന കോൺഗ്രസ് നേതാക്കന്മാരുടെ കാവിവൽക്കരണവും ബിജെപി പ്രവേശനവും മറ്റൊരുതരത്തിലാണ് ഇവിടെ സംഭവിക്കുന്നത്. ഒരുദിവസം രാവിലെ ഇറങ്ങി നേരേ അങ്ങ് ബിജെപിയിൽ ചേരാനുള്ള ധൈര്യവും പ്രിവിലേജും വടക്കേ ഇന്ത്യൻ കോൺഗ്രസിൽ ഉണ്ടെങ്കിലും അത് ഇവിടെ കുറവാണ്. ജനങ്ങൾ അംഗീകരിക്കില്ല എന്നതുതന്നെ കാരണം. അതുകൊണ്ട് അവർ ചില സൂത്രപ്പണികളിലൂടെയാണ് അത് നടത്തുന്നത്.
അടിസ്ഥാനപരമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ട്. “എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും” എന്നോ “ശാഖയ്ക്ക് കാവൽ നിന്നിട്ടുണ്ട്” എന്നോ “ഇവിടെ ബിജെപിയുമായി ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല” എന്നോ പറയാൻ കെപിസിസി പ്രസിഡൻ്റിന് കഴിയുന്നതും സവർക്കറുടെ ചിത്രത്തിന് മുന്നിൽ ഭക്ത്യാദരപൂർവ്വം വണങ്ങി നിൽക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നതും ഈ ഹൃദയബന്ധം കൊണ്ടാണ്.
കോൺഗ്രസിൻ്റെ സമുന്നത നേതാക്കന്മാരുടെ മക്കളായ പദ്മജയും അനിൽ ആൻറണിയും ബിജെപിയിലേക്ക് ചേക്കേറുമ്പോൾ ഒരു പ്രതിഷേധവും ഇല്ലാത്ത കോൺഗ്രസ് നേതാക്കന്മാർക്ക് ഡോ. സരിനെപ്പോലുള്ളവർ വർഗീയതക്കെതിരെ നിലപാടെടുത്ത് ഇടതുപക്ഷത്തേക്ക് വന്നാൽ ഹാലിളകുകയാണ്. വഴിയിൽ കാണുമ്പോൾ ഒന്ന് ചിരിക്കാനോ ഹസ്തദാനം ചെയ്യാനോ പോലും അവർക്ക് കഴിയുന്നില്ല!
കോൺഗ്രസിൻ്റെ പ്രചരണ ബാനറുകളിൽ പലപ്പോഴും സംഘപരിവാർ ആശയങ്ങളും ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങളും കടന്നുവരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഏന്നാൽ അബദ്ധത്തിൽ പോലും ഒരു ഇടതുപക്ഷ ആശയമോ ഇടതുപക്ഷ നേതാവിൻ്റെ ചിത്രമോ അങ്ങനെ വരാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ.
രാജസ്ഥാനിൽ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുമെന്നും അതിൽ ബിജെപി വിജയിക്കുമെന്നും പാർലമെൻ്റിൽ അവർക്കത് വലിയ നേട്ടമാകുമെന്നും അറിയാമായിരുന്നിട്ടും കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വന്ന് മത്സരിക്കാൻ ധൈര്യം കാണിച്ചത് ഈ ബിജെപി ആഭിമുഖ്യവും പിന്നെ രഹസ്യബന്ധവും ഒക്കെത്തന്നെ.
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മറ്റെല്ലായിടത്തും സിറ്റിംഗ് എംപിമാർ മത്സരിച്ചപ്പോൾ വടകരയിലെ സിറ്റിങ് എംപിയെ മാറ്റി തൃശൂരിൽ കൊണ്ടുപോയി അവിടത്തെ എംപിയെ മാറ്റി മത്സരിപ്പിച്ചതും, രണ്ടാം സ്ഥാനത്ത് ബിജെപി ഉണ്ടായിട്ടും പാലക്കാട് എംഎൽഎയ രാജിവയ്പിച്ച് വടകര കൊണ്ടുപോയി മൽസരിപ്പിച്ചതും അവരുടെ ബിജെപി ആഭിമുഖ്യവും വ്യക്തമാക്കുന്നു. തൃശൂരിൽ 86,000 വോട്ടുകൾ ബിജെപി ക്ക് കൊടുക്കാനും അവർക്ക് ഒരു മനസാക്ഷിക്കുത്തും ഉണ്ടായില്ല.
ഇതിനൊക്കെ പുറമെയാണ് കൊടകര കള്ളപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നാലുകോടിയിലധികം രൂപ ഷാഫി പറമ്പിലിന് കൊടുത്തുവെന്ന പ്രതിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ കാര്യമായ പ്രതികരണങ്ങൾ ഒന്നും ഇതുവരെ കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിന് എതിരെ എപ്പോഴും കേന്ദ്ര ഏജൻസികൾക്ക് പരാതി കൊടുക്കുകയും അവരെ വിളിച്ചുകൊണ്ട് വരികയും ചെയ്യുന്ന കോൺഗ്രസ് കൊടകര കള്ളപ്പണക്കേസിൽ മൗനം പാലിക്കുന്നു. കേരളാപൊലീസ് ആവശ്യപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കേസ് ഇഡി അന്വേഷിക്കാൻ തയാറാകാത്തതിൽ കോൺഗ്രസിന് പരാതിയില്ല.
മറുവശത്ത് ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് 170 കോടി രൂപ കൊടുത്ത റോബർട്ട് വധ്ര വയനാട്ടിലെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയുടെ ഭർത്താവാണ്. ബിജെപിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.
രാഷ്ടീയപ്രവർത്തനമെന്നാൽ കള്ളപ്പണവും അധികാരവും മാത്രമാണ് കോൺഗ്രസിനും ബിജെപിക്കും. കേരളത്തിൽ അല്പം വൈകിയെങ്കിലും പ്രതിലോമരാഷ്ടീയക്കാർ ഒന്നിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം അത്തരത്തിലൊരു അവിശുദ്ധ സഖ്യത്തിലേക്ക് പോവുകയാണ്. ഈ ജനവിരുദ്ധ വലതുപക്ഷത്തെ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.