Skip to main content

മഹത്തായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുന്നു

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌. വിപ്ലവത്തിലൂടെ മുന്നോട്ടുവച്ച സാർവത്രിക വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യപരിപാലനം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ ഉണ്ടാക്കിയ നേട്ടങ്ങൾ ലോക കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ വലിയ ഉത്തേജനമായി. കൂടുതൽ രാജ്യങ്ങൾ സോഷ്യലിസ്‌റ്റ്‌ പാത സ്വീകരിക്കാനും നല്ല ലോകത്തിനായുള്ള ജനകീയ പോരാട്ടത്തിനും ഒക്‌ടോബർ വിപ്ലവം ഊർജം പകർന്നു. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ്‌ യൂണിയൻ നേതൃപരമായ പങ്കുവഹിച്ചതിലൂടെ ഫാസിസത്തെയും ഹിറ്റ്‌ലറെയും പരാജയപ്പെടുത്താനായി. ഫാസിസത്തിന്റെ വിപത്തിൽനിന്ന്‌ ലോകത്തെ മോചിപ്പിക്കാനും കോളനി രാജ്യങ്ങളുടെ മോചന പോരാട്ടങ്ങൾക്ക്‌ ഉത്തേജനം പകരാനും സാധിച്ചു. ഇതിനുപുറമെ ജനങ്ങൾക്ക്‌ സാമൂഹ്യസുരക്ഷ വാഗ്‌ദാനം നൽകി ‘ക്ഷേമ രാഷ്ട്രം’ എന്ന ആശയം സ്വീകരിക്കാൻ പല മുതലാളിത്ത രാജ്യങ്ങളെയും നിർബന്ധിതരാക്കി. സോഷ്യലിസ്‌റ്റ്‌ ആശയത്തിന്‌ ജനങ്ങളിൽനിന്ന്‌ വലിയതോതിലുള്ള പ്രതികരണങ്ങൾ ലഭിച്ചതോടെയാണ്‌ ഈ സമീപനം സ്വീകരിക്കാൻ തയ്യാറായത്‌. ശാസ്‌ത്ര-സാങ്കേതിക രംഗങ്ങളിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സോവിയറ്റ്‌ യൂണിയന്‌ സാധിച്ചു. ബഹിരാകാശ സാങ്കേതികവിദ്യയിൽ മുന്നിലെത്തിയതോടൊപ്പം മറ്റ്‌ ശാസ്‌ത്രമേഖലയിലെ നേട്ടങ്ങളും എടുത്തുപറയേണ്ടതാണ്‌. കലാരംഗത്തും സിനിമാമേഖലയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. സാമ്രാജ്യത്വത്തിന്റെ ലോകമേധാവിത്വം സ്ഥാപിക്കാനുള്ള ആക്രമണാത്മകമായ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധകോട്ട തീർത്തു. നിരവധി ദേശീയ വിമോചനപോരാട്ടങ്ങൾക്ക്‌ സോവിയറ്റ്‌ യൂണിയൻ പ്രചോദനവും കരുത്തുമായി മാറി.

റഷ്യയിൽ ഒക്‌ടോബർ വിപ്ലവം നടന്ന കാലഘട്ടത്തിലെ സാഹചര്യത്തിൽനിന്ന്‌ ലോകം ഏറെ മാറി. സോവിയറ്റ്‌ യൂണിയൻ ഇല്ലാതായിട്ട്‌ 33 വർഷമാകുന്നു. അന്നുമുതൽ സാമ്രാജ്യത്വത്തിന്റെ ആധീശത്വം പ്രകടമാണ്‌. അമേരിക്കൻ സാമ്രാജ്യത്വവും നാറ്റോയും മറ്റു രാജ്യങ്ങളിൽ ഇടപെട്ട്‌ ആക്രമണാത്മക അധിനിവേശ യുദ്ധമുറകൾക്കാണ്‌ 1991നു ശേഷമുള്ള മൂന്നു പതിറ്റാണ്ട്‌ സാക്ഷ്യംവഹിച്ചത്‌. നവലിബറൽ മുതലാളിത്തത്തിന്റെ പ്രതിസന്ധി തരണം ചെയ്യാൻ യൂറോപ്പിലെയും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനങ്ങളുടെമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുമ്പോഴാണ്‌ ലോകമെമ്പാടും അമേരിക്ക സാമ്രാജ്യത്വ മേധാവിത്വം നിലനിർത്താനുള്ള നീക്കം ശക്തമാക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാകുകയും ലോകമെമ്പാടും മാന്ദ്യത്തിന്റെ ഭീഷണി നേരിടുകയുമാണ്‌. ധനമൂലധനത്തിന്റെ അപചയങ്ങൾ വൻകിട കോർപറേറ്റുകളുടെയും അതിസമ്പന്നരുടെയും ലാഭവും സമ്പത്തും ഗണ്യമായി വർധിപ്പിക്കുന്നതിലേക്ക് എത്തിച്ചു. നവലിബറലിസത്തിന്റെ പ്രവർത്തനങ്ങൾ, അതിന്റെ കഠിനമായ നടപടികൾ, വംശീയ-ദേശീയതയുടെ ഉയർച്ച, മതതീവ്രവാദം എന്നിവയെല്ലാം ആഗോളതലത്തിൽ വലതുപക്ഷത്തിന്‌ മേൽക്കൈ നേടാൻ കാരണമായി.
ഇന്ത്യയിൽ ഹിന്ദുത്വ വർഗീയതയുടെയും ആക്രമണാത്മക നവലിബറൽ നടപടികളുടെയും ഇരട്ട ആക്രമണത്തിൽ വലതുപക്ഷ മാറ്റം പ്രകടമാണ്. ജനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ അവകാശങ്ങളെ അടിച്ചമർത്തുന്ന സ്വേച്ഛാധിപത്യത്തിന് വർഗീയ- കോർപ്പറേറ്റ് ഭരണകൂടം തുടക്കമിട്ടു. ഈ പശ്ചാത്തലത്തിലാണ് ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സംരക്ഷണത്തിനായി അധ്വാനിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ചെറുത്തുനിൽപ്പും വിവിധ ജനവിഭാഗങ്ങളുടെ വർധിച്ചുവരുന്ന ഐക്യവും പ്രകടമാക്കുന്നത്‌. ലോകത്തിലെ ആദ്യത്തെ സാമ്രാജ്യത്വ- മുതലാളിത്തവിരുദ്ധ വിപ്ലവമായിരുന്നു ഒക്ടോബർ വിപ്ലവം. ഒക്‌ടോബർ വിപ്ലവം ചരിത്ര സംയോജനത്തിന്റെയും മാർക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ശരിയായ ഫലമായിരുന്നു. 21-ാം നൂറ്റാണ്ടിൽ ആ സങ്കൽപ്പം നിലവിലില്ല. എന്നാൽ, നമ്മുടെ കാലത്തെ പ്രധാന സാമൂഹ്യ വൈരുധ്യങ്ങൾ സമകാലിക കാലത്ത് സോഷ്യലിസത്തിനായുള്ള പോരാട്ടം പുതുക്കാൻ ഒക്ടോബർ വിപ്ലവത്തിന്റെ വിപ്ലവ പൈതൃകം സഹായകമാകുന്ന സാഹചര്യത്തിലേക്ക്‌ നയിക്കപ്പെടും. ഒക്‌ടോബർ വിപ്ലവത്തിന്റെ മുതലാളിത്തവിരുദ്ധ പൈതൃകത്തെ ഉയർത്തിപ്പിടിക്കേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌.

അമേരിക്കയുടെ ഏകധ്രുവ ലോകത്തിന്റെ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന ലോകജനത സോവിയറ്റ് യൂണിയന്റെ അഭാവം ഹൃദയവേദനയോടെ ഓർക്കുകയാണ്. പലസ്തീനിൽ നടക്കുന്ന വംശീയ ഉന്മൂലനം തടയാനാകാതെ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ സാമ്രാജ്യത്വത്തിനെതിരെ സോവിയറ്റ് യൂണിയൻ ഉയർത്തിയ ചെങ്കൊടിയുടെ ശക്തി ലോകം തിരിച്ചറിയുന്നു. മാനവരാശി കണ്ട കമ്യൂണിസം എന്ന മഹത്തായ സ്വപ്നവും അത് ഒരു പരിധിവരെ യാഥാർഥ്യമാക്കിയ ഒക്ടോബർ വിപ്ലവവും ചരിത്രത്തിലും വർത്തമാനത്തിലും ഏറെ പ്രസക്തമാണ്. ലാറ്റിനമേരിക്കയിലെ ഇടതു മുന്നേറ്റങ്ങളിലൂടെ, ഗ്ലോബൽ സൗത്തിലെ സോഷ്യലിസ്റ്റ് ക്രമങ്ങളിലൂടെ, ചൈന–വിയറ്റ്നാം–ക്യൂബ–ഉത്തരകൊറിയ രാഷ്ട്ര വ്യവസ്ഥകളിലൂടെ, ചെറുതും വലുതുമായ നിരവധി വിമോചന പോരാട്ടങ്ങളിലൂടെ ഒക്ടോബർ വിപ്ലവം തുടർന്നുകൊണ്ടിരിക്കുന്നു. കമ്യൂണിസം വിവിധ ധാരകളിലൂടെ സമത്വസുന്ദരമായ ലോകം കെട്ടിപ്പടുക്കാനുള്ള ജനമുന്നേറ്റങ്ങളുടെ ചാലകശക്തിയായി കൂടുതൽ ഉണർവോടെ മനുഷ്യരാശിയെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.