Skip to main content

കൂത്തുപറമ്പിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മൂന്ന് പതിറ്റാണ്ട്

രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്. കൂത്തുപറമ്പിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. നവലിബറൽ നയങ്ങൾക്കെതിരായി ലോകമെമ്പാടും നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ നിരവധിയായ പ്രതിരോധ പ്രക്ഷോഭങ്ങളുണ്ട്. അത്യുജ്ജ്വലമായ ആ പോരാട്ട ചരിത്രത്തിന്റെ അനശ്വരമായ ഏടാണ് കൂത്തുപറമ്പിന്റെ രക്തസാക്ഷിത്വം. വിദ്യാഭ്യാസമടക്കമുള്ള സുപ്രധാനമായ മേഖലകളെ കയ്യൊഴിയുകയും അവ പൂർണമായും സ്വകാര്യവൽക്കരിക്കുകയും ചെയ്യുക എന്ന മനുഷ്യത്വ വിരുദ്ധമായ ലാഭേച്ഛയാണ് രാജ്യത്തെ വലതുപക്ഷ സർക്കാരുകൾ വച്ചുപുലർത്തിയത്. യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിയും വിദ്യാഭ്യാസ കച്ചവടവും അസഹനീയമായ ഘട്ടത്തിലാണ്‌ ഡിവൈഎഫ്‌എൈ പ്രവർത്തകർ ഉജ്വല പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്‌. 1994 നവംബർ 25ന് ജനാധിപത്യപരമായി സമരം ചെയ്ത സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നിവർ പൊലീസ് വെടിവെപ്പിൽ കൂത്തുപറമ്പിൽ അമരരക്തസാക്ഷികളായി.

പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന സഖാവ് പുഷ്പൻ 30 വർഷകാലം നീണ്ട കിടപ്പുജീവിതത്തിനൊടുവിൽ ഈ വർഷം സെപ്റ്റംബർ 28 ന് മരണത്തിന് കീഴടങ്ങി. തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചിൽ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും ഒരിക്കലും അണയാത്ത ജ്വാലയായി നിലകൊള്ളും. വേദനയുടെ ഈ ദൂരങ്ങളത്രയും താണ്ടിയിട്ടും പ്രിയ സഖാവിനെ ഓരോ തവണ നേരിൽ കാണുമ്പോഴും ആ മുഖത്ത് നിരാശയുടെ ഒരു തരിമ്പുപോലും കണ്ടിട്ടില്ല. പകരം നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി പോരാടാനുള്ള അഭിനിവേശമായിരുന്നു പുഷ്പനിൽ പിന്നേയും നിറഞ്ഞുനിന്നത്. തളർന്ന ശരീരമെങ്കിലും തളരാത്ത മനസ്സുമായി പുരോഗമന പ്രസ്ഥാനത്തിൻ്റെ വേദികളിൽ ആവേശത്തിൻ്റെ മനുഷ്യരൂപമായ് പുഷ്പൻ പിന്നെയുമെത്തി. തോക്കുകൾ തോറ്റ ചരിത്രത്തിന്റെ മുഖമാണ് പുഷ്പൻ. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പൻ്റേത്.

കൂത്തുപറമ്പ് സമരം ഇന്ത്യൻ യുവതയുടെ പോരാട്ട ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ നിത്യ സ്മരണ രാജ്യത്ത് തുടരുന്ന യുവജന പോരാട്ടങ്ങൾക്ക് ആവേശം പകർന്നു കൊണ്ടിരിക്കും. ഇന്ന് ഉദാരീകരണ പ്രക്രിയയും സ്വകാര്യവൽക്കരണ നടപടികളും കരാർവൽക്കരണവും കൂടുതൽ തീവ്രമായും ക്രൂരമായും നടപ്പാക്കുകയാണ് മോദി സർക്കാർ. മതനിരപേക്ഷ മൂല്യങ്ങൾ മുറുകെ പിടിച്ച്, മുതലാളിത്തത്തിനെതിരായ പുതിയ സമരമുഖങ്ങൾ അനിവാര്യമായ കാലമാണിത്. ആ പോരാട്ടങ്ങൾക്ക് കൂത്തുപറമ്പ് നമുക്ക് വഴികാട്ടും. പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സുധീരം നേരിട്ട്‌ മുന്നേറാൻ കൂത്തുപറമ്പ് രക്തസാക്ഷികളുടെയും സഖാവ് പുഷ്പന്റെയും ധീരസ്മരണകൾ നമുക്ക് കരുത്തുപകരും. പുതിയ പോരാട്ടങ്ങൾക്ക് ഊർജ്ജമായി, ഓർമ്മകളിൽ കനലായി ജ്വലിക്കുന്നുണ്ട് പ്രിയ സഖാക്കൾ.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.