Skip to main content

ദേശാഭിമാനിയുടെ വളർച്ചയുടെ ഭാഗമായാണ് കോഴിക്കോട് യൂണിറ്റിന് പുതിയ കെട്ടിടം നിർമിച്ചത്

കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് സാധാരണക്കാരന്റെ ശബ്ദമായാണ് ദേശാഭിമാനി രംഗപ്രവേശം ചെയ്തത്. ജനകീയ മുന്നേറ്റങ്ങളെ പിന്തുണച്ചും വലതുപക്ഷത്തിന്റെ തെറ്റായ നിലപാടുകളെ തുറന്നുകാട്ടിയുമാണ് ദേശാഭിമാനിയുടെ പ്രയാണം. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോയ ദേശാഭിമാനിക്ക് പിഴ ഈടാക്കലും നിരോധനവുമെല്ലാം നേരിടേണ്ടിവന്നിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചാണ് പത്രം വളരുകയും വികസിക്കുകയും ചെയ്തത്.

ദേശാഭിമാനിയുടെ വളർച്ചയ്‌ക്കു പിന്നിൽ ത്യാഗനിർഭരമായ പ്രവർത്തനങ്ങളുടെ പരമ്പര തന്നെയുണ്ട്. പി കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും നായനാരുമെല്ലാം പത്രത്തിന് നൽകിയ സംഭാവന അവിസ്മരണീയമാണ്. പി ജിയെപ്പോലുള്ള നിരവധി പേരുടെ സമർപ്പണവും പത്രത്തിനു പിന്നിലുണ്ട്. ഈ അനുഭവങ്ങളെയെല്ലാം ഉൾക്കൊണ്ട് പുതിയ കാലത്ത് ദേശാഭിമാനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പാർടി സംസ്ഥാന കമ്മിറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. ആ കാഴ്ചപ്പാട് പ്രാവർത്തികമാക്കുന്നതിനുള്ള ഇടപെടലുകൾ ഈ കാലയളവിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഒപ്പം പുതിയ മേഖലകളിലേക്ക് കടക്കാനുമായി.

കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നുകാട്ടുന്നതിനും, സംസ്ഥാന സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ബദൽ നയങ്ങളെ ജനങ്ങളിലെത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് ദേശാഭിമാനി നടത്തുന്നത്. മതരാഷ്ട്രവാദികൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് നടത്തിയത്. വർത്തമാനകാലത്ത്‌ ഉയർന്നുവരുന്ന രാഷ്ട്രീയ കാര്യങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളിയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുന്നതിനും കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും സംസ്ഥാനത്തും ജില്ലാ അടിസ്ഥാനത്തിലുമുള്ള വാർത്തകളും ഫീച്ചറുകളും നൽകുന്നതിലുമെല്ലാം ദേശാഭിമാനി മുന്നിൽ തന്നെ നിലനിൽക്കുന്നു.

സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് നേരിടേണ്ടിവരുന്നത് മറ്റു രാഷ്ട്രീയ പാർടികളുടെ പത്രങ്ങളെയല്ല. നിഷ്പക്ഷ പത്രങ്ങളെന്ന് വിശേഷിപ്പിക്കുന്ന വലതുപക്ഷ പത്രങ്ങളെയാണ്. ഇവർ മുന്നോട്ടുവയ്‌ക്കുന്ന രാഷ്ട്രീയത്തെ പ്രതിരോധിച്ച് ജനകീയ രാഷ്ട്രീയത്തിന്റെയും വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയുമെല്ലാം മേഖലകൾ ജനങ്ങൾക്കിടയിൽ എത്തിക്കുകയാണ് ദേശാഭിമാനി. പാർടി പത്രമായി നിലനിൽക്കുമ്പോഴും പൊതുപത്രമായി മാറണമെന്ന കാഴ്ചപ്പാടിൽ അടിയുറച്ചുനിന്ന് ജനകീയ ശബ്ദമായി ദേശാഭിമാനി മാറിയിട്ടുണ്ട്.

ഭാഷാ ന്യൂനപക്ഷങ്ങളെയാകെ ഉൾക്കൊള്ളാൻ കഴിയുന്ന മലയാളത്തിലെ ആദ്യത്തെ പത്രമായി ദേശാഭിമാനി മാറാൻ പോവുകയാണ്. കന്നടയിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നിയമപരമായ അംഗീകാരം നേടിക്കഴിഞ്ഞു. തമിഴിലും പ്രസിദ്ധീകരിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായിട്ടുള്ള പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി. ഓൺലൈൻ സാധ്യതകളെ ഉപയോഗപ്പെടുത്തി ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പത്രം വായിക്കാൻ പറ്റുന്ന സാഹചര്യം വന്നുകഴിഞ്ഞു. വെബ് എഡിഷന്റെ പ്രവർത്തനവും വിപുലപ്പെടുത്തുകയാണ്.

കേരളത്തിന്റെ സമ്പദ്ഘടനയുടെ കരുത്തായ ഗൾഫ് മലയാളികളെ കേന്ദ്രീകരിച്ചുകൊണ്ട് ഗൾഫ് ദേശാഭിമാനി ആരംഭിച്ചിട്ടുണ്ട്. അവരുടെ വാർത്തകളും കേരളത്തിലെ പ്രവാസികളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗൾഫ് ദേശാഭിമാനിയും ഓൺലൈനായി പ്രസിദ്ധീകരിക്കുന്നു. ആഴ്ചയിൽ 6 ദിവസം പത്രവും, ശനിയാഴ്ച വാരന്തപ്പതിപ്പുമായാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ലേഖകരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്.

ലോകത്തെമ്പാടും പടർന്നു നിൽക്കുന്നവരാണ് മലയാളികൾ. കേരളത്തെക്കുറിച്ച് അറിയാൻ അവർക്ക് താൽപ്പര്യമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ നടത്തുന്ന പ്രവർത്തനങ്ങൾ അറിയുന്നതിന് കേരളീയർക്കും താൽപ്പര്യമുണ്ടാകും. അതോടൊപ്പം കേരളത്തെപ്പറ്റി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഇംഗ്ലീഷിൽ ഇ–പേപ്പർ ആരംഭിക്കുന്നത്. ലോകത്തെമ്പാടുമുള്ള മലയാളികളുടെ ജീവിത ചലനങ്ങളെ അറിയുന്നതിനുള്ള ഉപാധിയായി ഇത്‌ മാറും. വിദ്യാർഥികളിൽ തെറ്റായ ചിന്തകൾ പ്രചരിപ്പിക്കുന്നതിനുള്ള സജീവമായ നീക്കങ്ങൾ വർത്തമാനകാലത്ത് നടന്നുവരുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ശാസ്‌ത്ര ചിന്തയും സാമൂഹ്യബോധവും കുട്ടികളിൽ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘തത്തമ്മ' പ്രസിദ്ധീകരിക്കുന്നത്. വിദ്യാർഥികളുടെ അക്കാദമിക് കാര്യങ്ങളുൾപ്പെടെ അഭിസംബോധന ചെയ്യുന്ന ഈ പ്രസിദ്ധീകരണം മറ്റ് ബാല പ്രസിദ്ധീകരണങ്ങളിൽനിന്ന് വേറിട്ട് നിൽക്കുന്നു. വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസും ഇതിന്റെ അംബാസഡറായി മലയാളത്തിന്റെ പ്രസിദ്ധ നടൻ മോഹൻലാൽ പ്രവർത്തിക്കുന്നുവെന്നതും ഏറ്റവും ശ്രദ്ധേയമാണ്. കുട്ടികളുടെ സാഹിത്യവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിജയികളായവർക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകുന്നു.

സാഹിത്യ-സാംസ്കാരിക രംഗത്തെ കേരളത്തിന്റെ സജീവ ഇടപെടലാണ് ദേശാഭിമാനി വാരികയിലൂടെ നടത്തുന്നത്. വർഗീയ- വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകൾ സാംസ്കാരിക രംഗത്ത് പിടിമുറുക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ അതിനെതിരായുള്ള ജനകീയ സാംസ്കാരിക പ്രതിരോധമെന്ന നിലയിൽ വാരിക മാറി. സാംസ്കാരിക രംഗത്ത് പാർടി കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുകയെന്നതിനോടൊപ്പം എഴുത്തുകാർക്ക് സൃഷ്ടികളും നിരൂപണങ്ങളും ഗവേഷണത്തിലൂടെ അവർ കണ്ടെത്തുന്ന നവീന ആശയങ്ങളും പ്രകാശിപ്പിക്കാനുള്ള സംവിധാനമായി വാരിക മാറിയിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക ഇടപെടലിന്റെ അടയാളമായി മാറാൻ ദേശാഭിമാനി വാരികയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമ, ചിത്രകല, സാഹിത്യം, സ്പോർട്സ് തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള പംക്തികൾ വാരികയെ ശ്രദ്ധേയമാക്കി മാറ്റുകയും ചെയ്യുന്നു.

കേരളത്തിലെ വിവിധ മേഖലകളിൽ സമഗ്ര സംഭാവന നൽകുന്ന വ്യക്തിക്കുള്ള പ്രത്യേക പുരസ്കാരവും ദേശാഭിമാനി നൽകിവരുന്നുണ്ട്. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരെ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്യുന്നു. എം ടി വാസുദേവൻ നായർ, ടി പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, എം മുകുന്ദൻ തുടങ്ങിയവർക്ക് ഈ അവാർഡ് നൽകി. അവരുടെ സംഭാവനകൾ വിലയിരുത്തുന്ന പരിപാടികൾക്കു ശേഷമാണ് അവാർഡ് വിതരണം ചെയ്തിട്ടുള്ളത്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയും സ്വീകരിച്ചിട്ടുണ്ട്. സാഹിത്യ സംഭാവനകൾക്കുള്ള അവാർഡുകൾ ഇതിന്റെ ഭാഗമായാണ് നൽകിക്കൊണ്ടിരിക്കുന്നത്.

അതാത് കാലഘട്ടത്തിലെ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതിൽ ദേശാഭിമാനി പത്രം ശ്രദ്ധിച്ചിട്ടുണ്ട്. ചരിത്രത്തിലും, സംസ്കാരത്തിലും വിഷം കലർത്തിക്കൊണ്ടാണ് വർഗീയ ശക്തികൾ വർത്തമാനകാലഘട്ടത്തിൽ പിടിമുറുക്കുന്നത്. അതിലൂടെ സൂക്ഷ്മതലത്തിൽ ജീവിതത്തെ തന്നെ വർഗീയവൽക്കരിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. നമ്മുടെ ചരിത്രത്തെയും, സംസ്കാരത്തെയും ശരിയായ രീതിയിൽ വായിക്കുന്നതിനുള്ള ഇടപെടലുകളും ദേശാഭിമാനി നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ദേശാഭിമാനിയുടെ 80–--ാം വാർഷികത്തിന്റെ ഭാഗമായി മലപ്പുറം മഹോത്സവം സംഘടിപ്പിച്ചത്. മലപ്പുറത്തെ പ്രശ്നവൽക്കരിച്ച് പരസ്പരം ഏറ്റുമുട്ടിക്കാനുള്ള മതരാഷ്ട്രവാദികളുടെ ശ്രമങ്ങളെ പ്രതിരോധിക്കുന്ന ആശയ അടിത്തറയായി മലപ്പുറം മഹോത്സവവുംതുടർന്ന് പ്രസിദ്ധീകരിച്ച ‘മലപ്പുറം മിഥ്യയും, യാഥാർഥ്യവും’എന്ന പുസ്തകവും മാറി.

മലപ്പുറത്ത് നടത്തിയ ഈ ഇടപെടൽ മറ്റ് ജില്ലകൾക്കും പ്രചോദനമായി മാറി. ഇടുക്കിയിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുകയും ‘ഇടുക്കി പോരാട്ടങ്ങളുടെ ചരിത്രഭൂമി’ എന്ന പുസ്തകം പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. കൊല്ലം മഹോത്സവത്തിന്റെ തുടർച്ചയായി ‘കൊല്ലം ചരിത്രം, സംസ്കാരം, രാഷ്ട്രീയം’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ വിവിധ ധാരകളെ പരിചയപ്പെടുത്തുന്ന പുസ്തകവും ദേശാഭിമാനിയുടെ വളർച്ചയുടെ പടവുകളെ ഓർമപ്പെടുത്തുന്ന പുസ്തകവും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വർഗീയ ആശയങ്ങൾക്കെതിരായ പ്രതിരോധം കൂടുതൽ ശക്തമായി മുന്നോട്ടുപോകാനാണ് ദേശാഭിമാനി ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂരിൽ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സി ഒ പൗലോസ് പഠന കേന്ദ്രവുമായി ചേർന്ന്‌ മലപ്പുറം മഹോത്സവം രീതിയിലുള്ള പരിപാടി സംഘടിപ്പിക്കും. ജില്ലയിൽ വർഗീയ ശക്തികൾ പിടിമുറുക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ അതിനെതിരായുള്ള സൂക്ഷ്മതല പ്രതിരോധങ്ങൾക്ക് ഇത് കരുത്തായിത്തീരും. അതോടൊപ്പം തൃശൂരിന്റെ സാമൂഹ്യ വികാസ ചരിത്രത്തെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനുള്ള ഉപാധിയായും ഇത് മാറും.

ദേശാഭിമാനിയുടെ വളർച്ചയുടെ ഭാഗമായാണ് കോഴിക്കോട് യൂണിറ്റിന് പുതിയ കെട്ടിടം നിർമിച്ചത്. നിലവിലുള്ള സംവിധാനത്തെ കൂടുതൽ വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിട്ടുള്ളത്. മലപ്പുറം യൂണിറ്റിലെ പത്രങ്ങളും അച്ചടിക്കുന്നതിനുള്ള വിപുലമായ സൗകര്യത്തോടെയാണ് പുതിയ സംവിധാനം. ദേശാഭിമാനിയുടെ വളർച്ചയ്‌ക്കായി പ്രവർത്തിച്ചിട്ടുള്ള മുഴുവൻ പേരെയും ഈ അവസരത്തിൽ സ്മരിക്കുന്നു. ദേശാഭിമാനിക്കായി തങ്ങളുടെ ജീവിതം നീക്കിവച്ച എല്ലാവരേയും ഉൾപ്പെടുത്തി ഒരു ഡയറക്ടറി പ്രസിദ്ധീകരിച്ചുകൊണ്ട് പത്രത്തിന്റെ ചരിത്രത്തിൽ അവരെ അടയാളപ്പെടുത്താനും ഈ കാലത്ത് കഴിഞ്ഞു. എക്കാലവും ദേശാഭിമാനിക്കൊപ്പം നിന്ന പൊതുജനങ്ങളുടെ പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു. ജനകീയ പ്രതിരോധത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന ഉറപ്പും ദേശാഭിമാനി പ്രവർത്തകർക്കുവേണ്ടി ഈ അവസരത്തിൽ നൽകുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.