Skip to main content

മതരാഷ്ട്രവാദ ആശയങ്ങൾ അതത് സമൂഹത്തിനകത്ത് ഉയർന്നുവരേണ്ട ജനാധിപത്യപരമായ മുന്നേറ്റങ്ങളെയും ശാസ്ത്രീയമായ ചിന്തകളെയും ദുർബലമാക്കുന്നു, അതുവഴി രാജ്യത്തിന്റെ വികാസത്തിനും തടസ്സമായിത്തീരുന്നു

സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ സമീപനം ന്യൂനപക്ഷ വിഭാഗങ്ങളിൽ, പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗങ്ങളിൽ വലിയതോതിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഈ അരക്ഷിതാവസ്ഥയെ ഉപയോഗപ്പെടുത്തിയാണ് ന്യൂനപക്ഷ വർഗീയവാദികൾ സ്വാധീനമുറപ്പിക്കുന്നത്. ഭൂരിപക്ഷ വർഗീയതയെ നേരിടുന്നതിന് സായുധ പ്രതിരോധമാണ് വേണ്ടതെന്ന നിലയിലേക്ക് ആശയം വികസിക്കുമ്പോൾ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും തലത്തിലേക്ക് അത് മാറുന്നു. അതിന്റെ ഭാഗമായി അവർ നടത്തുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ച് വളരുന്നതിന് ഭൂരിപക്ഷ വർഗീയതയ്‌ക്ക് കളമൊരുക്കുകയും ചെയ്യുന്നു. മതരാഷ്ട്രവാദ ആശയങ്ങൾ അതത് സമൂഹത്തിനകത്ത് ഉയർന്നുവരേണ്ട ജനാധിപത്യപരമായ മുന്നേറ്റങ്ങളെയും ശാസ്ത്രീയമായ ചിന്തകളെയും ദുർബലമാക്കുന്നു. അതുവഴി രാജ്യത്തിന്റെ വികാസത്തിനും തടസ്സമായിത്തീരുന്നു.

മതരാഷ്ട്രവാദികൾ പരസ്‌പരം പഴിചാരി സമൂഹത്തെ വർഗീയമായി പിളർത്തി മതനിരപേക്ഷതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. മതനിരപേക്ഷ സമൂഹത്തെ നെടുകെ പിളർക്കുകയെന്ന താൽപ്പര്യം രണ്ട് കൂട്ടർക്കുമുണ്ട്. അതുകൊണ്ട്, മതനിരപേക്ഷ സമൂഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തെ ഇവർ യോജിച്ചുനിന്ന് എതിർക്കുന്നു. മതരാഷ്ട്രവാദികൾ, മതങ്ങൾ തമ്മിലുള്ള വിദ്വേഷങ്ങൾ രൂപപ്പെടുത്തുന്നു. ഒന്നായിനിന്ന് സന്തോഷത്തോടെ ജീവിച്ച് ഉത്സവമായിത്തീരേണ്ട മനുഷ്യ ബന്ധത്തെയും ജീവിതത്തെയും ഇവർ ഇല്ലാതാക്കുകയാണ്. പരസ്‌പര വിദ്വേഷത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും ലോകം ഇവർ രൂപപ്പെടുത്തുന്നു. മാനവികത ദൃഢമായിരിക്കുന്നിടത്ത് ഭീകരവാദത്തിന് ഇരിപ്പിടമുണ്ടാകില്ല. അതുകൊണ്ടാണ് ഭീകരവാദത്തിനെതിരെ മാനവികതയെന്ന കാഴ്ചപ്പാട് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്.

മതത്തിന്റെ പേര്‌ പറഞ്ഞാണ് ഭീകരവാദം പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. യഥാർഥത്തിൽ മതവിശ്വാസം വർഗീയതയുടെയോ ഭീകരവാദത്തിന്റെയോ ആശയമോ അടിത്തറയോ അല്ല. അതത് കാലഘട്ടത്തിലെ സാമൂഹ്യ വൈരുധ്യങ്ങളോടുള്ള പ്രതികരണമായാണ് മതദർശനങ്ങൾ ഉയർന്നുവന്നത്. വേദനിക്കുന്നവരുടെ പക്ഷത്തുനിൽക്കുന്നതിനും അതിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ അടിമത്വത്തെയും ചൂഷണത്തിന്റെ അടിസ്ഥാനമായ ജാതീയ വിവേചനത്തെയും ചാതുർവർണ്യത്തിന്റെ കാഴ്ചപ്പാടുകളെയും പ്രതിരോധിച്ചാണ് ജൈന ബൗദ്ധ ദർശനങ്ങൾ രൂപപ്പെട്ടത്. ആദ്യകാല തൊഴിലാളി സോഷ്യലിസത്തിന്റെ ദർശനമെന്ന് എംഗൽസ് വിശേഷിപ്പിച്ച മതമാണ് ക്രിസ്തുമതം. റോമിന്റെ ചവിട്ടടിക്കുള്ളിൽ വേദനയനുഭവിച്ച ജനതയുടെ പക്ഷത്തുനിന്നാണ് അത് ആദ്യഘട്ടങ്ങളിൽ പ്രവർത്തിച്ചതെന്നും എംഗൽസ് പറയുന്നുണ്ട്. അറേബ്യയിലെ സമ്പന്നരായ വിഭാഗവും പാവപ്പെട്ടവനും തമ്മിലുള്ള വൈരുധ്യത്തിൽനിന്നാണ് ഇസ്ലാം രംഗപ്രവേശം ചെയ്തതെന്ന് മാർക്സും നിരീക്ഷിക്കുന്നുണ്ട്.

ഹിന്ദുമത ദർശനത്തെ ലോകത്ത് പരിചയപ്പെടുത്താൻ ചിക്കാഗോയിലേക്ക് പോയ സ്വാമി വിവേകാനന്ദൻ എല്ലാ വിശ്വാസങ്ങളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഹൈന്ദവ ദർശനമെന്ന് പരിചയപ്പെടുത്താനാണ് ശ്രമിച്ചത്. ഹിന്ദുമത വിശ്വാസികളല്ലാത്ത ഒരാൾക്ക് സ്വർഗത്തിലെത്താൻ കഴിയില്ലെന്ന് അത് പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി. മുഗൾ രാജവംശം ഭരണം നടത്തിയ ഇന്ത്യയിലെ മധ്യകാലഘട്ടം ബഹുസ്വരതയുടെ കാലമാണെന്ന് ഓർമപ്പെടുത്താനും വിവേകാനന്ദൻ മടിക്കുന്നില്ല. മാർക്സിന്റെ ഇന്ത്യാ ചരിത്രക്കുറിപ്പുകളിൽ അക്ബറിന്റെ കൊട്ടാരത്തിൽ മഹാഭാരതമുൾപ്പെടെ തർജമ ചെയ്യപ്പെട്ട കാര്യവും പറയുന്നുണ്ട്. ഹിന്ദുമത വിശ്വാസിയായി സ്വയം പ്രഖ്യാപിക്കുമ്പോഴും ബൈബിളും ഖുർആനുമെല്ലാം പ്രാർഥനാ യോഗങ്ങളിൽ കൊണ്ടുവന്ന പാരമ്പര്യമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്.

മൗലാന അബുൾകലാം ആസാദ് എഴുതിയ പ്രസിദ്ധമായ ഹർജുമാനുവൽ ഖുർആൻ എന്ന വ്യാഖ്യാനത്തിൽ ഏത് മതത്തിൽ ജനിച്ചെന്നല്ല പ്രശ്നം, അതിന്റെ മൂല്യം ഉൾക്കൊണ്ട് ആര് ജീവിക്കുന്നു എന്നതാണ് പരിശോധിക്കേണ്ടതെന്ന് പ്രഖ്യാപിക്കുന്നുണ്ട്. അത്തരം മൂല്യങ്ങൾ സൂക്ഷിക്കുന്നവർക്കാണ് സ്വർഗരാജ്യമെന്നും പറയുന്നു. സഹോദരൻ അയ്യപ്പൻ ദൈവനിഷേധിയാണെന്ന് ശ്രീനാരായണ ഗുരുവിനോട് ചിലർ പറഞ്ഞപ്പോൾ അയ്യപ്പന്റെ പ്രവൃത്തിയിൽ ദൈവമുണ്ടെന്നു പറഞ്ഞ ശ്രീനാരായണ ഗുരുവും മുന്നോട്ടുവച്ചത് ഇതേ ആശയമാണ്. മനുഷ്യരെയാകെ സ്‌നേഹിക്കുന്ന ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് മതദർശനങ്ങൾക്കുണ്ടായിരുന്നത്. അതിനെ ആധുനിക കാലത്തിന്റെ മൂല്യങ്ങൾക്കൊപ്പം വികസിപ്പിക്കാനാണ് ഓരോ മതത്തിലും രൂപപ്പെട്ട നവോത്ഥാന മുന്നേറ്റങ്ങൾ ശ്രമിച്ചത്. അതുകൊണ്ടാണ് ആധുനിക സമൂഹത്തിന്റെ വികാസത്തിന് തടസ്സമായി നിൽക്കുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും അവർ തുറന്നുകാട്ടിയത്.

മതവിശ്വാസങ്ങളെയും അവയെ ആധുനിക ലോകത്തിന്റെ വികാസവുമായി ബന്ധപ്പെടുത്താൻ പരിശ്രമിച്ച ശക്തികളെയും ദുർബലപ്പെടുത്തി മതമൗലികവാദ ആശയങ്ങൾ പിടിമുറുക്കാൻ തുടങ്ങിയതോടെയാണ് മതത്തിന്റെ മാനവികതയ്ക്ക് തിരിച്ചടിയേറ്റത്. അതുകൊണ്ടാണ് മതത്തിന്റെ യഥാർഥ മൂല്യങ്ങളെ സംരക്ഷിക്കണമെന്ന് കരുതിയവർ മതമൗലികവാദങ്ങളെയും മതത്തെ രാഷ്ട്രീയവുമായി ചേർത്തു നിർത്തുന്നതിനെയും പ്രതിരോധിച്ചത്.

സംഘപരിവാറിനെതിരെ നിലപാട് സ്വീകരിച്ച ഗാന്ധിജി തന്റെ അവസാന പ്രസംഗങ്ങളിൽ എടുത്തുപറഞ്ഞ കാര്യം മതവും രാഷ്ട്രീയവും കൂട്ടിച്ചേർക്കരുത് എന്നായിരുന്നു. മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗപ്പെടുത്തി ഇന്ത്യയെ വെട്ടിമുറിക്കാൻ ശ്രമിച്ചപ്പോൾ മൗലാന അബുൾകലാം ആസാദിനെപ്പോലുള്ളവർ സ്വീകരിച്ച നിലപാടും മറ്റൊന്നായിരുന്നില്ല.

കശ്‌മീരിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ വെടിവച്ചുകൊന്നവർ മത ഭീകരവാദത്തിന്റെ വക്താക്കളാണ്. നിരപരാധികളെ വെടിവച്ചുകൊല്ലുന്നത് തടയാൻ ശ്രമിച്ചതിന്റെ പേരിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ട സയ്ദ് ആദിൽ ഹുസൈൻ ഷാ മതവിശ്വാസത്തിന്റെ പ്രതീകമായി ഉയർന്നുനിൽക്കുന്നു. ഇത് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞുകൊണ്ടാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ തനിക്ക് സഹോദരരായിത്തീർന്ന മുസ്ലിം മതവിശ്വാസികളെക്കുറിച്ച് സ്‌നേഹത്തോടെ അനുസ്‌മരിച്ചത്.

മതത്തെ രാഷ്ട്രീയ ആവശ്യത്തിൽ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് മതവർഗീയത രൂപപ്പെടുന്നത്. ഭീകരവാദം മതത്തിന്റെ മേലങ്കിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടതും അതിന്റെ ഫലമാണ്. കശ്‌മീരിലെ ഭീകരവാദവും മക്ക മസ്ജിദിലും സംഝോത എക്സ്പ്രസിലും ബോംബ് വയ്ക്കുന്ന ഹിന്ദുത്വ ഭീകരവാദവും ഒന്നുതന്നെയാണ്. മതദർശനത്തിന്റെ മനുഷ്യസ്‌നേഹമല്ല, മറിച്ച് മതത്തെ രാഷ്ട്രീയ അധികാരത്തിന് ഉപയോഗപ്പെടുത്തുന്ന ഭീകരതയുടെ മുഖമാണ് അതിൽ പ്രത്യക്ഷപ്പെട്ടത്. ചരിത്രത്തിൽ സംഭവിക്കുന്ന ഈ മാറ്റം വർത്തമാനകാല സംഭവങ്ങളിലൂടെ പ്രകടമാകുന്നുണ്ട്. കശ്‌മീരിലെ ഭീകരവാദത്തെ പിന്തുണച്ചുനിൽക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടുകൾ പരിശോധിച്ചാൽ ഇത് കാണാം. ജമാഅത്തെ ഇസ്ലാമിയുടെ വർഗീയ രാഷ്ട്രീയത്തിന്റെ ഊർജം ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ആശയങ്ങളിൽനിന്നാണ്. അതോടൊപ്പം ആഗോള ഇസ്ലാമിക തീവ്രവാദത്തിന് മൗദൂദിയൻ ആശയങ്ങളും ഊർജം പകരുന്നുണ്ട്. വഖഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമിയുടെ സംഘടനകൾ ഉയർത്തിപ്പിടിച്ച ഈജിപ്തുകാരായ ഹസനുൽ ബന്നയുടെയും മറ്റും ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. ഇവർ അതത് രാജ്യത്ത്‌ നിർവഹിച്ച ദൗത്യമെന്തായിരുന്നെന്ന് തിരിച്ചറിയുമ്പോഴാണ് ഇതിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയാനാകുക.

യൂറോപ്പിലെ കോളനി വാഴ്ചയ്‌ക്കെതിരെ മൂന്നാംലോക രാജ്യങ്ങളിൽ ശക്തമായ പ്രതിരോധം ഉയർന്നുവന്നു. അത്തരം പോരാട്ടങ്ങളിൽ പങ്കെടുക്കുമ്പോൾ ആധുനികമായ ചിന്തകളെക്കൂടി ഉൾക്കൊണ്ട് ഇടപെടുകയെന്നത് മതവിശ്വാസികളുടെ കടമയാണെന്ന ആശയം ഈജിപ്തിൽ സജീവമായി ഉയർന്നുവന്നു. സെയ്ദ് ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, മുഹമ്മദ് റശീദ് റിദ തുടങ്ങിയവരെല്ലാം ഈ കാഴ്ചപ്പാടിന്റെ വക്താക്കളായിരുന്നു. നവോത്ഥാനപരമായ ആശയങ്ങളുമായി ഇസ്ലാമിനെ ചേർത്തു നിർത്തിക്കൊണ്ടുള്ള ഇത്തരം ഇടപെടലുകൾ ഈജിപ്തിൽ സജീവമായി. ഈ ഘട്ടത്തിലാണ് ജമാഅത്തെ ഇസ്ലാമിക്കാർ ഉയർത്തിപ്പിടിച്ച ഹസനുൽ- ബന്ന, സെയ്ദ് കുത്വുബ് തുടങ്ങിയവർ രംഗത്തുവരുന്നത്. മുതലാളിത്തത്തിനും സോഷ്യലിസത്തിനും കമ്യൂണിസത്തിനും ബദലായുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ ഇസ്ലാമിക തീവ്രവാദ ആശയങ്ങൾ അവർ മുന്നോട്ടുവച്ചു. ഇത്തരം ആശയഗതികളെ നേരിട്ടുകൊണ്ട് റശീദ് റിദയെപ്പോലുള്ളവർ രംഗത്തുവരികയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിക്കാർ ഇവിടെ ഉയർത്തിപ്പിടിച്ച ഹസനുൽ ബന്നയെപ്പോലുള്ളവർ പറഞ്ഞത് എത്ര നന്മയുണ്ടെങ്കിലും നിരീശ്വരവാദികളെ അംഗീകരിക്കാൻ കഴിയില്ലെന്നാണ്. മാത്രമല്ല, അവർക്കെതിരെ ജിഹാദ് നടത്തേണ്ടത് ഓരോ മുസ്ലിമിന്റെയും മതപരമായ ബാധ്യതയാണെന്നും ഇവർ പ്രഖ്യാപിച്ചു. ഇന്ന് നിലവിലുള്ള അനേകം ഇസ്ലാമിക ഭീകര സംഘടനകളുടെ പ്രത്യയശാസ്ത്ര ആയുധം ഹസനുൽബന്നയും അദ്ദേഹത്തിന്റെ സംഘടനയായ ബ്രദർഹുഡും മുന്നോട്ടുവച്ച ഈ കാഴ്ചപ്പാടാണ്.

അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പൊരുതുകയും മതനിരപേക്ഷതയ്ക്കും സോഷ്യലിസ്റ്റ് ആശയത്തിനുംവേണ്ടി നിലകൊള്ളുകയും ചെയ്ത നാസർ ഈജിപ്തിൽ അധികാരത്തിലെത്തിയതോടെ മതരാഷ്ട്രവാദത്തെ അതിശക്തമായി എതിർത്തു. ഇസ്ലാമുൾപ്പെടെ മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യനീതി നടപ്പാക്കണമെങ്കിൽ മതനിരപേക്ഷത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ നിലപാടുകളെ പരസ്യമായി എതിർക്കുകയും ജിഹാദിന്റെ രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുകയും ചെയ്ത മുസ്ലിം ബ്രദർഹുഡിനെ നാസർ നിരോധിച്ചു. ഈ ഘട്ടത്തിൽ നാസറിനെ വധിക്കാൻ പരിപാടി ആവിഷ്‌കരിച്ച ബ്രദർഹുഡ്‌ നേതാവായിരുന്ന ഖുത്വുബിനെ ജയിലിലടയ്‌ക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിക്കാർ ബ്രദർഹുഡുകാരുടെ ചിത്രം ഉയർത്തിപ്പിടിക്കാൻ കാരണം ഒരേ പ്രത്യയശാസ്ത്രം ഇവർ പിന്തുടരുന്നതിനാലാണെന്നു കാണാം. മുസ്ലിം ബ്രദർഹുഡും ജമാഅത്തെ ഇസ്ലാമിയുംപോലുള്ള സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ജിഹാദി ആശയങ്ങളാണ് ഭീകരവാദ പ്രവർത്തനത്തിന് അടിത്തറയൊരുക്കുന്നത്. അള്ളാഹുവിന്റെ പടയാളികളെന്ന് സ്വയം കരുതിക്കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ ഇവർ സംഘടിപ്പിക്കുന്നു. കശ്‌മീരിലെ ഭീകരവാദികളും ഈ കാഴ്ചപ്പാടുകളുടെ സൃഷ്ടിയാണ്. അതുകൊണ്ടാണ് ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികളും മതവിശ്വാസികളും കശ്‌മീരിലെ ഈ അരുംകൊലയെ ശക്തമായി അപലപിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിക്ക് അതിന് കഴിയാതെ പോകുന്നത്.

ജമ്മു -കശ്‌മീരിൽ സംഘപരിവാറിന്റെ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്നെന്ന് അവകാശപ്പെടുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. എന്നാൽ, മതനിരപേക്ഷ നിലപാടുയർത്തിപ്പിടിച്ചുകൊണ്ട് പൊരുതുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തരിഗാമിയെ പരാജയപ്പെടുത്താൻ ഇവർ അവിടെ ഒന്നിച്ചായിരുന്നെന്ന കാര്യം നാം വിസ്‌മരിക്കരുത്. മതനിരപേക്ഷ രാഷ്ട്രീയത്തെ തകർത്ത് ജനങ്ങളെ മതത്തിന്റെ പേരിൽ ഏറ്റുമുട്ടിക്കുന്നതിന് എല്ലാ മതരാഷ്ട്രീയവാദികളും യോജിച്ച് നിൽക്കുമെന്നതിന്റെ ഉദാഹരണംകൂടിയാണിത്.

(തുടരും)
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.