കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതിഹാസോജ്വലമായ പോരാട്ടങ്ങളുടെയും ആത്മസമർപ്പണത്തിന്റെയും ചരിത്രമാണ് ഒഞ്ചിയം രക്തസാക്ഷിത്വം. 1948 ഏപ്രിൽ 30നാണ് ഒഞ്ചിയം എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ അന്നത്തെ മലബാർ പൊലീസ് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ തേടി നരനായാട്ടുനടത്തിയത്. ദേശരക്ഷാ സംഘമെന്ന പേരിൽ പ്രവർത്തിച്ചിരുന്ന ജന്മി പ്രമാണിവർഗത്തിന്റെ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടുകൂടിയാണ് എംഎസ്‌പിക്കാർ ഭീകരത സൃഷ്ടിച്ചത്. അതിനെതിരെ ഒഞ്ചിയം ഗ്രാമമാകെ ഒന്നിച്ചുനിന്ന് മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധത്തോടെ നടത്തിയ പ്രതിരോധമുഖത്താണ് എട്ട് സഖാക്കൾ മദിരാശിയിലെ കോൺഗ്രസ് സർക്കാരിന്റെ വെടിയുണ്ടകളേറ്റുവാങ്ങി രക്തസാക്ഷികളാകുന്നത്.
1948 ഏപ്രിൽ 30ലെ ഒഞ്ചിയം വെടിവയ്‌പിലേക്കെത്തിയ സംഭവങ്ങൾ കോൺഗ്രസിന്റെ ജന്മി-ബൂർഷ്വാസേവയുടെ ഫലമായിരുന്നു. ജന്മി-നാടുവാഴിത്തവും കോൺഗ്രസ് മർദകവാഴ്ചയുമാണ് ഒഞ്ചിയത്തെ ചോരക്കളമാക്കിയത്. എട്ട് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളാണ് ഒഞ്ചിയത്തിന്റെ മണ്ണിൽ പിടഞ്ഞുവീണത്. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ വിപ്ലവചരിത്രത്തെ ജീവരക്തംകൊണ്ട് ചുവപ്പിച്ച ഒഞ്ചിയം രക്തസാക്ഷികൾ എന്നും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് വഴികാട്ടുന്നവരാണ്. 1940കളിലെ നിഷ്ഠൂരമായ കമ്മ്യൂണിസ്റ്റ് വേട്ടയുടെ തുടർച്ചയിലാണ് വടക്കൻകേരളത്തിലെ കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളെ ലക്ഷ്യംവച്ച് ബ്രിട്ടീഷ് പൊലീസും 1947നുശേഷം മലബാറിലെ കോൺഗ്രസ് പൊലീസും മർദനങ്ങൾ അഴിച്ചുവിട്ടത്.
1939ൽത്തന്നെ മണ്ടോടി കണ്ണൻ ഉൾപ്പെടെയുള്ള സഖാക്കളുടെ നേതൃത്വത്തിൽ ഒഞ്ചിയത്ത് പാർടിയുടെ ആദ്യസെൽ രൂപംകൊണ്ടു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ ദുരിതപൂർണമാക്കിയിരുന്ന 1940കളിൽ പൂഴ്‌ത്തിവയ്‌പുകാർക്കും കരിഞ്ചന്തക്കാർക്കുമെതിരെ നിരവധി സമരങ്ങൾ കമ്മ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടക്കുന്നു. അധികാരി വർഗങ്ങൾക്കെതിരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജനങ്ങളെയാകെ സമരസജ്ജരാക്കുന്ന പ്രവർത്തനമാണ് പാർടി നടത്തിയത്. 1947-നുശേഷം ഭരണാധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ ജന്മിമാരുടെ താൽപ്പര്യങ്ങളാണ് സംരക്ഷിച്ചത്. ഒഞ്ചിയത്തെ പ്രമാണികളെയും അവരുടെ സംരക്ഷകരായ കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രകോപിതരാക്കി. അവർ കോഴിപ്പുറത്ത് മാധവമേനോന്റെ പൊലീസിനെ ഇറക്കിയും ദേശരക്ഷാസംഘം എന്ന പേരിൽ കുപ്രസിദ്ധമായ ചെറുപയർ പട്ടാളത്തെ ഇളക്കിവിട്ടും കമ്മ്യൂണിസ്റ്റുകാരെ അടിച്ചമർത്തുകയാണ് ചെയ്തത്.
1948 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ നടന്ന അവിഭക്തപാർടിയുടെ രണ്ടാം കോൺഗ്രസിന്റെ തീരുമാനം വിശദീകരിക്കാനാണ് പാർടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞ എംഎസ്‌പി സംഘം യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന പാർടി നേതാക്കളെ പിടികൂടാനായി ദേശ രക്ഷാസംഘവുമായി ചേർന്ന് കെണിയൊരുക്കുകയായിരുന്നു. മുക്കാളിയിലെത്തിയ എംഎസ്‌പി സംഘം കോൺഗ്രസിന്റെ സഹായത്തോടെ ഒഞ്ചിയത്തേക്ക് നീങ്ങി. ഏപ്രിൽ 30ന് പുലർച്ചെ നാലിന് അവർ മണ്ടോടി കണ്ണന്റെ വീട്ടിൽ പാഞ്ഞുകയറി. പക്ഷേ, അവിടെ അദ്ദേഹം ഉണ്ടായിരുന്നില്ല. കണ്ണനെ കിട്ടാത്ത രോഷം തീർക്കാനായി പാർടി പ്രവർത്തകരുടെയും സാധാരണജനങ്ങളുടെയും വീടുകളിലെല്ലാം ഓടിക്കയറി ഭീകരത സൃഷ്ടിച്ചു. ഒഞ്ചിയത്തെ കർഷകകാരണവർ പുളിയുള്ളതിൽ ചോയിയെയും മകൻ കണാരനെയും പിടികൂടി കൈയാമം വച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. ഈ സമയത്താണ് ഒഞ്ചിയത്തിന്റെ പുലർകാല നിശ്ശബ്ദതയെ ഭേദിച്ച് അന്തരീക്ഷത്തിൽ മെഗാഫോൺ വിളി ഉയർന്നത്. അതിങ്ങനെയായിരുന്നു;
“പ്രിയമുള്ളവരെ ഒഞ്ചിയത്ത് എംഎസ്‌പിക്കാർ എത്തിയിരിക്കുന്നു. നമ്മുടെ സഖാക്കളെ അവർ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടിവരിൻ” മെഗാഫോൺ വിളികേട്ട് ചെറ്റക്കുടിലുകളിൽ ഓലച്ചൂട്ടുകൾ മിന്നി. നാട്ടുകാർ കൂട്ടംകൂട്ടമായി ഒന്നിച്ചുകൂടി. കോൺഗ്രസ് ഭരണത്തിന്റെ വേട്ടപ്പട്ടികൾക്കുനേരെ വിരൽചൂണ്ടി ഒഞ്ചിയത്തെ ജനങ്ങൾ ഒന്നിച്ചുചോദിച്ചു; “ഇവരെ നിങ്ങൾ എന്തിനാണ് അറസ്റ്റുചെയ്തത്? ഇവരെ വിട്ടുതരണം” ഒഞ്ചിയം ഗ്രാമത്തിന്റെ ഈ അഭ്യർഥന കേൾക്കാൻ കൂട്ടാക്കാതെ പൊലീസ് സേന മുന്നോട്ടുനീങ്ങി. അവർക്കുപിറകെ അറസ്റ്റുചെയ്തവരെ വിട്ടുതരണമെന്ന് അലറിവിളിച്ച് നാട്ടുകാരും. ചെന്നാട്ടുതാഴെ വയലിനടുത്തെത്തുമ്പോഴേക്കും ഒരു ഗ്രാമമാകെ പൊലീസ് സേനയ്ക്ക് മുന്നോട്ടുപോകാനാകാത്തവിധം അവിടെ ഒന്നിച്ചുകൂടിയിരുന്നു. നിരപരാധികളായവരെ അറസ്റ്റുചെയ്തുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യമായിരുന്നു അവിടെ ജ്വലിച്ചത്. ഇതോടെ എംഎസ്‌പിക്കാർ ഭീഷണിമുഴക്കാൻ തുടങ്ങി. ഇൻസ്പെക്ടർ തലൈമ ജനങ്ങൾ പിരിഞ്ഞുപോകണമെന്ന് ആക്രോശിച്ചു. എന്നാൽ, അറസ്റ്റുചെയ്തവരെ വിട്ടുകിട്ടാതെ പിരിഞ്ഞുപോകുന്ന പ്രശ്നമില്ലെന്ന് ജനങ്ങൾ വിളിച്ചുപറഞ്ഞു. നിർധനരും നിരായുധരുമായ പാവം നാട്ടിൻപുറത്തുകാരുടെ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് പൊലീസ് സേന മുതിർന്നത്. ജനക്കൂട്ടത്തിനുനേരെ അവർ പതിനേഴ് ചുറ്റ് വെടിയുതിർത്തു. ചെന്നാട്ടുതാഴെ വയലിൽ ചോരയൊഴുകി. എട്ട് കമ്മ്യൂണിസ്റ്റ് പോരാളികളും അവിടെ പിടഞ്ഞുവീണു. അളവക്കൻ കൃഷ്ണൻ, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ, കെ എം ശങ്കരൻ, സി കെ ചാത്തു, വി പി ഗോപാലൻ, വട്ടക്കണ്ടി രാഘൂട്ടി.. ഈ രണധീരരുടെ മൃതദേഹം ഒഞ്ചിയത്തെ പൊടിമണലിൽ ചോരയിൽ കുതിർന്നുകിടന്നു. സഖാക്കളുടെ മൃതദേഹങ്ങൾ പിസിസിയുടെ ലോറിയിൽ കയറ്റി വടകരയ്ക്ക് കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ട് മൂടി. പിന്നീട് നടന്നത് നരനായാട്ടായിരുന്നു. ഒഞ്ചിയം പ്രദേശത്തെയാകെ ഭരണകൂട ഭീകരത അഴിച്ചുവിട്ടു. സഖാക്കൾ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മർദനത്തെ തുടർന്ന് രക്തസാക്ഷികളായി. വലതുപക്ഷ രാഷ്ട്രീയ കൂട്ടുകെട്ടിനെയും വർഗീയശക്തികളെയും ഒറ്റപ്പെടുത്തുന്നതിനും ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നതിനും ഒഞ്ചിയം രക്തസാക്ഷികളുടെ ദീപ്ത സ്മരണ നമുക്ക് കരുത്തുനൽകും.
