Skip to main content

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് ചാലകശക്തിയാകുന്ന വിഴിഞ്ഞം തുറമുഖം സമീപവാസികളുടെ ജീവിത നിലവാരവും ഉയർത്തും

കേരളത്തിന്റെ സ്വപ്‌നസാഫല്യമായ വിഴിഞ്ഞം തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുകയാണ്. കേരള സർക്കാരിനും ജനതയ്‌ക്കും അഭിമാന നിമിഷം. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്തിന്റെ മുൻകൈയിൽ ഇത്ര ബൃഹത്തായ ഒരു തുറമുഖം ഏറ്റെടുത്തു പൂർത്തിയാക്കുന്നത് ആദ്യം.

ഇന്ത്യക്ക്‌ ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും ഈ തുറമുഖം. സമുദ്രമാർഗേണയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ വിഭാവനം ചെയ്‌ത പദ്ധതിയുടെ കൊമേഴ്സ്യൽ ഓപ്പറേഷൻ 2024 ലാരംഭിച്ചു. 2045ൽ പൂർത്തീകരിക്കേണ്ട തുടർഘട്ടങ്ങൾ 17 വർഷം മുമ്പ് 2028ൽ പൂർത്തീകരിക്കാനാവും. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് എൽഡിഎഫ്‌ സർക്കാരിന്റെ ഭരണസംസ്‌കാരം. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.

കടുത്ത സാമ്പത്തിക പ്രയാസങ്ങൾ സംസ്ഥാനം നേരിടുന്ന ഘട്ടത്തിൽ തന്നെയാണ് കേരളം വലിയ തുക ഇതിനുവേണ്ടി കണ്ടെത്തിയത്. പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഒക്കെ സൃഷ്ടിച്ച പ്രയാസങ്ങളെ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ചു . ആകെ ചെലവായ 8,867 കോടി രൂപയിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാരാണ് മുടക്കുന്നത്. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 818 കോടി രൂപ, വിജിഎഫ് വായ്‌പാ രൂപത്തിലാണ് കേന്ദ്രം ലഭ്യമാക്കുന്നത്. എന്നാൽ, ആ തുക ഇതുവരെ നൽകിയിട്ടില്ല.

അന്താരാഷ്ട്ര കപ്പൽപ്പാതയോട് അസാധാരണമാംവിധം ഏറെ അടുത്തതും 20 മീറ്ററിന്റെ സ്വാഭാവിക ആഴമുള്ളതും റെയിൽ, റോഡ് എയർ കണക്ടിവിറ്റി ഉള്ളതുമായ വിഴിഞ്ഞം ഇന്ത്യയുടെ പൊതുവായ വികസന ചരിത്രത്തിലെ നാഴികക്കല്ലാവുക തന്നെ ചെയ്യും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന സങ്കല്പം രൂപപ്പെടുന്നത് 1996 ലാണ്. അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് ശാസ്ത്രീയ പഠനത്തിന് ഒരു സമിതിയെ നിയോഗിച്ചത്. 2010ൽ ടെൻഡർ നടപടിയിലേക്കു കടന്നെങ്കിലും കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടു. തുടർന്നുള്ള ഘട്ടം പദ്ധതി പ്രായോഗികമാക്കാനുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. മനുഷ്യച്ചങ്ങല മുതൽ 212 ദിവസം നീണ്ട ജനകീയസമരം വരെ എത്രയോ ജനമുന്നേറ്റങ്ങൾ!

ഇതിന്റെയൊക്കെ ഫലമായി 2015ൽ കരാറുണ്ടായി. പിന്നീട് 2016ൽ വന്ന എൽ ഡി എഫ് സർക്കാർ കേവലം തറക്കല്ല് മാത്രമായി നിന്നിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചു. ആ പദ്ധതിയാണ് ജാഗ്രത്തായ തുടർനടപടികളിലൂടെ 2024 ജൂലൈയിൽ ട്രയൽ റണ്ണിലേക്കും ഇപ്പോൾ കമീഷനിങ്ങിലേക്കും എത്തിയത്.

തുറമുഖത്തെക്കുറിച്ച്‌ ഒരുപാട് ആശങ്കകൾ പ്രദേശവാസികൾക്കുണ്ടായിരുന്നു. അവരുടെ ആവലാതികൾ കേട്ട്‌ സമഗ്ര പുനരധിവാസ നടപടികൾ ആവിഷ്‌കരിക്കാൻ സംസ്ഥാന സർക്കാരിനായി. ജീവനോപാധി നഷ്ടപരിഹാര ഇനത്തിൽ നാളിതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്‌തത്. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മത്സ്യബന്ധന തുറമുഖ നിർമ്മാണം, കുടിവെള്ള വിതരണം, നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാർക്ക്, ആശുപത്രി, ഭവനപദ്ധതി തുടങ്ങി സമഗ്രമായ ഇടപെടലുകൾ നടത്താൻ സർക്കാരിനു സാധിച്ചു.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് ചാലകശക്തിയാകുന്ന വിഴിഞ്ഞം സമീപവാസികളുടെ ജീവിത നിലവാരവും ഉയർത്തും. വിഴിഞ്ഞത്ത്‌ ഓപ്പറേഷൻ പങ്കാളികളിലും കരാർ കമ്പനികളിലുമായി ആകെ 755 പേർ നിലവിൽ തൊഴിൽ നേടിയിട്ടുണ്ട്. തുറമുഖത്തെ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകൾ പ്രവർത്തിപ്പിക്കാൻ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വനിതകളെയും നിയമിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഇത്തരം യന്ത്രങ്ങൾ സ്‌ത്രീകൾ ഓപ്പറേറ്റ് ചെയ്യുന്നത് വിഴിഞ്ഞത്തായിരിക്കും. കേരള സർക്കാരിന്റെ ക്ഷേമ നടപടികളുടെ ഭാഗമായി തുറമുഖ മേഖലയിലുണ്ടായ സ്‌ത്രീശാക്തീകരണത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.