Skip to main content

രാജ്യത്തിൻ്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്; നിശ്ചയദാര്‍ഢ്യമാണ്

കേരളത്തിന്റെ സ്വപ്നസാഫല്യമാണിത്. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭം. രാജ്യത്തിൻ്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്; നിശ്ചയദാര്‍ഢ്യമാണ്.

ഒരുപാടു സവിശേഷതകളുണ്ട്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നു.

ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണ്.

കരാര്‍ പ്രകാരം 2045 ല്‍ മാത്രമേ ഇതു പൂര്‍ത്തിയാവേണ്ടതുള്ളു. നമ്മള്‍ അതിനു കാത്തുനിന്നില്ല. 2024 ല്‍ തന്നെ കൊമേഴ്‌സ്യല്‍ ഓപ്പറേഷനാരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്നിങ്ങോട്ട് 250 ലേറെ കപ്പലുകള്‍ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നു. 2028 ല്‍ ഇതിൻ്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കും.

ഒരുപാടു പ്രതികൂല ഘടകങ്ങളുണ്ടായി. മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍, എന്നിവയൊക്കെ സമ്പദ് ഘടനയെ ഉലച്ചു. എന്നാല്‍, കേരളം അവിടെ തളര്‍ന്നുനിന്നില്ല. നിർമാണ കമ്പനിയും നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോയി.

1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാര്‍ത്ഥ്യമാവുന്നത്. ഇടക്കാലത്ത് അനിശ്ചിതത്വത്തിലായ പദ്ധതി. പദ്ധതിപഠനത്തിനായി 2009 ല്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ചു. 2010 ല്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം ആ ഘട്ടത്തിൽ അനുമതി നിഷേധിച്ചു. തുടര്‍ന്നുള്ള ഘട്ടം പദ്ധതിക്കായുള്ള മനുഷ്യച്ചങ്ങല അടക്കമുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു.

2015 ല്‍ ഒരു കരാറുണ്ടായി. എന്നാല്‍, പല തലങ്ങളിലുള്ള വിമര്‍ശനങ്ങള്‍ അതു നേരിട്ടു. വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പൊഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങള്‍ കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്. അതു പ്രകാരമാണ് 2016 ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്.

സ്ഥാപിത താല്‍പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ - ജീവനോപാധി പ്രശ്‌നങ്ങള്‍ 120 കോടി ചെലവാക്കി പരിഹരിച്ചു. അവിടുത്തെ പെണ്‍കുട്ടികളെ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലിയടക്കം ഏല്‍പ്പിച്ചു. തദ്ദേശീയ സ്ത്രീകള്‍ക്കായി സ്‌കില്ലിങ് സെന്റര്‍ തുറന്നു. ഇങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സങ്കടങ്ങള്‍ക്ക് അറുതിയുണ്ടാക്കിയാണു സര്‍ക്കാര്‍ നീങ്ങിയത്.

5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കൂടുതല്‍ പേര്‍ക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. കേരളത്തിന്റെ, അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ ഈ തുറമുഖം വലിയ തോതില്‍ ഭദ്രമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.