മോദി സര്‍ക്കാരിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ നേരിടുന്നത് കടുത്ത വെല്ലുവിളി. "റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍' സംഘടന പുറത്തുവിട്ട 180 രാജ്യങ്ങളുടെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നേപ്പാളിനും ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നിലായി 151 -ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി ലോക മാധ്യമസ്വാതന്ത്ര്യദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു.
2014ൽ മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മോദിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് എഴുപതിലേറേ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ്. മോദിയുടെ മറ്റൊരു അടുത്ത സുഹൃത്ത് ഗൗതം അദാനി 2022ൽ എൻഡിടിവി സ്വന്തമാക്കിയത് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ബഹുസ്വരതയുടെ അന്ത്യം സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ബിജെപി അനുകൂല അജൻഡകളുമായി "ഗോദി മീഡിയ' ശക്തിപ്രാപിക്കുന്നു. അധികാരത്തിലെത്തിയശേഷം വാര്‍ത്താസമ്മേളനം നടത്താന്‍ മോദി തയ്യാറായില്ല. പകരം തനിക്ക് അനുകൂല മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖങ്ങള്‍ നൽകി. ഒപ്പം നിൽക്കാത്തവരെ അതിരൂക്ഷമായി കൈകാര്യംചെയ്യുന്നു. ബിജെപി പിന്തുണയോടെ മാധ്യമ പ്രവര്‍ത്തകരെ വ്യാപകമായി അധിപക്ഷേപിക്കുകയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
കഴിഞ്ഞവര്‍ഷം ലോകത്താകെ 124 മാധ്യമപ്രവർത്തകർ ജോലിക്കിടെ കൊല്ലപ്പെട്ടെന്ന് കമ്മിറ്റി ടു പ്രൊട്ടക്‌ട് ജേണലിസ്‌റ്റ്‌സ് റിപ്പോർട്ട്. മൂന്നിൽ രണ്ടും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്‌തീൻ മാധ്യമ പ്രവർത്തകരാണ്. സുഡാൻ, പാകിസ്ഥാൻ, മ്യാൻമർ, മെക്‌സിക്കോ, സിറിയ, ഹെയ്‌തി എന്നിവിടങ്ങളിലും മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. 2024ല്‍ 361 മാധ്യമപ്രവർത്തകർ തടവിലാക്കപ്പെട്ടു. 67 പേരെ കാണാതായി. 2025ൽ ഇതുവരെ 15 പേരും കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിൽ അഴിമതി വെളിച്ചത്തുകൊണ്ടുവന്നതിന് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറും ഇതിൽ ഉൾപ്പെടും.
