Skip to main content

തുടർച്ചയായ പത്താം വർഷത്തിലേക്ക്‌ എൽഡിഎഫ്‌ സർക്കാർ പ്രവേശിക്കുമ്പോൾ സർവതലസ്‌പർശിയായ വികസനവും ക്ഷേമവും പുരോഗതിയുമാണ്‌ കേരളം അനുഭവിച്ചറിയുന്നത്‌

ആധുനിക കേരളത്തിന്റെയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ തിളക്കമേറിയ അധ്യായത്തിന്‌ തുടക്കംകുറിച്ച നാളായിരുന്നു 2021 മെയ്‌ 20. എൽഡിഎഫിന്‌ വർധിച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച സമ്മാനിച്ച ജനവിധിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാം സർക്കാർ സത്യപ്രതിജ്ഞചെയ്‌ത്‌ അധികാരമേറ്റ ദിവസം. തുടർച്ചയായ പത്താം വർഷത്തിലേക്ക്‌ എൽഡിഎഫ്‌ സർക്കാർ പ്രവേശിക്കുമ്പോൾ സർവതലസ്‌പർശിയായ വികസനവും ക്ഷേമവും പുരോഗതിയുമാണ്‌ കേരളം അനുഭവിച്ചറിയുന്നത്‌. നവകേരളത്തെ പുതിയ ഉയരങ്ങളിലേക്ക്‌ നയിക്കാൻ ഏകമനസ്സോടെ സർക്കാരും പൊതുസമൂഹവും കൈകോർത്തുനീങ്ങുന്ന ആവേശകരമായ കാഴ്‌ചയാണ്‌ എവിടെയും ദൃശ്യമാകുന്നത്‌. പരമ്പരാഗതമായി മുൻതൂക്കമുള്ള രംഗങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിച്ചും ദൗർബല്യങ്ങൾ ഉണ്ടായിരുന്ന മേഖലകളിൽ അവ പരിഹരിച്ചും നൂതനമേഖലകളിൽ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്‌കരിച്ചും വിജ്ഞാനാധിഷ്‌ഠിത വളർച്ച സാധ്യമാക്കാൻ സംസ്ഥാനത്തെ പ്രാപ്‌തമാക്കുകയാണ്‌ ജനകീയ സർക്കാർ.

ഒമ്പതു വർഷത്തിൽ കേരളം കീഴടക്കിയ ഉയരങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ്‌ രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ്‌ തുറമുഖമായ വിഴിഞ്ഞം. യുഡിഎഫ്‌ കാലത്തെ കരാർ പൊളിച്ചെഴുതി സംസ്ഥാനതാൽപ്പര്യം സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്‌താണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. സംസ്ഥാനത്തിന്റെ സാമ്പത്തിക വികാസത്തിനും സാമൂഹ്യപുരോഗതിക്കും വിഴിഞ്ഞം തുറമുഖപദ്ധതി വഴിയൊരുക്കും. കഴിഞ്ഞ വർഷങ്ങളിൽ ലക്ഷക്കണക്കിന് ചെറുകിട വ്യവസായസംരംഭങ്ങൾ സംസ്ഥാനത്ത്‌ ആരംഭിച്ചത്‌ കേരളം നിക്ഷേപസൗഹൃദമല്ലെന്ന ധാരണ സമൂഹത്തിൽനിന്ന്‌ അപ്രത്യക്ഷമായെന്ന്‌ തെളിയിക്കുന്നു. നിലവിൽ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ രാജ്യത്ത്‌ ഒന്നാമതാണ്‌ കേരളം. തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചാണ്‌ സംസ്ഥാനത്തിന്റെ ഈ മുന്നേറ്റം. സുസ്ഥിര വികസന–- സാമൂഹ്യ ക്ഷേമ മേഖലകളിൽ നിതി ആയോഗ്‌ റിപ്പോർട്ട്‌ പ്രകാരം കേരളം തുടർച്ചയായി ഒന്നാമതാണ്‌. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യം ഉടൻ സാധ്യമാകും. കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന തടസ്സങ്ങൾ മറികടന്ന്‌ 62 ലക്ഷം പേർക്ക്‌ സാമൂഹ്യക്ഷേമ പെൻഷൻ നൽകിവരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിശ്ശബ്ദ വിപ്ലവമാണ്‌ നടക്കുന്നത്‌. ലക്ഷക്കണക്കിന്‌ സ്‌ത്രീകൾക്ക്‌ ജീവിതമാർഗം ഒരുക്കിയ കുടുംബശ്രീയെ മൂല്യവർധിത പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഈ സർക്കാർ പ്രാപ്‌തമാക്കി.

ദേശീയപാത വികസനം അതിവേഗം പൂർത്തീകരിക്കുന്നതും ഗ്രാമ നഗരങ്ങളിലെ റോഡുകൾ മികച്ച നിലയിൽ പരിപാലിക്കുന്നതും ആർക്കും കണ്ടില്ലെന്ന്‌ നടിക്കാൻ കഴിയില്ല. കൊച്ചിയിൽ യാഥാർഥ്യമാക്കിയ രാജ്യത്തെ ആദ്യ ജലമെട്രോയിൽ രണ്ടു വർഷത്തിനുള്ളിൽ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു. ആരോഗ്യമേഖലയിൽ കേരളത്തിന്റെ കുതിപ്പ്‌ ലോകത്തിന്റെയാകെ അംഗീകാരവും ആദരവും നേടി. സർക്കാർ ആശുപത്രികളിൽ കോർപറേറ്റ്‌ സംരംഭങ്ങളെ വെല്ലുന്ന സൗകര്യങ്ങളായി. സർക്കാർ സ്‌കൂളുകളും ഉന്നതവിദ്യാഭ്യാസമേഖലയും മുന്നേറുകയാണ്‌. വാർഷികപരീക്ഷ തീരുംമുമ്പേ അടുത്ത അധ്യയനവർഷത്തെ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്‌ത്‌ ചരിത്രം സൃഷ്ടിച്ചു. ഐടി, ഐടി അനുബന്ധ മേഖലകളിൽ വൻകിട കമ്പനികൾ കേരളത്തിൽ മുതൽമുടക്കുന്നു. ഉത്തരവാദിത്വപൂർണമായ ടൂറിസമെന്ന കാഴ്‌ചപ്പാട്‌ മുറുകെപ്പിടിച്ച്‌ ആഗോള, ദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനകേന്ദ്രമായി കേരളം വളർന്നു. പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും എക്‌സൈസ്‌ വകുപ്പിന്റെയും ജാഗ്രതയോടെയുള്ള പ്രവർത്തനം നിയമവാഴ്‌ചയും ജനങ്ങൾക്ക്‌ സുരക്ഷയും ഉറപ്പാക്കുന്നു. കുറ്റമറ്റ വൈദ്യുതി– -കുടിവെള്ള വിതരണം, അർഹരായവർക്ക്‌ പട്ടയംനൽകൽ, കർഷകർക്ക്‌ കൈത്താങ്ങ്‌, കായികമേഖലയുടെ വികസനം, സഹകരണമേഖലയിലെ മാതൃകാപരമായ പദ്ധതികൾ, ലഹരിവിപത്തിനെതിരെ അതിവിപുലമായ ക്യാമ്പയിൻ എന്നിവയും വിസ്‌മരിക്കാനാകില്ല.

പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന കേരള വികസന മാതൃകയുടെ പുതിയ പതിപ്പാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌. മലിനീകരണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദോഷഫലങ്ങൾ മാനവരാശി നേരിടുന്ന സാഹചര്യത്തിൽ ശാസ്‌ത്രീയ മാലിന്യസംസ്‌കരണം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനം മുന്നോട്ടുപോവുകയാണ്‌. ഭവനരഹിതരില്ലാത്ത കേരളം സാധ്യമാക്കാനുള്ള ലൈഫ്‌ പദ്ധതി ഉൾക്കൊള്ളലിന്റെയും മാനവികതയുടെയും വിളംബരമാണ്‌. സാമ്പത്തികപ്രതിസന്ധി അതിജീവിച്ച്‌ കെഎസ്‌ആർടിസിയെ കരകയറ്റാനും ജീവനക്കാരോടുള്ള പ്രതിബദ്ധത നിറവേറ്റാനും സർക്കാരിനു കഴിഞ്ഞു.

മത്സ്യത്തൊഴിലാളികൾ, ഇതര പരമ്പരാഗത മേഖലകളിൽ പണിയെടുക്കുന്നവർ, സർക്കാർ ജീവനക്കാർ, അങ്കണവാടി–ആശ പ്രവർത്തകർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും സർക്കാർ സവിശേഷശ്രദ്ധ പുലർത്തുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഇതര ദുർബലജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക്‌ നയിക്കുന്നതിലും ശ്രദ്ധേയ പ്രകടനമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. ബംഗളൂരു ആസ്ഥാനമായ പബ്ലിക്‌ അഫയേഴ്‌സ്‌ സെന്ററിന്റെ റിപ്പോർട്ടിൽ രാജ്യത്ത്‌ ഏറ്റവും അഴിമതികുറഞ്ഞ സംസ്ഥാനമായി കേരളത്തെ വിലയിരുത്തിയത്‌ എൽഡിഎഫ് സർക്കാരിന്റെ തൊപ്പിയിലെ ഏറ്റവും ശോഭയാർന്ന തൂവലാണ്‌. പ്രകൃതിദുരന്തങ്ങളും മഹാമാരിയും കേന്ദ്രത്തിന്റെ രാഷ്‌ട്രീയപകപോക്കലും പ്രതിപക്ഷത്തിന്റെ നിരുത്തരവാദ നിലപാടും തരണംചെയ്‌ത്‌ കേരളം മുന്നോട്ടുതന്നെ കുതിക്കുകയാണ്‌.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.