കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്നു പറഞ്ഞാൽ അതിശയോക്തിയല്ല, ഓരോ മനുഷ്യനും മുമ്പിൽ തെളിഞ്ഞുനിൽക്കുന്ന യാഥാർഥ്യമാണ്. യുഡിഎഫ് സർക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടിനിന്നിരുന്ന ദേശീയപാത വികസനവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. അവരുടെ കാലത്ത് സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ കേരളത്തിൽ ദേശീയപാത വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാത അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി. എന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോൾ ഓഫീസ് അടച്ച് ദേശീയപാത അതോറിറ്റി കേരളംവിടുന്ന അവസ്ഥയാണുണ്ടായത്.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഹൈവേ വികസനം ഏറ്റെടുത്തു. കേന്ദ്രസർക്കാരാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകൾ നമുക്കുമേൽ അടിച്ചേൽപ്പിച്ചു. അതിനെത്തുടർന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6000 കോടിയോളം രൂപ സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീർഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാർഥ്യമാക്കാനും നമുക്ക് സാധിച്ചു. ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി നാടിനു സമ്മാനിച്ചു. അസാധ്യമെന്ന് പലരും വെല്ലുവിളിച്ച, യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം പരിഹരിച്ച് എൽഡിഎഫ് സർക്കാർ പൂർത്തീകരിച്ചു. അതുപോലെ കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാർഷിക വ്യാവസായിക രംഗത്തും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഇടമൺ കൊച്ചി പവർഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽനിന്ന് വീണ്ടെടുത്ത് സർക്കാർ പൂർത്തീകരിച്ചു.
അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചിബംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐടി കോറിഡോർ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ, കോസ്റ്റൽ ഹൈവേ, വയനാട് തുരങ്കപാത, കെ ഫോൺ, കൊച്ചി വാട്ടർ മെട്രോ, പശ്ചിമതീര കനാൽ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വൻ പദ്ധതികൾ പുരോഗമിക്കുകയാണ്. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും നിർമാണം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ഡിപിആർ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓരോ എയർസ്ട്രിപ്പിനും 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പശ്ചാത്തലവികസനമെന്നത് വരുംകാല വികസന മുന്നേറ്റത്തിനുള്ള നിക്ഷേപംകൂടിയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്.
