Skip to main content

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി. നാക് റാങ്കിങ്ങിൽ എംജി, കേരള സർവകലാശാലകൾക്ക് എ ഡബിൾ പ്ലസ്, കലിക്കറ്റ്, കുസാറ്റ്, കാലടി സർവകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. കേരളത്തിലെ 28 കോളേജിന്‌ എ ഡബിൾ പ്ലസ് ഗ്രേഡും 49 കോളേജിന്‌ എ പ്ലസ് ഗ്രേഡും ലഭിച്ചു. 82 കോളേജുകൾക്ക് എ ഗ്രേഡുമുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 200 കോളേജിൽ 42 എണ്ണവും കേരളത്തിലേതാണ്.

സർവകലാശാലയിലെ ഗവേഷണഫലങ്ങൾ സാമൂഹ്യാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിനായി ട്രാൻസ്ലേഷൻ ലാബുകൾ ആരംഭിച്ചത് എൽഡിഎഫ് സർക്കാരാണ്. നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ, കൈരളി റിസർച്ച് അവാർഡുകൾ തുടങ്ങിയവ ഏർപ്പെടുത്തി നാടിന്‌ ഗുണകരമാകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നു. അതിനെല്ലാം ഉപരിയായി ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപീകരിക്കുകയും അതിന്റെ ശുപാർശകൾ നടപ്പാക്കുകയും ചെയ്തുവരികയാണ്. ഭാവിയിൽ കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും പ്രധാനമാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനം. ശാസ്ത്ര സാങ്കേതികവിദ്യയിലും മികച്ച പുരോഗതി കൈവരിക്കാൻ ഇക്കാലയളവിൽ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴര വർഷത്തിനിടയിൽ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല, ഡിജിറ്റൽ സയൻസ് പാർക്ക്, ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ തുടങ്ങിയവ ഈ സർക്കാരിനു കീഴിൽ യാഥാർഥ്യമായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും നിലവിൽ വന്നു. ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജീനോം ഡാറ്റാ സെന്റർ, മെഡിക്കൽ ടെക്നോളജി കൺസോർഷ്യം തുടങ്ങിയവ ഒരുക്കുകയാണ്.

പൊതുജനാരോഗ്യമേഖലയിൽ ആധുനിക സംവിധാനങ്ങൾ
പൊതുജനാരോഗ്യ സംവിധാനത്തെ ആധുനിക സംവിധാനങ്ങളോടെ രോഗീസൗഹൃദമാക്കി. സംസ്ഥാനത്തെ 674 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. അയ്യായിരത്തിലധികം ജനകീയ ആരോഗ്യകേന്ദ്രങ്ങളും സജ്ജമാക്കി. ജില്ലാ ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ലഭ്യമാക്കി. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബും ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റും ആരംഭിച്ചു. താലൂക്ക് ആശുപത്രികളിൽ 44 അധിക ഡയാലിസിസ് യൂണിറ്റും ലഭ്യമാക്കി. നിലവിൽ 83 താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകൾക്കായി പ്രത്യേക മാസ്റ്റർ പ്ലാൻ നടപ്പാക്കുകയാണ്.

കാർഷികരംഗവും വ്യവസായരംഗവും വലിയതോതിൽ അഭിവൃദ്ധിപ്പെട്ടു. കാർഷികമേഖല മുമ്പില്ലാതിരുന്ന വളർച്ച രേഖപ്പെടുത്തിയ ഭരണകാലമാണിത്. 2016ൽ രണ്ട്‌ ശതമാനമായിരുന്ന കാർഷിക വളർച്ച നിരക്ക് ഇന്ന് 4.64 ശതമാനമാണ്. 2016ൽ 1.7 ലക്ഷം ഹെക്ടറിലാണ് നെൽക്കൃഷി നടന്നിരുന്നതെങ്കിൽ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വർധിച്ചു. നെല്ലിന്റെ ഉൽപ്പാദനക്ഷമത ഹെക്ടറിന് 4.56 ടണ്ണായി വർധിച്ചു. പച്ചക്കറി ഉൽപ്പാദനം ഏഴ്‌ ലക്ഷം മെട്രിക് ടൺ ആയിരുന്നത് 16 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. കാർഷിക മൂല്യവർധന ലക്ഷ്യംവച്ചുള്ള വിവിധ പാർക്കുകൾക്ക് തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്കും പഴങ്ങൾക്കും താങ്ങുവില ഏർപ്പെടുത്തുന്ന സംസ്ഥാനമായും നമ്മൾ മാറി. അഭൂതപൂർവമായ നേട്ടങ്ങളാണ് വ്യവസായ മേഖലയിൽ കേരളം കൈവരിച്ചത്. 2016ൽ 12 ശതമാനം ആയിരുന്ന വ്യാവസായിക വളർച്ച ഇന്ന് 17 ശതമാനമായി ഉയർന്നു.

മാനുഫാക്ചറിങ്‌ സെക്ടറിന്റെ സംഭാവന 2016ൽ 9.8 ശതമാനം ആയിരുന്നു. ഇന്നത് 14 ശതമാനമാണ്. വ്യവസായങ്ങൾ വരാത്ത സംസ്ഥാനമെന്ന കേരളത്തെക്കുറിച്ചുള്ള ദുഷ്‌പ്രചാരണം, ഇന്ന് ആർക്കും അത്ര എളുപ്പത്തിൽ നടത്താൻ കഴിയില്ല. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈസ് ഓഫ് ഡൂയിങ്‌ ബിസിനസിന്റെ കാര്യത്തിൽ നാം ഒന്നാം സ്ഥാനത്ത് എത്തിയത് പകൽപോലെ തെളിഞ്ഞുനിൽക്കുമ്പോഴും അത് അംഗീകരിക്കാൻ ഇവിടത്തെ പ്രതിപക്ഷത്തെ ചിലർക്ക് കഴിയുന്നില്ല. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമാണ് നാം നടത്തിയിരിക്കുന്നത്. കേരളത്തിൽ 6400 സ്റ്റാർട്ടപ്പിലൂടെ 63,000 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യുഡിഎഫ് കാലത്ത് 300 സ്റ്റാർട്ടപ് മാത്രമാണ്‌ ഉണ്ടായിരുന്നത്. 2016ൽ സ്റ്റാർട്ടപ് നിക്ഷേപം 50 കോടി രൂപയായിരുന്നത്, ഇപ്പോൾ 6000 കോടിയിലെത്തി.

സാങ്കേതിക�വിദ്യയിലധിഷ്ഠിതമായ വളർച്ച
എഐയ്ക്കും മെഷീൻ ലേണിങ്ങിനും മേൽക്കൈ വരുന്ന കാലമാണ് ഇനി. അതിനാൽ സാങ്കേതികവിദ്യയിലധിഷ്ഠിതമായ വ്യാവസായിക വളർച്ച ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നാം നടത്തുന്നത്. രാജ്യത്തെ ആദ്യ ജെൻ എഐ കോൺക്ലേവിനും റോബോട്ടിക് റൗണ്ട് ടേബിൾ കോൺഫറൻസിനും കേരളം വേദിയായി. കൊച്ചിയിൽനടന്ന ആഗോള നിക്ഷേപകസംഗമത്തിൽ ഒന്നര ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപങ്ങൾക്കാണ് ധാരണയായത്. അതെല്ലാം നടപ്പാക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സംരംഭക വർഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായാണ് ദേശീയതലത്തിൽ വിലയിരുത്തിയത്. പദ്ധതിയിൽ ഇതുവരെ മൂന്നര ലക്ഷത്തിലേറെ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. 22,500 കോടിയിൽപ്പരം രൂപയുടെ നിക്ഷേപങ്ങൾ ആകർഷിക്കാനും ഏഴര ലക്ഷത്തിലധികം തൊഴിലുകൾ സൃഷ്ടിക്കാനും സാധിച്ചു. കഴിഞ്ഞ ഒമ്പത് വർഷംകൊണ്ട് നമ്മുടെ ഐടി കയറ്റുമതി 34,000 കോടി രൂപയിൽനിന്ന് 90,000 കോടി രൂപയായി ഉയർന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ, സംസ്ഥാനത്തെ മൂന്ന്‌ ഐടി പാർക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ ആകെ 676 കമ്പനിയും 84,720 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 2023–-24ൽ മൂന്ന് ഐടി പാർക്കിലുമായി 1153 കമ്പനിയും 1,47,200 ജീവനക്കാരുമുണ്ട്. കഴിഞ്ഞ ഏഴ്‌ വർഷത്തിൽ 477 കമ്പനിയും 62,480 ജീവനക്കാരും അധികമായി വന്നിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനകം അരലക്ഷം പേർക്കുകൂടി ടെക്നോപാർക്കുകളിൽ തൊഴിൽ ലഭ്യമാകും.

കെ ഫോൺ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി വരികയാണ്. ആധുനികമായ എല്ലാ കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ചുള്ള വൈജ്ഞാനിക കുതിപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേറ്റവും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക്‌ ഇന്ന്‌ സാധിക്കുന്നു. കേരളത്തിലാകെ 131 പൊതുമേഖലാ സ്ഥാപനമാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്. കഴിഞ്ഞ ഒമ്പതു വർഷംകൊണ്ട് ഇവയുടെ പ്രവർത്തനത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. 2016ൽ 41 പൊതുമേഖലാ സ്ഥാപനമാണ് ലാഭത്തിൽ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 53 ആയി ഉയർന്നു. 2016ൽ അവയുടെ പ്രവർത്തന ലാഭം 584 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 1913 കോടി രൂപയായും വർധിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പൊതുമേഖലാ സ്ഥാപനങ്ങളോട് കാണിക്കുന്ന സവിശേഷമായ കരുതലിന്റെ ഫലമായാണ് ഈ മുന്നേറ്റം സാധ്യമായത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ വലിയ സംഭാവന നൽകുന്ന ടൂറിസം മേഖലയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം രണ്ടേകാൽ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിലേക്ക് എത്തിച്ചേർന്നു. ഏഴര ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും കേരളം സന്ദർശിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് സഞ്ചാരികൾക്കിടയിലുണ്ടാകുന്ന സ്വീകാര്യതയെയാണ്. സാഹസിക ടൂറിസം, സിനി ടൂറിസം, കാരവൻ ടൂറിസം, ഉത്തരവാദിത്വ ടൂറിസം എന്നിങ്ങനെ പുതുവഴികളിലൂടെ നാം മുന്നേറുകയാണ്. ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനമാണ് സമാധാനപൂർണമായ ജീവിതം. ഭദ്രമായ ക്രമസമാധാനനിലയും വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലാത്ത സമാധാനപൂർണമായ സാമൂഹ്യജീവിതവും കേരളത്തിൽ ഉറപ്പാക്കാനായിട്ടുണ്ട്. സൈബർ കേസുകളുൾപ്പെടെ അന്വേഷിച്ച് പ്രതികളെ നിയമത്തിനു മുമ്പിൽ എത്തിക്കാൻ സാധിക്കുംവിധം മികവുറ്റ ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങളും കാര്യപ്രാപ്തിയും നമ്മുടെ പൊലീസ് സേനയ്ക്കുണ്ട്. ലഹരിവിപത്തിനെതിരെയും ശക്തമായ പ്രതിരോധമാണ് കേരളം ഉയർത്തുന്നത്. ലഹരിപദാർഥങ്ങളുടെ വിപണനവും സംഭരണവും ഉപയോഗവും തടയാൻ ഓപ്പറേഷൻ ഡി– -ഹണ്ട് എന്ന കർമപദ്ധതി കേരള പൊലീസ് നടപ്പാക്കിവരികയാണ്.

ഇന്ത്യയിൽ ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്ന പബ്ലിക് സർവീസ് കമീഷനാണ് കേരള പബ്ലിക് സർവീസ് കമീഷൻ. പിഎസ്‌സിയിലൂടെ രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ നടത്തി. നാൽപ്പതിനായിരത്തോളം തസ്തികകൾ സൃഷ്ടിച്ചു. കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന്‌ തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവിൽ സർവീസിനും അവകാശപ്പെടാനില്ലാത്ത ഈ നേട്ടം കേരളം കൈവരിച്ചത്. ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ നാല് ശതമാന സംവരണം ഉറപ്പാക്കി.

പ്രതിസന്ധികളെ� മറികടന്ന്�
ഈ നേട്ടങ്ങളെല്ലാം സാധ്യമാകുന്നെന്ന് പറയുമ്പോഴും നാം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും ചെറുതൊന്നുമല്ല. ഒരു ഭാഗത്ത് ഓഖിയും 2018ലെ മഹാപ്രളയവും 2019ലെ അതിരൂക്ഷ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയും ഏറ്റവുമൊടുവിൽ ചൂരൽമല ഉരുൾപൊട്ടലുംവരെയുള്ള പ്രകൃതി ദുരന്തങ്ങൾ. മറ്റൊന്ന് കേന്ദ്രസർക്കാരിന്റെ സമീപനം സൃഷ്ടിച്ച വൈതരണികൾ. കേന്ദ്ര പദ്ധതി വിഹിതങ്ങളിലും നികുതി വരുമാനത്തിലും വരുത്തിയ വെട്ടിക്കുറവുകൾ നമ്മുടെ വരുമാനത്തിൽ കാര്യമായി ഇടിവുണ്ടാക്കി. ആ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ടു പോകാനാണ് നാം ശ്രമിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തെ കണക്കുകളെടുത്തു നോക്കിയാൽ നമ്മുടെ തനത്‌ നികുതി വരുമാനം 47,000 കോടി രൂപയിൽനിന്ന് 81,000 കോടി രൂപയായി വർധിച്ചു. ആകെ തനത്‌ വരുമാനമാകട്ടെ 55,000 കോടിയിൽനിന്ന് 1,04,000 കോടിയായി വർധിച്ചു. പൊതുകടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അന്തരം 36 ശതമാനത്തിൽനിന്ന്‌ 34 ശതമാനമായി മാറി. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഈ സാമ്പത്തിക വർഷം ആകെ ചെലവുകളുടെ 75 ശതമാനത്തോളം സംസ്ഥാനം വഹിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 2016ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 13.11 ലക്ഷം കോടി രൂപയായി ഉയരുകയാണ്. പ്രതിസന്ധികളിൽ തളരുകയല്ല, അവയെ അവസരങ്ങളാക്കി മുന്നോട്ടുപോവുകയാണ് നാം ചെയ്യുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ഉറപ്പാണ് നാലാം വാർഷികാഘോഷങ്ങളിലേക്ക് എത്തുന്ന ജനസാഗരങ്ങൾ. കേരളം കേവലം ഒരു സംസ്ഥാനത്തിന്റെ പേര് മാത്രമല്ല, അത്‌ നമ്മുടെ മണ്ണും മനസ്സുമാണ്. മലയാളിയുടെ അഭിമാനമാണ് ഈ നാട്. കേരളത്തിന്റെ ദീപശിഖ കൂടുതൽ പ്രകാശത്തോടെ ജ്വലിക്കുകയാണിപ്പോൾ. അത് അണയാതെ കാക്കാൻ, നവകേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ, എൽഡിഎഫ് ഭരണം തുടരാൻ ജനങ്ങളും ആഗ്രഹിക്കുകയാണ്. ആ ആഗ്രഹം സർക്കാരിനു നൽകുന്നത് വലിയ ഉത്തരവാദിത്വമാണ്. പ്രതിബദ്ധതയോടെ, വിട്ടുവീഴ്ചയില്ലാതെ അത്‌ നിർവഹിച്ച്‌ സർക്കാർ മുന്നോട്ടു പോകും.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.