ഇന്ത്യയിലെ വിദ്യാർത്ഥി സമരമുന്നേറ്റങ്ങൾക്ക് വിപ്ലവാത്മകതയിലും പുരോഗമന ചിന്താഗതിയിലുമൂന്നി ദിശാബോധം നൽകി വരുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. എസ്എഫ്ഐയുടെ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്ത് വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. നവലിബറൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് കീഴിൽ വിദ്യാഭ്യാസം കൂടുതൽ കച്ചവടവൽക്കരിക്കപ്പെടുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താൻ എസ്എഫ്ഐ പുതിയ പോർമുഖങ്ങൾ തുറക്കേണ്ട സമയമാണിത്. ഇതോടൊപ്പം വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെയും ചെറുത്തു തോല്പിക്കേണ്ടതുണ്ട്. ജനകീയ വിദ്യാഭ്യാസമെന്നതിന് കേരളം തീർക്കുന്ന മാതൃകയെ ഏറ്റെടുക്കേണ്ടതും ഈ കാലത്തിന്റെ ആവശ്യകതയാണ്.
സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് ആയി സ. ആദർശ് എം സജിയെയും ജനറൽ സെക്രട്ടറി ആയി സ. ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. സഖാക്കൾക്കും നിലവിൽ വന്ന പുതിയ കേന്ദ്ര എക്സിക്യൂട്ടീവിനും അഭിവാദ്യങ്ങൾ. ചൂഷണവും അടിച്ചമർത്തലുകളും ഇല്ലാത്ത, എല്ലാവരും തുല്യരായി ജീവിക്കുന്ന നവലോകത്തിനായി നമുക്ക് ഒരുമിച്ച് അണിനിരക്കാം.