Skip to main content

ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീയാക്കണം

സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി സ. പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്ക്കുടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ ബസ് ഉടമകള്‍ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം.

നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണം. കേരളത്തിന്‍റെ ഭൂമി ശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തു വേണം പ്രവൃത്തികള്‍ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിട്രേഷന്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റര്‍ റോഡിന്‍റെ പൂര്‍ത്തീകരണ തിയതിയും യോഗത്തില്‍ ചര്‍ച്ചയായി. 480 കിലോമീറ്റര്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാകും. ആകെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും. കാസർകോട് ജില്ലയില്‍ 83 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പൂര്‍ത്തിയായി. കണ്ണൂര്‍ 65 ല്‍ 48 കി.മീ, കോഴിക്കോട് 69 ല്‍ 55 കി.മീ, മലപ്പുറം 77 ല്‍ 76 കി.മീ, തൃശ്ശൂരില്‍ 62 ല്‍ 42 കി.മീ, എറണാകുളം 26 ല്‍ 9 കി.മീ, ആലപ്പുഴ 95 ല്‍ 34 കി.മീ, കൊല്ലം 56 ല്‍ 24 കി.മീ, തീരുവനന്തപുരം 30 കിലോമീറ്ററില്‍ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.

യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു, ജില്ലാകളക്ടര്‍മാര്‍, ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ കേണല്‍ എ കെ ജാന്‍ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.