Skip to main content

സമ്പദ്ഘടനയിൽ മാന്ദ്യം ശക്തിപ്പെടുന്നത് ആശങ്കാജനകം പിഎംജികെഎക്ക് കീഴിലുള്ള സൗജന്യ ഭക്ഷ്യധാന്യവും ഭക്ഷ്യസുരക്ഷ നിയമത്തിന് കീഴിൽ സബ്സിഡി നിരക്കിലെ വിതരണവും തുടരണം ഭീമ കൊറഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത എല്ലാവരെയും വിട്ടയക്കണം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവന
_______
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യാവസ്ഥയിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. സാമ്പത്തികരംഗത്തിന്റെ തിരിച്ചുവരവിനെ പറ്റി കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ പ്രചാരണങ്ങളും അവകാശവാദങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായുള്ള നിക്ഷേപം വളരുന്നില്ല. രാജ്യത്തിന്റെ വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ 4 ശതമാനം ചുരുങ്ങി. ഇത് 3 മാസത്തിനിടെ രണ്ടാം തവണയാണ്.  ഉൽപ്പന്ന നിർമ്മാണത്തിൽ മുൻവർഷത്തേതിൽ നിന്ന് 5.4 ശതമാനം ഇടിവുണ്ടായതായി കണക്കുകൾ കാണിക്കുന്നു.  വ്യാവസായിക ഉൽപ്പാദന സൂചിക സെപ്തംബർ 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 129.6 ആയിരുന്നു ഈ ഒക്ടോബറിൽ. ജനങ്ങളുടെ വാങ്ങൽ ശേഷി തുടർച്ചയായി കുറയുന്നതിന്റെ സൂചനയാണിത്.

തൊഴിലില്ലായ്മ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. തൊഴിൽ പങ്കാളിത്ത നിരക്കും തൊഴിൽ നിരക്കും ഇതിനോടൊപ്പം കുറയുന്നുവെന്നത് ഇതിലും മോശമാണ്. തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 8 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 8.8 ശതമാനമായി ഉയർന്നു.  നഗരങ്ങളിലെ തൊഴിലില്ലായ്മ 9.6 ശതമാനമായും ഗ്രാമങ്ങളിൽ 7.8 ശതമാനമായും ഉയർന്നു. പണപ്പെരുപ്പം കുതിച്ചുയരുന്നു. ഭക്ഷ്യവിലക്കയറ്റം ജനങ്ങളുടെ ഉപജീവനത്തിൽ കൂടുതൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണ്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യ മേഖലകളിൽ പൊതുനിക്ഷേപം വൻതോതിൽ വർധിപ്പിക്കാനായി പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അതില്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ആളുകളുടെ വാങ്ങൽ ശേഷി വർധിപ്പിക്കാനോ കഴിയില്ല.

2013ലെ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള 'സൗജന്യ' റേഷൻ നമ്മുടെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് പേർക്കും 2023ൽ കൊടുക്കുമെന്നുള്ളത് രാജ്യത്തെ വേട്ടയാടുന്ന വിശപ്പിന്റെ ഭയാനകതയെ മറ്റ് വഴികളിൽ മറികടക്കാൻ കഴിയില്ലെന്നത് സമ്മതിക്കലാണ്.  ഇന്ത്യയിലെ പട്ടിണി "അതീവ ഗുരുതരം" എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ആഗോള പട്ടിണി സൂചിക റിപ്പോർട്ടിനെ മോദി സർക്കാർ ശക്തമായി നിഷേധിച്ചിരുന്നെങ്കിലും ഇതാണ് സത്യം.

81.35 കോടി ജനങ്ങൾക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെങ്കിലും, അവർക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ കിലോയ്ക്ക് 3 രൂപയ്ക്ക് അരിയും കിലോയ്ക്ക് 2 രൂപയ്ക്ക് ഗോതമ്പും കിലോയ്ക്ക് 1 രൂപയ്ക്ക് മറ്റ് ധാന്യങ്ങളും എന്ന സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്ന 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ ഇനി ലഭിക്കുകയില്ല. തൽഫലമായി, പോഷകനിലവാരം നിലനിർത്തുന്നതിന് സബ്‌സിഡി നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന 5 കിലോ ഭക്ഷ്യധാന്യങ്ങൾ  കിട്ടാനായി കിലോയ്ക്ക് 30 രൂപയ്ക്ക്‌ ഗോതമ്പും 40 രൂപയ്ക്ക് അരിയും വിൽക്കുന്ന പൊതു വിപണിയിലേക്ക് ആളുകൾ പോകേണ്ടിവരും.  അതിജീവിക്കാൻ പാടുപെടുന്ന കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഇതൊരു ക്രൂരമായ പ്രഹരമായിരിക്കും.

പി‌എം‌ജി‌കെ‌എയ്ക്ക് കീഴിലുള്ള 5 കിലോ സൗജന്യധാന്യവും ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ സബ്‌സിഡി നിരക്കിൽ 5 കിലോ ധാന്യവും വിതരണം ചെയ്യുന്നത് തുടരണം.

മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമാസക്തമായ ക്രിമിനൽ ആക്രമണത്തിന് ഒരു ഭരണകക്ഷി എംപി നടത്തുന്ന ആഹ്വാനങ്ങൾ തീർത്തും അപലപനീയമാണ്. സ്വമേധയാ നോട്ടീസ് എടുക്കുന്നതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനും പകരം ഈ പ്രസംഗത്തിനെതിരെ 'പരാതി' കിട്ടിയാൽ മാത്രമേ നടപടിയെടുക്കൂ എന്നാണ് അധികാരികൾ പറയുന്നത്. ഇത്തരം വിഷലിപ്തമായ വിദ്വേഷവും അക്രമവും ഭീകരതയും പ്രചരിപ്പിക്കുന്ന ആളുകൾക്ക് തുറന്ന പരിപോഷണവും സംരക്ഷണവുമാണ് ഇത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം വിദ്യാർത്ഥികൾക്കെതിരെ അപകടകരമായ രീതിയിൽ വിദ്വേഷം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമസംഭവങ്ങളും വർദ്ധിച്ചുവരികയാണ്.

മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF) എന്ന പേരിൽ മുസ്ലീം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ഫെലോഷിപ്പും നൽകുന്ന പദ്ധതി റദ്ദാക്കി. മറ്റ് വിവിധ സ്കോളർഷിപ്പ് പദ്ധതികളുമായി MANF ഓവർലാപ്പ് ചെയ്യുന്നതിനാലാണ് തീരുമാനമെടുത്തതെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു. ഇത് നുണയാണ്. വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളെയും മറ്റ് മതന്യൂനപക്ഷങ്ങളെയും ഒബിസികളായി പരിഗണിക്കുന്നില്ല. ഈ സ്കോളർഷിപ്പ് പദ്ധതി പുനഃസ്ഥാപിക്കേണ്ടതുണ്ട്.

ജുഡീഷ്യൽ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും സർക്കാരിന് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഇത് കൊളീജിയം സംവിധാനവും സുപ്രീം കോടതി അസാധുവാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനും (എൻജെഎസി) തമ്മിലും, ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുമുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചിട്ടുണ്ട്.

ജുഡീഷ്യൽ നിയമനങ്ങളിൽ എക്‌സിക്യൂട്ടീവ് നിയന്ത്രണത്തിനായി മോദി സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങളെയും സിപിഐ എം ശക്തമായി ചെറുക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കണം.

2018 ജനുവരി 1-ന് ഭീമ കൊറേഗാവിൽ നടന്ന ജാതി അക്രമം അന്വേഷിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ, പൂനെ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ സംഘടിപ്പിച്ച എൽഗർ പരിഷത്ത് പരിപാടിക്ക് അക്രമത്തിൽ പങ്കില്ലെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ യുഎപിഎ തടവുകാരെയും ഉടൻ നിരുപാധികം വിട്ടയക്കണം.

ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളേയും ആക്രമിക്കുന്ന മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ 2022 നെ സിപിഐ എം ശക്തമായി എതിർക്കുന്നു. സഹകരണ സ്ഥാപനങ്ങൾ സംസ്ഥാന വിഷയമാണ്. സംസ്ഥാന നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നഗ്നമായ ശ്രമമാണ് ഈ നിർദ്ദിഷ്ട ബിൽ. ഇത് സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ല. ഇത് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെ ഹനിക്കുന്നതും ഫെഡറലിസത്തിനെതിരായ കടന്നാക്രമണവുമാണ്. 

ത്രിപുരയിൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി സിപിഐഎമ്മിനും മറ്റ് പ്രതിപക്ഷ ശക്തികൾക്കുമെതിരെ ആക്രമണം കടുപ്പിച്ചു. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യ ഭരണം തകർത്തു കൊണ്ടിരിക്കുന്ന നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നും സിപിഐ എമ്മും ഇടതുപാർടികളും കോൺഗ്രസ് പാർടിയും സംയുക്തമായി ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണം. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പൂർണമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.