സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________
മണിപ്പൂരിൽ രണ്ട് ആദിവാസി സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടത്തിനുമുന്നിൽ നടത്തിച്ചതും അതിലൊരാളെ കൂട്ടബലാത്സംഗം ചെയ്തതും അവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് കുടുംബാങ്ങങ്ങളുടെ കൊലപാതകവും രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരകളുടെ കുടുംബങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും പൊലീസ് നടപടിയെടുക്കാത്തത് മണിപ്പൂരിലെ ബിജെപി സർക്കാർ ഈ ക്രൂരകൃത്യങ്ങൾ നടത്തിയ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാണ് എന്നതിനുള്ള തെളിവാണ്. രണ്ടര മാസമായി സംസ്ഥാനം കത്തിയമരുകയാണ്. എന്നിട്ടും മുഖ്യമന്ത്രിയെയും സർക്കാരിനെയും ബിജെപിയുടെ ഉന്നത നേതൃത്വവും കേന്ദ്ര സർക്കാരും സംരക്ഷിക്കുകയാണ്.
മാസങ്ങളുടെ മൗനത്തിനു ശേഷം വന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഈ സംഭവത്തെയും മണിപ്പൂരിലെ അക്രമങ്ങളുടെ തീവ്രതയെയും മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ പങ്കിനെയും നിസ്സാരവൽക്കരിച്ചുകൊണ്ടായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട 'ഡബിൾ എഞ്ചിൻ' സർക്കാർ ഒളിച്ചോടുകയാണ്. ബിജെപിയുടെ 'മികച്ച ഭരണം' എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തെളിയുന്നത്.
മണിപ്പൂർ മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണം. പീഡനത്തിന് ഇരകളായ സ്ത്രീകളോടും മണിപ്പൂരിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം.