സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________
ജയ്‌പുർ – മുംബൈ ട്രെയിനിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) കോൺസ്‌റ്റബിൾ നടത്തിയ വിദ്വേഷ കൂട്ടക്കൊല ഹിന്ദുത്വ ശക്തികളുടെ വിഷലിപ്‌ത അജണ്ടയുടെ സൃഷ്ടിയാണ്. അങ്ങേയറ്റം അപലപനീയമായ സംഭവം രാജ്യത്തിനുള്ള ജാഗ്രത മുന്നറിയിപ്പാണ്. അധികൃതർ നൽകിയ പ്രാഥമിക വിശദീകരണം പോലെ സമനില തെറ്റിയ ഒരാളുടെ പ്രവൃത്തി മാത്രമായി ഇതിനെ കാണാൻ കഴിയില്ല. ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. ഈ യാത്രക്കാരെല്ലാം മുസ്ലിങ്ങളാണ്. മുസ്ലിങ്ങളെ തെരഞ്ഞ് ഈ കോൺസ്‌റ്റബിൾ ബോധപൂർവം ഒരു കോച്ചിൽനിന്ന് മറ്റൊന്നിലേയ്‌ക്ക് പോകുകയായിരുന്നു. അധികാരസ്ഥാനങ്ങളിലുള്ളവർ മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിച്ച് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ പ്രത്യക്ഷ ഫലമാണിത്. വർഗീയതയുടെ നിഘണ്ടുവിലുള്ള എല്ലാ അധിക്ഷേപ വാക്കുകളും മുസ്ലിങ്ങൾക്കെതിരായി പ്രയോഗിക്കപ്പെടുന്നു. മുസ്ലിങ്ങളെ നയിക്കുന്നത് പാകിസ്ഥാനാണെന്നും ഇന്ത്യയിൽ കഴിയണമെങ്കിൽ അവർ മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്നും കോൺസ്‌റ്റബിൾ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ബിജെപി നേതാക്കളുടെ ഭാഷയാണ് ഇയാൾ ഏറ്റുപിടിച്ചത്.
വിദ്വേഷ പ്രചാരണം രാജ്യത്ത് വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ നൽകാൻ ചുമതലപ്പെട്ടവരെപ്പോലും വർഗീയ ചിന്താഗതി ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന ഈ സംഭവം തികച്ചും ആശങ്കാജനകമാണ്. അഗാധമായ ഗർത്തത്തിലേയ്‌ക്ക് ഹിന്ദുത്വ ശക്തികൾ രാജ്യത്തെ നയിക്കുകയാണ്.