സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________________________
അഞ്ച് പേരുടെ മരണത്തിനും പലയിടങ്ങളിലും തീവെപ്പിനും ഇടയാക്കിയ, ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹിൽ തുടങ്ങി പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിച്ച വർഗീയ കലാപത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണ്. സർക്കാരിന്റെ അലംഭാവവും ഒത്താശയും സംഭവങ്ങളെ കൂടുതൽ വഷളാക്കുകയാണുണ്ടായത്.
‘ബ്രജ് മണ്ഡൽ യാത്ര’ നടത്താനെന്ന വ്യാജേന ഹിന്ദുത്വ ശക്തികളായ ബജ്‌റംഗ് ദളും വിശ്വ ഹിന്ദുപരിഷത്തും സമൂഹ മാധ്യമങ്ങളിൽ അത്യന്തം പ്രകോപനപരമായ പ്രചാരണമാണ് നടത്തിയത്. നസീറിന്റെയും ജുനൈദിന്റെയും കൊലപാതകത്തിൽ പ്രതിയായ കുപ്രസിദ്ധനായ മോനു മനേസർ തന്റെ അനുയായികളോട് ബ്രജ് മണ്ഡൽ യാത്രയിൽ ചേരാൻ പരസ്യമായി ആഹ്വാനം നൽകുകയുണ്ടായി.
മോനു മാനേസറിനെതിരെ നടപടിയെടുക്കുന്നതിനു പകരം നൂഹിലെ പൗരന്മാരുടെ അഭ്യർത്ഥന മാനിക്കാതെ, അനിഷ്ട സംഭവങ്ങൾ തടയാനുള്ള മുൻകരുതലുകളോ തയ്യാറെടുപ്പുകളോ എടുക്കാതെ സംസ്ഥാന സർക്കാർ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ കലാപം സൃഷ്ടിക്കാനുള്ള ഈ സംഘടിത ശ്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അസന്നിഗ്ദ്ധമായി അപലപിക്കുന്നു.