സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കു നേരെ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണ്. സുപ്രീംകോടതി ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകനാണ് ആക്രമണം നടത്തിയത്. കുറ്റക്കാരനെതിരെ ഉടനടി നടപടി സ്വീകരിക്കണം.
സനാതന ധർമത്തിന് അനുകൂലമായ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തുറന്ന കോടതിമുറിയിൽ വച്ച് ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിഞ്ഞു എന്നത് അത്യന്തം ഞെട്ടിക്കുന്നതാണ്. നേതാക്കളുടെയും ജാതി, മനുവാദി, വർഗീയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും സമീപകാല പ്രസ്താവനകൾ ഇത്തരം പ്രവൃത്തികൾക്ക് ധൈര്യം പകരുന്നു.
ഹിന്ദുത്വ വർഗീയ ശക്തികൾ സമൂഹത്തിലേക്ക് മനുവാദവും വർഗീയ വിഷവും കുത്തിവയ്ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. തങ്ങളുടെ ആശയങ്ങളല്ലാതെയുള്ള ഏതൊരു പ്രത്യയശാസ്ത്രത്തോടുമുള്ള സംഘപരിവാറിന്റെ എതിർപ്പും അസഹിഷ്ണുതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. അസഹിഷ്ണുത പ്രചരിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും സർക്കാർ കർശനമായി നേരിടണം. അതോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണം.
