Skip to main content

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്. 24-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി മാർച്ചിൽ കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആദ്യം അംഗീകരിച്ച പ്രമേയങ്ങളിലൊന്ന്‌ കേരളത്തോടുള്ള കേന്ദ്രത്തിന്റെ ശത്രുതാപരമായ അവഗണനയ്‌ക്കെതിരെ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു. ‘കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയുടെ ഏറ്റവും ക്രൂരമായ മുഖമാണ് പ്രകൃതിദുരന്തങ്ങളിൽ കാണിക്കുന്നത്. പ്രളയകാലത്ത് വിദേശസഹായത്തെയും വിദേശമലയാളികളിൽനിന്ന്‌ പണം സ്വരൂപിക്കാനുള്ള ശ്രമത്തെയും തടയുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഗുജറാത്തുപോലുള്ള സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങളിൽ വിദേശസഹായം വാങ്ങുന്നതിന് അനുവാദം നൽകിയ കേന്ദ്രസർക്കാരാണ് ഇത്തരമൊരു നയം സ്വീകരിച്ചത്. അതിന്റെ തുടർച്ചതന്നെയാണ് മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ഒരു സഹായവും നൽകാത്ത കേന്ദ്രസർക്കാരിന്റെ നിലപാട്.’ ഒന്നരവർഷംമുമ്പ് സിപിഐ എം നടത്തിയ ഈ വിലയിരുത്തൽ അക്ഷരംപ്രതി ശരിവയ്‌ക്കുന്നതാണ് കേന്ദ്രം അനുവദിച്ച തുച്ഛമായ സഹായം.

​ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതി കേരളത്തിന് അനുവദിച്ചത് 260.56 കോടി രൂപമാത്രമാണ്. ദുരന്തശേഷമുള്ള ആവശ്യങ്ങളുടെ കണക്കെടുപ്പ് നടത്തി സമർപ്പിച്ച നിവേദനത്തിൽ 2221.03 കോടി സഹായത്തിനാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ, നൽകിയതാകട്ടെ എട്ടിൽ ഒന്നുപോലും തികയാത്ത 260 കോടിയും. അതേസമയം, ബിജെപി ഭരിക്കുന്ന അസമിന് 1270.78 കോടി രൂപ അനുവദിക്കാൻ ഇതേസമിതി തയ്യാറായി. 2022ലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ 5094 കോടി ആവശ്യപ്പെട്ടപ്പോഴാണ് 1270 കോടിയുടെ സഹായം നൽകിയത്. മറ്റ് ഇനത്തിൽ നൽകിയ സഹായംകൂടി കൂട്ടിയിൽ 2160 കോടി രൂപയുടെ സഹായമാണ് അസമിന് കേന്ദ്രം നൽകിയത്. അസമിനും മറ്റ്‌ സംസ്ഥാനങ്ങൾക്കും സഹായം നൽകുന്നതിൽ ഒരു തെറ്റുമില്ല. പ്രകൃതിദുരന്തം അനുഭവിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും കൈയയച്ച് കേന്ദ്രം സഹായം നൽകണം എന്നുതന്നെയാണ് അഭിപ്രായം.

പ്രകൃതിദുരന്തങ്ങൾപോലെയുള്ള വൻ നാശനഷ്ടങ്ങൾ ഉണ്ടാകുമ്പോൾ ഒരു സംസ്ഥാന സർക്കാരിനുമാത്രം ദുരിതാശ്വാസം എത്തിക്കാൻ കഴിയില്ല. നവ ഉദാരവാദ നയങ്ങൾ സ്വീകരിച്ച്, എല്ലാ സേവനങ്ങളും സ്വകാര്യമേഖലയെ ഏൽപ്പിക്കണമെന്നു പറയുന്ന പാശ്ചാത്യ നാടുകളിൽപ്പോലും ദുരന്തനിവാരണം സർക്കാർ നേരിട്ടുതന്നെ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്ന കാലമാണിത്. അതിനാൽ, കേന്ദ്രം കൂടുതൽ സഹായങ്ങൾ നൽകണമെന്നുതന്നെയാണ് പറയാനുള്ളത്. അങ്ങനെ ചെയ്യുമ്പോൾ ‘ഇരട്ട എൻജിൻ’ സർക്കാരുകൾക്കുമാത്രം സഹായം, പ്രതിപക്ഷസർക്കാരുകൾക്ക് പ്രത്യേകിച്ചും; കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തികനയങ്ങൾക്കെതിരെ ബദൽ ഉയർത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കടുത്ത അവഗണന എന്ന നയം സ്വീകരിക്കരുത്. എല്ലാം നഷ്ടപ്പെട്ട ജനതയ്‌ക്കുമുമ്പിൽ ഈ സഹായം ഭിക്ഷമാത്രമാണെന്നും ഈ തുച്ഛമായ സഹായംതന്നെ ദുരന്തമാണെന്നും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾക്കുപോലും പറയേണ്ടിവന്നു. ഈ സഹായത്തേക്കാൾ വലിയ ദുരന്തം മറ്റെന്തുണ്ട് എന്ന ചോദ്യം ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങൾക്കുപോലും ഉയർത്തേണ്ടിവന്നതിനർഥം, അത്ര ക്രൂരമായ അവഗണനയാണ് ഉണ്ടായതെന്നാണ്‌. ദുരന്തബാധിതരെ "സഹായിക്കുന്നില്ലെങ്കിൽ വേണ്ട, നിരന്തരമായി ഒരു ജനതയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതെങ്കിലും അവസാനിപ്പിച്ചുകൂടേ’ എന്ന ദേശാഭിമാനിയുടെ ചോദ്യം ദുരന്തബാധിതർമാത്രമല്ല കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും പങ്കിടുന്ന വികാരമാണ്.

​കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നയങ്ങളാണ് തുടർച്ചയായി മോദിസർക്കാർ സ്വീകരിക്കുന്നത്. ഇപ്പോൾ നടത്തിയ ജിഎസ്ടി പരിഷ്‌കാരംതന്നെ എടുക്കാം. ഇന്ത്യൻ ഭരണഘടന ഫെഡറൽ തത്വങ്ങൾക്ക് അതീവപ്രാധാന്യം നൽകുന്ന ഒന്നാണ്. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ, സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്ന ജിഎസ്ടി പരിഷ്‌കരണം ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു മോദിസർക്കാർ. ജിഎസ്ടി നിരക്കുകൾ കുറച്ച നടപടിയിൽ ഒരു തെറ്റുമില്ല. എന്നാൽ, അതുമൂലം സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കപ്പെടണം. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നത് കേരളത്തിന് ഈ പരിഷ്‌കരണംമൂലം 8000 മുതൽ 10,000 കോടി രൂപയുടെ വാർഷികനഷ്ടം സംഭവിക്കുമെന്നാണ്. രാജ്യത്താകെയുണ്ടാകുന്ന വരുമാന നഷ്ടം രണ്ടരലക്ഷം കോടി രൂപയുടേതാണ്. ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുമെങ്കിൽ നല്ല കാര്യംതന്നെ. എന്നാൽ, ഇതുവരെയുള്ള അനുഭവം നിരക്ക് കുറച്ചതിന്റെ ഗുണഫലം വൻകിട കമ്പനികളാണ് തട്ടിയെടുക്കുന്നത് എന്നാണ്. ജിഎസ്ടി നിരക്കിലുള്ള കുറവിന്റെയത്രയും വില കൂട്ടി അതിന്റെ നേട്ടം മുഴുവൻ കമ്പനികൾ കീശയിലാക്കുകയാണെന്ന് കേരളത്തിലെ ഒരു ടിവി ചാനൽ കഴിഞ്ഞദിവസം റിപ്പോർട്ട്‌ ചെയ്‌തു. സംസ്ഥാനത്തെ ജനങ്ങളെയും സർക്കാരിനെയും ദോഷകരമായി ബാധിക്കുംവിധമാണ് ഈ ഇളവുകൾ പ്രായോഗികമായി നടപ്പാക്കാൻ പോകുന്നതെന്ന ആശങ്കയാണ് ഉയരുന്നത്. അതിനാൽ ഇളവുകളുടെ ഗുണഫലം ജനങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്താനും കമ്പനികൾക്ക് കൊള്ളയ്‌ക്കുള്ള അവസരം നിഷേധിക്കാനും കേന്ദ്രം ശക്തമായ നടപടികൾ സ്വീകരിക്കണം. ഒപ്പം സംസ്ഥാനങ്ങൾക്ക് ഇതുമൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കുകയും വേണം.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ ഏറ്റവും കൂടുതൽ ദോഷമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സമുദ്രോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്‌ജനങ്ങൾ, കശുവണ്ടി തുടങ്ങി കേരളത്തിൽനിന്ന്‌ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ സാധനങ്ങളെയും ഈ അധികതീരുവ പ്രതികൂലമായി ബാധിക്കും. ഈയിനത്തിൽ പതിനായിരക്കണക്കിന് കോടിയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടാകാൻ പോകുന്നത്. ഈ മേഖലകളെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാണ് പ്രതിസന്ധിയിലാകുന്നത്. ഈ ഘട്ടത്തിൽത്തന്നെയാണ് "ചുങ്കരാജാവ്’ എന്ന ട്രംപിന്റെ ആക്ഷേപത്തെ മറികടക്കാൻ ജിഎസ്ടി നിരക്കിൽ മോദിസർക്കാർ മാറ്റംവരുത്തിയിട്ടുള്ളത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ അമേരിക്കൻ വിധേയത്വംപോലും എങ്ങനെ വോട്ട് നേടാൻ ഉപയോഗിക്കാമെന്ന തന്ത്രമാണ് ജിഎസ്ടി നിരക്ക് കുറച്ചത് ആഘോഷമാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽനിന്ന്‌ വ്യക്തമാകുന്നത്.

കേന്ദ്രനയങ്ങളുടെയും നടപടികളുടെയും ഭാഗമായി സംസ്ഥാനത്തിന്റെ വരുമാനം നാൾക്കുനാൾ കുറയുകയാണെന്ന് മേൽപ്പറഞ്ഞ വസ്തുതകൾ വ്യക്തമാക്കുന്നു. ഈ ഘട്ടത്തിലും പ്രകൃതിദുരന്തങ്ങൾപോലെ സംസ്ഥാനത്തിന് ഒറ്റയ്‌ക്ക് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽപ്പോലും സഹായഹസ്തം നീട്ടാൻ കേന്ദ്രം തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.

ദുരന്തമുണ്ടായി 11–ാംദിവസം ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി പറഞ്ഞത് "കേന്ദ്രത്തിൽനിന്ന്‌ കിട്ടേണ്ട സഹായമെല്ലാം കിട്ടും, പണമില്ലാത്തതിന്റെ പേരിൽ ഒന്നും മുടങ്ങില്ല’ എന്നാണ്. എന്നിട്ടും അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചത് അഞ്ചുമാസത്തിനുശേഷമാണ്. ഈ പ്രഖ്യാപനം നേരത്തേ വന്നിരുന്നെങ്കിൽ ഐക്യരാഷ്ട്രസംഘടനയിൽനിന്നും പാർലമെന്റ്‌ അംഗങ്ങളിൽനിന്നും സഹായം ലഭിക്കുമായിരുന്നു. അത്‌ കിട്ടരുതെന്ന മനോഭാവമുള്ളതുകൊണ്ടാണ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന് ന്യായമായും സംശയിക്കാം. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതിനുപോലും വാടക ചോദിച്ച മനുഷ്യത്വരാഹിത്യവും മോദിസർക്കാരിൽനിന്ന്‌ ഉണ്ടായി. തിരിച്ചടയ്‌ക്കേണ്ട വായ്പയായി 529 കോടി രൂപ നൽകിയതുതന്നെ വൻ പ്രതിഷേധങ്ങൾക്കൊടുവിലാണ്. ദുരന്തബാധിതരുടെ 35.30 കോടിയുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യംപോലും ചെവിക്കൊണ്ടില്ല. കേന്ദ്രസർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ദേശസാൽകൃത ബാങ്കുകളിൽനിന്നെടുത്ത ഈ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിർദേശംപോലും കേന്ദ്രം അവഗണിച്ചു. ഈ വായ്പ എഴുതിത്തള്ളാൻ കേന്ദ്രത്തിന് കഴിയില്ലെന്ന് കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. വൻകിട കോർപറേറ്റുകൾക്ക്‌ പത്തും പതിനഞ്ചും ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളാൻ ഒരു മടിയുമില്ലാത്ത സർക്കാരാണ്‌ വയനാട്ടിലെ ദുരന്തബാധിതരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നത്. വായ്‌പ എഴുതിത്തള്ളാൻ സഹായകമായ ദേശീയ ദുരന്തനിവാരണ നിയമത്തിലെ 13-ാംവകുപ്പ് ഈ മാർച്ച് 29ന് ഒഴിവാക്കി വിജ്ഞാപനം ഇറക്കിയതിൽനിന്ന്‌ സർക്കാരിന്റെ മനോഭാവം വായിച്ചെടുക്കാം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും. മുണ്ടക്കൈ ടൗൺഷിപ്പിൽ വീടുകളുടെയും അനുബന്ധസൗകര്യങ്ങളുടെയും പണി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ദുരന്തബാധിതരെ സഹായിക്കുകയെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ തകർക്കാൻ മോദിസർക്കാരിനല്ല ആർക്കും കഴിയില്ല. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളിലാണ് ഞങ്ങൾക്ക് വിശ്വാസം. അവർ കൂടെയുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും ഞങ്ങൾ അതിജീവിക്കുകതന്നെ ചെയ്യും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.