Skip to main content

കേരളത്തിലെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കും

  1. നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണുജല സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും സമഗ്രമായ പദ്ധതികള്‍ ജനകീയ ക്യാമ്പയിന്റെ അടിസ്ഥനത്തില്‍ രൂപം നല്‍കലാണ് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 13-ാം പഞ്ചവത്സര പദ്ധതി തയ്യാറെടുപ്പിന്റെ മുഖ്യ പ്രവര്‍ത്തനം. ഇതിന്റെ അടിസ്ഥാനത്തില്‍ ജലാശയങ്ങള്‍ സംരക്ഷിക്കു ന്നതിനും വൃഷ്ടി പ്രദേശത്തെ ഖരജല മാലിന്യ സംസ്കരണത്തിനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും പദ്ധതി ആവിഷ്കരിക്കും.

  2. പ്രാദേശിക ജൈവ വൈവിധ്യ രജിസ്റ്ററുകള്‍ പരിഷ്കരിക്കുകയും അടുത്ത അഞ്ച് വര്‍ഷംകൊണ്ടു നേടേണ്ട വൈവിധ്യ പോഷണത്തിനുള്ള പ്രാദേശിക പരിപാടി തയ്യാറാക്കുകയും ചെയ്യും.

  3. നഗരങ്ങളിലെ കനാലുകളും പുഴകളും മാലിന്യ വാഹിനികളായി മാറിയിരിക്കുകയാണ്. നഗരസാഹചര്യത്തില്‍ ജനപങ്കാളിത്തത്തോടൊപ്പം നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തും. കോര്‍പ്പറേഷനു കളിലെ പ്രധാന കനാലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനായി പ്രത്യേക സ്കീമിനു രൂപം നല്‍കും.

  4. സംസ്ഥാന നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഉപഗ്രഹ ഭൂപടത്തിന്റെ സഹായത്തോടെ ഡേറ്റാ ബാങ്കുകള്‍ 250 കൃഷി ഭവനുകള്‍ ഇനിയും പൂര്‍ത്തിയാക്കണം. ഇവകൂടി പൂര്‍ത്തീകരിച്ച് ആറുമാസത്തിനകം പ്രസിദ്ധീകരിക്കുകയും ജനകീയ പരിശോധനയ്ക്കു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമരൂപം നല്‍കുകയും ചെയ്യും.

  5. നിയമവിരുദ്ധ നിലം നികത്തലുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കും. ഭൂപരിധി നിയമം ബിനാമി ഇടപാടുകളിലൂടെ ലംഘിക്കുന്നതിന് തടയിടും.

  6. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിനു സുപ്രധാന സ്ഥാനമുണ്ട്. പ്രാദേശിക ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കും. ഇതിനൊരു മാതൃകയാവും ഇടുക്കി, വയനാട് പാക്കേജുകള്‍.

  7. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

    ഇ-വാഹന നയം

  8. കേരളമാണ് രാജ്യത്ത് ആദ്യമായി ഇ-വാഹന നയം രൂപീകരിച്ച സംസ്ഥാനം. ഇ-വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം 50 ശതമാനം മോട്ടര്‍ വാഹന നികുതിയില്‍ ഇളവു നല്‍കും.

  9. കേരള ഓട്ടോമൊബൈല്‍സ് ഇ-ഓട്ടോറിക്ഷകള്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തു തുടങ്ങി. ഇ-ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി അനുവദിക്കും.

  10. വൈദ്യുതി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ കേരളത്തിലുടനീളം കെ.എസ്.ഇ.ബി സ്ഥാപിക്കും.

  11. സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി.യിലേയ്ക്ക് പൂര്‍ണ്ണമായി കിഫ്ബി ധനസഹായത്തോടെ മാറ്റും. വൈദ്യുതി ചെലവില്‍ വരുന്ന ലാഭത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തുക കിഫ്ബിക്ക് തിരിച്ചടയ്ക്കും.

  12. ഇതേ മാതൃകയില്‍ പുരപ്പുറം ചെറുകിട സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബി സഹായത്തെ ആസ്പദമാക്കി സ്കീമിനു രൂപം നല്‍കും.

  13. ഇലക്ട്രിക് കാറുകള്‍, വാങ്ങുന്നതിനും ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി/ സി.എന്‍.ജിയിലേയ്ക്ക് മാറ്റുന്നതിനും പ്രത്യേക വായ്പാ പദ്ധതി ആവിഷ്കരിക്കും.

  14. നിലവിലുള്ള ഓട്ടോറിക്ഷകള്‍, ടാക്സികള്‍ ഗ്യാസിലേയ്ക്കു മാറ്റുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പമ്പുകളില്‍ ഗ്യാസ് ലഭ്യമാക്കും.

  15. സൈക്കിള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിക്കും. ഒഴിവു ദിവസങ്ങളില്‍ ചില റോഡുകള്‍ സൈക്കിളിനും കാല്‍നടയാത്രക്കാര്‍ക്കും മാത്രമായി റിസര്‍വ്വ് ചെയ്യും. സൈക്കിള്‍ വാങ്ങുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സൈക്കിള്‍ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. വര്‍ഷത്തില്‍ ഒരുദിവസം സൈക്കിളിംഗ് ദിനമായി ആചരിക്കുകയും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വിപുലമായ റിലേ സൈക്കിളംഗ് സംഘടിപ്പിക്കുകയും ചെയ്യും.

    നിര്‍മ്മാണ പ്രവൃത്തികള്‍

  16. സംസ്ഥാനത്തെ എല്ലാ നിര്‍മ്മാണ വസ്തുക്കളുടെയും ആവശ്യവും ലഭ്യതയും കണക്കിലെടുക്കുന്ന ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. നിര്‍മ്മാണ വസ്തുക്കള്‍ കഴിയുന്നിടത്തോളം പുനരുപയോഗിക്കുന്ന രീതിയും പ്രോത്സാഹിപ്പിക്കും.

  17. പരിസ്ഥിതി സൗഹൃദമായ കെട്ടിടനിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന തിനുള്ള നയം രൂപീകരിക്കും. ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണരീതികള്‍ അവലംബിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും.

  18. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്ക് നികുതിയിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും പ്രാദേശിക കെട്ടിട നികുതിയിലും വൈദ്യുതി താരിഫിലും ഇളവുകള്‍ നല്‍കും.

  19. പാറ ഖനനമടക്കം കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാ ക്കുകയും ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും.

  20. ആവശ്യമായ പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി, പൊതുമേഖലയുടെ മുന്‍കൈയില്‍ മൂല്യവര്‍ദ്ധിത ഉല്‍പാദനത്തിനു വേണ്ടി കരിമണല്‍ ഖനനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

    വനം

  21. വനം കൈയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിനും സ്ഥിരം ജണ്ടകള്‍ കെട്ടി വേര്‍തിരിക്കുന്ന പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കി. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് മുഴുവന്‍ ജണ്ടകളും കെട്ടിത്തീര്‍ക്കും. ഇതോടെ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സ്വകാര്യ ഭൂമിക്ക് എന്‍.ഒ.സി നല്‍കാനും കഴിയും. വനാതിര്‍ത്തികള്‍ ഡിജിറ്റലൈസ് ചെയ്ത് രേഖപ്പെടുത്തും.

  22. വനമേഖലയിലെ കാമ്പ് മേഖലകള്‍ അസ്പര്‍ശിത ഉള്‍വനങ്ങളായി നിലനിര്‍ത്തും.

  23. തടി ആവശ്യം നിറേവറ്റാന്‍ കാടിനു പുറത്ത് കാര്‍ഷിക വനവല്‍ക്കരണം നടപ്പിലാക്കും. വനാവകാശ നിയമം നടപ്പാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുകയും തടിയേതര വനവിഭവങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനുമുള്ള അവകാശം ആദിവാസികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യും.

  24. വനങ്ങള്‍ക്ക് പുറമേ കണ്ടല്‍കാടുകള്‍, കാവുകള്‍, നദീതീര സ്വാഭാവിക സസ്യജാലങ്ങള്‍, ജലാശയങ്ങളുടെ വാഹകപ്രദേശങ്ങള്‍ തുടങ്ങിയവയു മൊക്കെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

  25. മൃഗങ്ങളെ കാട്ടുതീയില്‍ നിന്നും സംരക്ഷിക്കുന്നതിന് അലര്‍ട്ട് സിസ്റ്റം വ്യാപമാക്കും. ഫയര്‍ മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമ മാക്കും. കൂടുതല്‍ ഫോറസ്റ്റ് മിനി ടെണ്ടര്‍ വാഹനങ്ങള്‍ ലഭ്യമാക്കും.

  26. വന്യജീവി ആക്രമണങ്ങള്‍ കൃഷിക്കും ജനങ്ങളുടെ ജീവനും വലിയ ഭീഷണിയായിട്ടുണ്ട്. ഈ സംഘര്‍ഷം ലഘൂകരിക്കുന്നതിനു യുദ്ധകാലാടി സ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

  27. മതില്‍, കിടങ്ങ്, ഇലക്ട്രിക് ഫെന്‍സിംഗ് തുടങ്ങിയവയോടൊപ്പം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനീച്ച കൂടുകളുടെ ശൃംഖലയും കാട്ടാനയുടെ ശല്യം കുറയ്ക്കാനായി ഉപയോഗിക്കും. ഇത് കൃഷിക്കാരുടെ വരുമാനവും വര്‍ദ്ധിപ്പിക്കും.

  28. വനഭൂമിയിലെ യൂക്കാലിപ്റ്റ്സ്, അക്വേഷ്യ, ഗ്രാന്റീസ് തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങള്‍ക്ക് ഭീഷണിയായി പെരുകുന്ന പുറംകളകള്‍ ഇല്ലാതാക്കും. ഉള്‍ക്കാട്ടില്‍ താമസിക്കുന്നവര്‍ സന്നദ്ധരെങ്കില്‍ അവരെ പുനരധിവസിപ്പിക്കും.

കുട്ടനാട് പരിസ്ഥിതി പുനഃസ്ഥാപന പാക്കേജ്

  1. പരിസ്ഥിതി പുനഃസ്ഥാപനത്തിനും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള 2500 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് കുട്ടനാട്ടില്‍ നടപ്പാക്കും.

  2. ജനകീയ ക്യാമ്പയിനിലൂടെ കായല്‍ ശുചീകരിക്കും. യന്ത്രസഹായ ത്തോടെ കായല്‍ ചതുപ്പുകളിലെ ചെളി കട്ടകുത്തി ഉപയോഗപ്പെടുത്തി പുറം ബണ്ടുകള്‍ക്ക് വീതികൂട്ടി സംരക്ഷിക്കുന്നതിനുള്ള ബൃഹത് പദ്ധതി ആവിഷ്കരിക്കും. തോടുകളുടെയും കനാലുകളുടെയും പുനരുദ്ധാരണ ത്തിനു തൊഴിലുറപ്പു പദ്ധതിയും വലിയ തോതില്‍ ഉപയോഗപ്പെടുത്തും.

  3. കായലിന്റെയും തോടുകളുടെയും ആവാഹശേഷി വര്‍ദ്ധിക്കുന്നതു വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും അരൂര്‍ പോലുള്ള പ്രദേശങ്ങളിലെ വേലിയേറ്റ സമയത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സഹായിക്കും.

  4. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ഒഴുക്ക് സുഗമമാക്കുന്നതിനും ലീഡിംഗ് ചാനലിന് ആഴം കൂട്ടും. തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഏസി കനാലിന്റെ പുനരുദ്ധാരണം പൂര്‍ത്തീകരിക്കും.

  5. കുട്ടനാട് ശുചിയായി തുടരണമെങ്കില്‍ ചുറ്റുമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കണം. സെപ്ടേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം. സ്വീവേജ് സംസ്കരിക്കാതെ ജലാശയങ്ങളിലേയ്ക്ക് ഒഴുക്കുന്നതു തടയണം. തദ്ദേശഭരണ സ്ഥാപനങ്ങ ളുടെ നേതൃത്വത്തില്‍ ഇതിനൊരു ബൃഹത് പദ്ധതി തയ്യാറാക്കണം.

  6. കുട്ടനാട് കുടിവെള്ള പദ്ധതിയും താലൂക്ക് ആശുപത്രി വികസനവും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനരുദ്ധാരണവുമെല്ലാം ഈ പാക്കേജിന്റെ ഭാഗമാണ്. കുട്ടനാട് താറാവ് ഹാച്ചറി ആരംഭിക്കും. താറാവ് കൃഷിക്കാര്‍ക്ക് പകര്‍ച്ചവ്യാധി ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും.

  7. പുതിയൊരു കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി തണ്ണീര്‍മുക്കം ഷട്ടറുകള്‍ അടച്ചിടുന്നത് പരമാവധി കുറയ്ക്കും. കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചശേഷം ഒരു വര്‍ഷമെങ്കിലും തണ്ണീര്‍മുക്കം ബണ്ട് പൂര്‍ണ്ണമായും തുറന്നുവച്ച് കുട്ടനാടിനെ ശുദ്ധീകരിക്കും. കൃഷിക്കാര്‍ക്ക് ഉണ്ടാകുന്ന വിളനഷ്ടത്തിനു നഷ്ടപരിഹാരം നല്‍കും.

വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി

  1. കൃഷിക്കാരുടെ വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിനു മുഖ്യവിളയായ കാപ്പി ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതിന് വിപുലമായൊരു പദ്ധതി ആവിഷ്കരിക്കും. ഇതിനായി കോഫി പാര്‍ക്ക് സ്ഥാപിക്കും. ഇത്തരത്തില്‍ സംസ്കരണത്തിനായി സംഭരിക്കുന്ന കാപ്പി 90 രൂപ വിലയ്ക്കു സംഭരിക്കും. ജൈവ സാങ്കേതിക നേട്ടങ്ങളെ ഉപയോഗപ്പെടുത്തി ഈ മേഖലയിലെ സാധ്യതകളെ വിപുലപ്പെടുത്തും.

  2. മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്കിംഗ് നടപ്പിലാക്കും. മരം വച്ചുപിടിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന അടിസ്ഥാനത്തില്‍ ആന്വിറ്റി വായ്പയായി നല്‍കുന്നതാണ് പദ്ധതി.

  3. ഇതുപോലെ മറ്റു പഴവര്‍ഗ്ഗങ്ങളും സുഗന്ധദ്രവ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റും. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ഇതോടൊപ്പം ജില്ലയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഭൗതിക-സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് സമഗ്ര വികസന പാക്കേജ് നടപ്പിലാക്കും.

 ഹൈറേഞ്ച്

  1. ഇടുക്കി നേരിടുന്ന പാരിസ്ഥിതിക തകര്‍ച്ച തടയാനൊരു അജണ്ട നമുക്ക് കീഴ്ത്തട്ടില്‍ നിന്നുതന്നെ രൂപം നല്‍കും. ഓരോ പഞ്ചായത്തും നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണുജല സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും സമഗ്രമായ പദ്ധതികള്‍ ജനകീയ കാമ്പയിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കും. ജലസേചന വകുപ്പും മണ്ണുജലസംരക്ഷണ വകുപ്പും ഇതിനു പൂര്‍ണ്ണ പിന്തുണ നല്‍കും. ഓരോ പ്രദേശത്തും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തുമായ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി കൂട്ടായിത്തന്നെ തീരുമാനിക്കുന്ന ബൃഹത്തായ ഒരു പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിനായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍.

  2. തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും ചക്ക പോലുള്ള പഴവര്‍ഗ്ഗങ്ങളുടെയും മൃഗപരിപാലനത്തിന്റെയും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, ഇവയുടെ അടിസ്ഥാനത്തിലുള്ള കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ സ്ഥാപിക്കുക, ഇവ രണ്ടും ചെയ്യുമ്പോള്‍ പ്രകൃതി സന്തുലനാവസ്ഥ സംരക്ഷിക്കുക എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുക്കിയുടെ പശ്ചാത്തലസാമൂഹ്യ സൗകര്യങ്ങളടക്കമുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ സമഗ്ര പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കും. മുട്ടത്ത് സ്പൈസസ് പാര്‍ക്കും, ഹൈറേഞ്ചില്‍ മെഗാഫുഡ് പാര്‍ക്കും സ്ഥാപിക്കും. പ്രകൃതിസൗഹൃദമായ രീതിയില്‍ ഉത്തരവാദിത്വ ടൂറിസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാര മേഖല വിപുലപ്പെടുത്തുന്നതിനും ഈ പാക്കേജ് ലക്ഷ്യമിടുന്നുണ്ട്. സ്ഥായിയായ വികസനത്തിന് പുതിയൊരു മാതൃക ഇടുക്കിയില്‍ സൃഷ്ടിക്കും.

  3. ഇടുക്കിയിലെ കൃഷിക്കാരുടെ ഉപാധിരഹിതമെന്ന പട്ടയമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് 1964 ലെ ഭൂമി പതിവുചട്ടങ്ങള്‍ ഭേദഗതി ചെയ്തു. കൈവശത്തിലുള്ള ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി. കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടുന്നതില്‍ കൈമാറ്റത്തിനുള്ള കാലാവധി 25 വര്‍ഷത്തില്‍ നിന്നും 12 വര്‍ഷമാക്കി കുറവു ചെയ്തു. കൈവശ ഭൂമി പതിച്ചു കിട്ടുകയാണെങ്കില്‍ ഈ ഭൂമികള്‍ എപ്പോള്‍ വേണമെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണ്. ഈ ഭൂമികള്‍ സര്‍ക്കാരിലും ധനകാര്യസ്ഥാപനങ്ങളിലും റബര്‍, ടീ ബോര്‍ഡുകളിലും ഈടുവച്ച് വായ്പ എടുക്കുന്നതിനു സൗകര്യമൊരുക്കി. പട്ടയഭൂമിയില്‍ കൃഷിക്കാര്‍ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കൃഷിക്കാര്‍ക്കു നല്‍കി. പട്ടയം ലഭിച്ച ഭൂമികള്‍ വനം വകുപ്പിന്റെ നോട്ടിഫിക്കേഷനില്‍ നിന്നും ഒഴിവാക്കി.

  4. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തി നിടയില്‍ ഇടുക്കി ജില്ലയില്‍ 37815 പട്ടയങ്ങള്‍ വിതരണം ചെയ്തു. മറ്റൊരു 15000 പട്ടയങ്ങള്‍കൂടി വിതരണത്തിനു തയ്യാറായിട്ടുണ്ട്. പട്ടയം ലഭിക്കാത്ത കൈവശഭൂമിയുള്ള കൃഷിക്കാര്‍ക്ക് വായ്പയടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സഹകരണ മേഖല വഴി സ്വീകരിക്കും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടി ഊര്‍ജ്ജിതമാക്കും.

  5. കേരളത്തിലെ പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാന പ്രതികരണം, എസ്.ഡി.ജി ലക്ഷ്യങ്ങളുടെ സ്ഥിതി എന്നിങ്ങനെ അഞ്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഇതിന് തെരഞ്ഞെടുത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുമതല നല്‍കും.

മലബാറിന്റെ പിന്നോക്കാവസ്ഥ

  1. 1957 ലെ സര്‍ക്കാരിന്റെ കാലത്താണ് മലബാറിലെ വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിക്കുന്നത്. പിന്നീട് നടപ്പാക്കിയ ഭൂപരിഷ്കരണം മലബാറിലെ സാമൂഹ്യ ജീവിതത്തെ മുന്നോട്ടുനയിക്കുന്നതിന് ഇടയാക്കി. വര്‍ത്തമാനകാലത്ത് കിഫ്ബി വഴിയുള്ള നിര്‍മ്മാണ പ്രവൃത്തികളിലൂടെ മലബാര്‍ മേഖലയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍ തുടരും. ടൂറിസം വികസനത്തില്‍ മലബാറിനു പ്രത്യേകം പ്രാമുഖ്യം നല്‍കും.

  2. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മലബാറിലുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉതകുന്ന വിധം സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിലവിലുള്ള സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ കോഴ്സുകളും അധിക ബാച്ചുകളും അനുവദിക്കും. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള ഇടങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുന്നതാണ്.