Skip to main content

ക്ഷേമ പെൻഷനെ കൈക്കൂലിയെന്ന്‌ ആക്ഷേപിച്ച കോൺഗ്രസ്‌ നേതാവ്‌ കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

_____________________________

കേരളത്തിലെ 62 ലക്ഷം കുടുംബങ്ങളുടെ നിത്യവൃത്തിക്ക്‌ ഏറ്റവും സഹായകമായി സർക്കാർ നൽകുന്ന ക്ഷേമ പെൻഷനെ കൈക്കൂലിയെന്ന്‌ ആക്ഷേപിച്ച കോൺഗ്രസ്‌ നേതാവ്‌ കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രസ്താവന പിൻവലിച്ച്‌ കേരളത്തോട്‌ മാപ്പ്‌ പറയാൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ വേണുഗോപാൽ തയ്യാറാകണം.

ഒമ്പതു വർഷത്തിനിടെ 72,000 കോടി രൂപ ക്ഷേമ പെൻഷൻ നൽകാൻ മാത്രം മാറ്റിവച്ച സർക്കാരാണ്‌ എൽഡിഎഫിന്റേത്‌. കേന്ദ്ര ഉപരോധം മൂലമുള്ള എല്ലാ ഞെരുക്കങ്ങൾക്കിടയിലും പാവങ്ങളുടെ വീടുകളിലേക്ക്‌ പെൻഷൻ എത്തിക്കാനാണ്‌ എല്ലാ കാലത്തും സർക്കാർ ശ്രമിച്ചത്‌. നിവൃത്തികേട്‌ കൊണ്ട്‌ ചില മാസങ്ങളിൽ പെൻഷൻ വൈകിയപ്പോൾ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ കേരളം മറന്നിട്ടില്ല. കേരളത്തിന്‌ അർഹമായ വിഹിതം തടഞ്ഞതും കിഫ്‌ബിയടക്കം പദ്ധതികളെ സംസ്ഥാന വായ്പാപരിധിയിൽ ഉൾപ്പെടുത്തിയതും ഉൾപ്പെടെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയ ഒരു ഘട്ടത്തിലും കോൺഗ്രസ്‌ നേതാക്കളോ പ്രതിപക്ഷമോ കേന്ദ്രത്തിനെതിരെ പ്രതികരിച്ചില്ല. കേരളം ഞെരുങ്ങട്ടെയെന്ന നിലപാടിലായിരുന്നു അവർ.

എൽഡിഎഫ്‌ സർക്കാർ വരുമാനം വർധിപ്പിച്ചും പദ്ധതികൾ പുനക്രമീകരിച്ചും സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനും, ക്ഷേമപെൻഷൻ കുടിശിക സഹിതം എല്ലാമാസവും കൃത്യമായി വിതരണം ചെയ്യാനുമാണ്‌ ശ്രമിച്ചത്‌. സാമ്പത്തിക പ്രതിസന്ധിയായതിനാൽ മുണ്ട്‌ മുറുക്കിയുടുക്കണമെന്ന മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന ജനം മറന്നിട്ടില്ല. 600 രൂപ മാത്രം പെഷനുണ്ടായിരുന്ന യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരു രൂപ പോലും വർധിപ്പിച്ചില്ലെന്നു മാത്രമല്ല, 18 മാസം കുടിശ്ശികയിടുകയാണ്‌ ചെയ്തത്‌. യുഡിഎഫ്‌ ഭരണകാലത്തെ ദുരിതം തന്നെയാണ്‌ കേരളത്തിൽ വേണ്ടതെന്നാണോ വേണുഗോപാൽ പറയുന്നത്‌ ?

2011-16 ലെ ഒരു പൈസയും വിതണം ചെയ്യാത്ത ദുരിതകാലം യുഡിഎഫിനെ വേട്ടയാടുന്നുണ്ടാകും. അക്കാലത്ത്‌ യുഡിഎഫ് സർക്കാർ 34.43 ലക്ഷം പേർക്ക്‌ ക്ഷേമ പെൻഷനായി ചിലവഴിച്ചത്‌ 9,311 കോടിയാണെങ്കിൽ 62 ലക്ഷം പേർക്കായി 72,000 കോടിയാണ്‌ എൽഡിഎഫ്‌ സർക്കാർ നൽകുന്നത്‌. കഴിഞ്ഞ നാല്‌ വർഷത്തിനിടെ ക്ഷേമപെൻഷന്‌ മാത്രമായി 40,000 കോടിയിലധികം ചിലവഴിച്ചു.

ക്ഷേമ പെൻഷനുകളുടെ ചരിത്രമെടുത്താലും ഇടത്‌ സർക്കാരുകളുടെ പങ്ക്‌ ആർക്കും തള്ളാനാകില്ല. 1980 ലെ നായനാർ സർക്കാരാണ്‌ കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത്. അത്‌ പരിഷ്കരിച്ചത്‌ 1987 ലെ എൽഡിഎഫ്‌ സർക്കാരാണ്‌. 2016 ൽ 600 രൂപയായിരുന്ന പെൻഷൻ ഇപ്പോൾ 1600 ൽ എത്തി നിൽക്കുന്നു.

ക്ഷേമവും വികസനവും എൽഡിഎഫ്‌ പ്രഖ്യാപിച്ച രീതിയിൽ നടക്കുന്നുവെന്നതാണ്‌ കോൺഗ്രസ്‌ നേതാക്കളെ ബുദ്ധിമുട്ടിക്കുന്നത്‌ എന്ന്‌ വ്യക്തം. പെൻഷൻ കൃത്യമായി കിട്ടുന്നതിന്റേയും കൺമുന്നിൽ കാണുന്ന വിവിധ വികസന പ്രവർത്തനങ്ങളുടേയും പ്രതികരണങ്ങൾ സ്വാഭാവികമായും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന്‌ യുഡിഎഫ്‌ ഭയപ്പെടുന്നുവെന്നാണ്‌ കെ സി വേണുഗോപാലിന്റെ പ്രസ്താവന തെളിയിക്കുന്നത്‌. തോൽവിയും ജയവും മറ്റും തിരഞ്ഞെടുപ്പുകളിൽ സ്വഭാവികമാണ്‌. അതിന്റെ പേരിൽ പാവങ്ങൾക്ക്‌ കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന്‌ വിളിച്ച്‌ അപഹസിക്കുന്നത്‌ ഏത്‌ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായാലും അംഗീകരിക്കാനാകില്ല. അത്‌ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്‌. തക്കതായ മറുപടി ജനം നൽകും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.