Skip to main content

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്.

ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 50 വർഷം പിന്നിടുകയാണ്. കൊല്ലപ്പെട്ട സമയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു അഴീക്കോടൻ. കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്നതിനിടെയാണ്‌ അദ്ദേഹം കൊല്ലപ്പെടുന്നത്‌. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച്‌, അവരെ ജനാധിപത്യബോധ്യമുള്ള പൗരന്മാരായി മാറ്റിയെടുക്കുന്നതിനായി അഴീക്കോടന്റെ നേതൃത്വത്തിൽ കേരളത്തിൽ വലിയ മുന്നേറ്റമാണ്‌ നടത്തിയത്‌. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രംതന്നെ തിരുത്തിയെഴുതാനുള്ള ആ പോരാട്ടത്തിനിടയിലാണ്‌ ഇരുളിന്റെ മറവിൽ സഖാവിനെ ഇല്ലായ്‌മ ചെയ്‌തത്‌.

അരനൂറ്റാണ്ടുമുമ്പ്‌ സംസ്ഥാന ചരിത്രത്തിലെ അതിഭീകരമായ മനുഷ്യഹത്യക്കായിരുന്നു അന്ന് തൃശൂർ സാക്ഷ്യംവഹിച്ചത്. 1972 സെപ്തംബർ 23നു രാത്രിയായിരുന്നു ആ കിരാതകൃത്യം നടന്നത്. പാർടി പരിപാടിയിൽ പങ്കെടുക്കാനായി സഖാവ്‌ തൃശൂരിൽ എത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. വലതുപക്ഷശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്നു നടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിനുണ്ടായിരുന്നു.

വളരെ സാധാരണമായ തൊഴിലാളി കുടുംബത്തിലാണ് സഖാവ് ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിന്‌ അടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവസംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി. തുടർന്ന്, പാർടി സംഘടനാരംഗത്ത് വിവിധ ചുമതല വഹിച്ചു. സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ സഖാവ് പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1967ൽ ഐക്യമുന്നണി കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണിരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചിരുന്നത്. നിരവധിയായ സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് മുതൽക്കൂട്ടായിരുന്നു. എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു. അശേഷം പതറാതെതന്നെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിൽ അടയ്‌ക്കപ്പെട്ടു. 1948ൽ അറസ്റ്റുചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകേണ്ടിവരികയും ചെയ്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും ജയിൽവാസം അനുഭവിച്ചു.

കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്‌സിസ്റ്റ്‌ നിലപാടെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പ്രായോഗികപ്രവർത്തനങ്ങളിലൂടെ ആർജിച്ച വിജ്ഞാനത്തിന്റെ അളവിനെക്കൂടിയാണത് കാണിക്കുന്നത്. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പടർന്നുപന്തലിച്ച സഹകരണമേഖലയിലും അതുകാണാം. കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിൽ ഒന്നായ കണ്ണൂർ കോ–ഓപ്പറേറ്റീവ് പ്രസ് സ്ഥാപിതമായത് പ്രധാനമായും അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിലും കമ്യൂണിസ്റ്റ് പ്രതിബദ്ധതയോടെ അഴീക്കോടൻ ഇടപെട്ടിരുന്നു.

തൊഴിലാളിവർഗ പാർടിക്ക് സ്വന്തമായുണ്ടാകേണ്ടുന്ന മാധ്യമത്തിന്റെ പ്രാധാന്യം ശരിയായി മനസ്സിലാക്കിയ നേതാവായിരുന്നു അഴീക്കോടൻ. അദ്ദേഹം 1969ൽ ദേശാഭിമാനി പ്രിന്റിങ്‌ ആൻഡ്‌ പബ്ലിഷിങ്‌ കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജനപത്രമാക്കുന്നതിന് നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ രക്ഷയ്ക്കായി ഇടതുപക്ഷ തുടർഭരണത്തിനുംവേണ്ടി തുടിച്ച ഹൃദയത്തിനുടമയായിരുന്നു അഴീക്കോടൻ രാഘവൻ. സഖാവിന്റെ ആ ജീവിതസ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പോരാട്ടം ശക്തമാക്കാനാണ് ഈ രക്തസാക്ഷിത്വദിനം നമ്മെ ജാഗ്രതപ്പെടുത്തുന്നത്

 

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.